സില്‍വര്‍ലൈന്‍ ഉയര്‍ത്തുന്ന ആശങ്കകള്‍, അഭിമുഖം: ഡോ. ആര്‍ വിജി മേനോന്‍

ഡോ ആർ വി ജി മേനോൻ/ ശാലിനി രഘുനന്ദനൻ 

വികസന പദ്ധതികള്‍ നാടിന് ആവശ്യം തന്നെയാണ്. പക്ഷെ അവ നടപ്പാക്കുമ്പോള്‍ നാടിനും ജനങ്ങള്‍ക്കും ആവശ്യമുള്ളതാണോ എന്നും ഗുണത്തേക്കാള്‍ ഏറെ ദോഷം ഉണ്ടാക്കുന്നവ ആണോ എന്നും നോക്കേണ്ടതുണ്ട്.ആവശ്യമായ പഠനവും, തയ്യാറെടുപ്പും ഇല്ലാതെ വന്‍കിട പദ്ധതികള്‍ ഏകപക്ഷീയമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അത് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുക. കേരളത്തില്‍ മുന്നണികള്‍ക്കതീതമായി സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വന്‍കിട വികസന പദ്ധതികളെക്കുറിച്ചുള്ള പൊതുവായൊരപവാദം നാടിന് ആവശ്യമുള്ളതാണോ എന്ന് പഠനം നടത്തിയല്ല പദ്ധതികള്‍ തീരുമാനിക്കുന്നത് എന്നതാണ്. പകരം ആദ്യംപദ്ധതി തയ്യാറാക്കുക പിന്നെ അതിനു വേണ്ട പഠനം നടത്തുകയാണ് പതിവ്.

ഇപ്പോള്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഏറെ ഉത്സാഹത്തോടെ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ സെമിസ്പീഡ് റെയില്‍വേ പദ്ധതി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാല്മണിക്കൂറില്‍ എത്തിച്ചേരാവുന്ന പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ മറുവശത്ത് നിരവധിയായ ആശങ്കകള്‍ ഉയരുന്നുണ്ട്. പാരിസ്ഥിതികമായും, സാമൂഹികമായും സാമ്പത്തികമായും അതിജീവനപരമായും കേരളത്തെ വരും കാലങ്ങളില്‍ എല്ലാം ദോഷകരമായി ബാധിച്ചേക്കുമെന്ന തരത്തില്‍ ഉള്ള ഈ പദ്ധതിയെക്കുറിച്ചുയരുന്ന ആശങ്കകളെ വികസന വിരുദ്ധത എന്ന ഒറ്റവാക്കുകൊണ്ട് തള്ളിക്കളയാവുന്നതല്ല. ധാര്‍ഷ്ട്യവും താന്‍ പ്രമാണിത്വവും കൊണ്ട് എതിരഭിപ്രായങ്ങളെ നേരിടുന്നതിന് പകരം ശാസ്ത്രീയമായ പഠനം നടത്തി അവ പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ അകറ്റേണ്ടതുണ്ട്. നടപ്പിലാക്കാന്‍ പോകുന്ന വന്‍കിട പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാനും അതിനെതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്.

വലിയ പലിശയ്ക്ക് കോടികള്‍ കടം വാങ്ങി നടപ്പിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരില്‍ സ്വന്തംവീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭയത്തില്‍ നില്‍ക്കുന്ന പട്ടിണി പാവങ്ങള്‍മാത്രമല്ല. കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത്പോലുള്ള സംഘടനകളുമുണ്ട്. ഡോ, ആര്‍ വി ജി മേനോനെ പോലെയുള്ള വിദഗ്ധര്‍ പദ്ധതിക്കെതിരെ ഉയര്‍ത്തുന്നത് അതിശക്തമായ വിമര്‍ശനമാണ്.

സില്‍വര്‍ ലൈന്‍പദ്ധതിയെക്കുറിച്ചും അതുയര്‍ത്തുന്ന ആശങ്കകളെക്കുറിച്ചുംഡോ ആര്‍ വി ജി മേനോന്‍സംസാരിക്കുന്നു.ശാലിനി രഘുനന്ദനന്‍ നടത്തിയ അഭിമുഖം

കേരളം പോലൊരു സംസ്ഥാനത്ത് റെയില്‍വേ ഗതാഗതത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നിരിക്കെ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പാത പോലുള്ള പദ്ധതികള്‍ക്ക നേരെ ഏതിര്‍പ്പുകള്‍ ഉയരുന്നതിന്റെ പ്രധാന കാരണം?

സ്ഥലമെടുപ്പ് ആവശ്യമായ പുതിയ പദ്ധതികള്‍ക്കെതിരെ എതിര്‍പ്പ് ആദ്യമുയരുക സാധാരണയായി സ്ഥലം നഷ്ടപ്പെടുന്നവരുടെ ഭാഗത്തുനിന്നാണ്. ഉടനടി പ്രതികരിക്കുന്ന മറ്റൊരു കൂട്ടര്‍ സ്ഥലമെടുപ്പിലെ സൗകര്യത്തിനുവേണ്ടി പുതിയ പാത ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുകൂടിയാണ് എന്നറിയുമ്പോള്‍ സ്വാഭാവികമായും അത് നെല്‍പ്പാടങ്ങളെ ഭീഷണിപ്പെടുത്തും എന്ന് ഊഹിച്ചുകൊണ്ട് അതിനെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികളായിരിക്കും. ശാസ്ത്രസാഹിത്യപരിഷത്ത് ആകട്ടെ കേരളത്തിന്റെ ഗതാഗത വികസനത്തെപ്പറ്റി ഗാഢമായി പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേരള റെയില്‍വേയുടെ വികസനത്തിന് ഈ പദ്ധതി ഗുണം ചെയ്യില്ല എന്നു മനസ്സിലാക്കിയാണ് അതിനെ എതിര്‍ക്കുന്നത്. ഈ പുതിയ പാത സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. നിലവിലുള്ളത് ബ്രോഡ് ഗേജിലാണ്. അതുകൊണ്ട് ഇപ്പോഴോടുന്ന വണ്ടികള്‍ക്കൊന്നും ഈ പാതയില്‍ കയറാന്‍ പറ്റില്ല. മുംബൈക്കും ബംഗളൂരിനും ചെന്നൈക്കും ഡല്‍ഹിക്കും മറ്റും ഓടുന്ന നമ്മുടെ ദീര്‍ഘദൂര എക്‌സ്‌പ്രെസ്സുകള്‍ക്കു ഈ പാത അപ്രാപ്യമായിരിക്കും. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേയ്ക്ക് രാത്രി ഓടുന്ന ഉറക്കവണ്ടികള്‍ക്കും ഇത് പറ്റില്ല. ഈ പാതയിലൂടെ കൊച്ചിയിലെ മെട്രോ പോലെ കുറേ അര്‍ദ്ധ അതിവേഗ വണ്ടികള്‍ അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കും. സ്റ്റോപ്പുകളും കുറവ്. അവയുടെ പല സ്റ്റേഷനുകളും നിലവിലുള്ള സ്റ്റേഷനുകള്‍ ആയിരിക്കില്ല. അതായത് നിലവിലുള്ള സംവിധാനത്തെ അവഗണിച്ചുകൊണ്ട് അതിനെ മെച്ചപ്പെടുത്താത്ത ഒരു പരിപാടിയാണ് ഇത്. ഇതാണോ നമ്മുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം?

ഈ പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ, ഏതു രീതിയില്‍ സ്വാധീനിക്കും?

പദ്ധതിക്കു കേന്ദ്ര സഹായം ഉണ്ടെങ്കിലും കേരളസര്‍ക്കാരും 4252 കോടി രൂപ മുതല്മുടക്കായും 13362 കോടി രൂപയോളം സ്ഥലമെടുക്കാനും 2869 കോടി രൂപ കടം തിരിച്ചടയ്ക്കാനുമായി മുടക്കേണ്ടതുണ്ട്. ഇത് കഠിനമായ ഭാരം തന്നെയാണ്. പദ്ധതിമൂലം ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച ഇത് തിരിച്ചടയ്ക്കാനുള്ള ശേഷി കൈവരുത്തും എന്നാണു നീതിമത്കരണം.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണം സംസ്ഥാനത്തെ പ്രദേശങ്ങള്‍ക്ക് ഭൗമശാസ്ത്രപരമായി, പാരിസ്ഥിതികമായി വരുത്താവുന്ന ദോഷങ്ങളെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ വന്നിട്ടുണ്ടോ?

പദ്ധതിയുടെ ഒരു പ്രാഥമിക പരിസ്ഥിതി ആഘാത പഠനം ലഭ്യമാണ്. പക്ഷെ അതില്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ ലഭ്യമല്ല. ഓരോ സ്ഥലത്തും സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രാദേശിക ആഘാതങ്ങളും വ്യക്തമല്ല. നിലവിലെ പാതയില്‍ നിന്ന് വേറിട്ട് പുതിയ പാതയും പുതിയ സ്റ്റേഷനുകളും വരുന്നതുകൊണ്ട് ഉണ്ടാകുന്ന ആഘാതങ്ങളും പഠിച്ചിട്ടില്ല. പുതിയ സ്ഥലങ്ങളില്‍ പുതിയ ആവാസകേന്ദ്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും വരും എന്നും സൂചിപ്പിക്കുന്നു. അതിന്റെ ആഘാതങ്ങളും വ്യക്തമല്ല.

കൃത്യമായ പഠനം നടത്തി പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ അതിന് ബദലായി നമ്മുടെ ഗതാഗത മേഖലയെ ഉത്തേജിപ്പിക്കാന്‍ പരിഗണിക്കാവുന്ന മറ്റ് പദ്ധതികള്‍?

കേരളത്തിലെ റെയില്‍വേയുടെ നവീകരണം അത്യന്തം ആവശ്യമാണ് എന്നതില്‍ സംശയമില്ല. അതില്‍ ഏറ്റവും പ്രധാനം തിരുവനന്തപുരം എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ ആണ്. അത് അക്ഷന്തവ്യമായ വിധം ഇഴഞ്ഞു നീങ്ങുകയാണ്. അത് അതിവേഗം പൂര്‍ത്തീകരിക്കണം. അതോടൊപ്പം സിഗ്‌നലിംഗ് സംവിധാനം ആധുനികീകരിക്കുകയും വേണം. ഇത്രയും ചെയ്താല്‍ തന്നെ നമ്മുടെ മിക്ക പ്രശ്നങ്ങളൂം പരിഹരിക്കാം. എന്നിട്ടും നമ്മുടെ പാതയിലെ വണ്ടിപ്പെരുക്കം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എങ്കില്‍ പുതുക്കിയ പാത ഇടുന്നതു ആലോചിക്കണം. ഇപ്പോള്‍ തന്നെ എറണാകുളം ഷൊറണൂര്‍ ലൈനില്‍ പുതിയ രണ്ടു പാതകള്‍ ഇടാന്‍ നിര്‍ദേശം ഉണ്ടെന്നുമനസ്സിലാക്കുന്നു. ഇത് മുന്‍ഗണന കൊടുത്ത് നടപ്പാക്കണം. ഇതും ബ്രോഡ് ഗേജ് ആയിരിക്കണം എന്ന് വ്യക്തമാണല്ലോ. വേണ്ടിവന്നാല്‍ എറണാകുളം തിരുവനന്തപുരവും എറണാകുളം കോഴിക്കോടും ഇത്തരത്തില്‍ നാലുവരി പാത ആക്കാം. അവയും ബ്രോഡ് ഗേജ് ആയാല്‍ മാത്രമേ നിലവിലുള്ള പാതയിലെ തിരക്ക് കുറയൂ എന്ന് വ്യക്തമാണല്ലോ. പക്ഷെ അവ ഇടുമ്പോള്‍ അവ അര്‍ദ്ധ അതിവേഗ വണ്ടികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ബലം കൂടിയവ ആയിരിക്കണം. ഇത്തരത്തില്‍ ബ്രോഡ് ഗേജില്‍ അര്‍ദ്ധ അതിവേഗ (200 കി.മീ./മണിക്കൂര്‍) പാതകള്‍ ആക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണം. എങ്കില്‍ നമ്മുടെ ദീര്‍ഘദൂര ട്രെയിനുകള്‍ക്കും അവ പ്രയോജനപ്പെടും.

കേരളത്തില്‍ നിലവിലുള്ള ഗതാഗത സംവിധാനത്തിന്റെ, പ്രധാനമായും റെയില്‍വെ ഗതാഗതത്തിന്റെ അപര്യാപ്തതകള്‍ എന്തെല്ലാം?

ഏറെ നാളായി അവ അവഗണിക്കപ്പെടുന്നു. പാത ഇരട്ടിപ്പിക്കല്‍ ഇഴഞ്ഞു നീങ്ങുന്നു. അതില്‍ റെയില്‍വേക്കാര്‍ കുറ്റം പറയുന്നത് സംസ്ഥാന സര്‍ക്കാരിനെ ആണ്. സ്ഥലം എടുത്തു കൊടുക്കുന്നില്ല. ഇക്കാര്യത്തില്‍ മുന്‍ ഗണന വേണം. സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. അത് വേഗം കൊടുക്കുകയും ചെയ്യണം.

നിലവില്‍ പദ്ധതിയുടെ ഗുണങ്ങളായി പറയുന്നത് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ 4 മണിക്കൂറില്‍ എത്തിച്ചേരാം, അത് ടൂറിസം സാധ്യതകളെയും വര്‍ധിപ്പിക്കും എന്നതാണ്. അതേക്കുറിച്ച്?

കണ്ണൂര് നിന്നും തിരുവന്തപുരത്തു നാല് മണിക്കൂറില്‍ എത്താന്‍ കഴിയാത്തതാണ് കേരളത്തിലെ പ്രധാന യാത്ര പ്രശ്‌നം എന്ന് അധികമാരും കരുതുന്നില്ല. നിലവിലുള്ള ട്രെയിനുകളുടെ അപര്യാപ്തത. കൂടുതല്‍ വണ്ടി വേണം. അവ കുറച്ചുകൂടി വേഗത്തില്‍ പോകണം. അവ ലോകത്തിലെ അതിവേഗ വണ്ടികള്‍ ആകണമെന്നൊന്നും സാധാരണ റെയില്‍ യാത്രക്കാര്‍ക്ക് ആഗ്രഹമില്ല. തിരുവനന്തപുരം – എറണാകുളം മൂന്നര മണിക്കൂര്‍, എറണാകുളം- കോഴിക്കോട് മൂന്നര മണിക്കൂര്‍, കോഴിക്കോട് – കണ്ണൂര്‍ ഒരു മണിക്കൂര്‍, ഇത്രയും മതി സാധാരണക്കാര്‍ക്ക്. പിന്നെ ടൂറിസ്റ്റുകള്‍ ഇവിടെ വരുന്നത് അതിവേഗ വണ്ടി കാണാനൊന്നും അല്ലല്ലോ. അവര്‍ക്കു വൃത്തിയും വെടിപ്പുമുള്ള വണ്ടികള്‍, സാധാരണ വേഗം ഇത്രയൂം മതിയാകും.കേരളത്തിലെ ഗതാഗത സംവിധാനങ്ങളുടെ നിര്‍മ്മാണങ്ങളും, പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പഠനങ്ങളക്കുറിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.പദ്ധതിയുടെ പ്രധാന വശങ്ങളെപ്പറ്റി ജനങ്ങളുമായി ചര്‍ച്ച ചെയ്യാത്തത് കൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്.

താങ്കളെ പോലുള്ള വിദഗ്ദരും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും മുന്നറിയിപ്പ് നല്കിയിട്ടും പുതിയ ഇടത് മുന്നണി സര്‍ക്കാര്‍ ഇതിന് മുന്തിയ പരിഗണന കൊടുക്കുന്നു. എന്തായിരിക്കും കാരണം?

കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു പക്ഷെ ഏതെങ്കിലും വിദഗ്ധര്‍ ഉപദേശിച്ചത് ആകാം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണെങ്കില്‍ ജപ്പാന്‍ സഹായം എളുപ്പത്തില്‍ കിട്ടും എന്നതും ആകാം.എന്ത് തന്നെയായായാലും വിശദമായ ചര്‍ച്ചകള്‍ ഈ പദ്ധതിയെക്കുറിച്ചു നടക്കേണ്ടതുണ്ട്. അവ വസ്തുനിഷ്ഠവും ആധികാരികവും ആയിരിക്കണം. കുറെ മനുഷ്യരെ പാരിസ്ഥിതിക ദുരന്തങ്ങളുടെ ഇരകളും കിടപ്പാടം നഷ്ടപ്പെട്ടവരും ആക്കുന്നതാകരുത് ഈ പദ്ധതി.

കടം വാങ്ങി ഇത് നടപ്പിലാക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്? ഇതൊരു വെള്ളാനയാണോ എന്നെല്ലാം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം?

കേരളത്തിന്റെ വികസനത്തിന് ഉതകും എന്ന ലളിതമായ ചിന്ത ആയിരിക്കാം മൂല കാരണം. എന്നാല്‍ ഇത്രയും പണം കടം വാങ്ങിയും പാരിസ്ഥിതികവും സാമൂഹികവും അതിജീവനപരവുമായ വെല്ലുവിളികളെ കാണാതെയും ഇത് നടപ്പിലാക്കുമ്പോള്‍ വെള്ളാന എന്ന് തന്നെ വിളിക്കേണ്ടി വരും. കൊച്ചി മെട്രോ പോലെ നഷ്ടത്തിലായ നിരവധി പദ്ധതികള്‍ നാട്ടിലുണ്ട്. ഇതും ഭാവിയില്‍ അങ്ങനെയാകാന്‍ ആണ് സാധ്യത.


ഇതിനായി പാറയും മണലുമെടുക്കുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയും ചെയ്യുമ്പോള്‍ അത് പ്രളയങ്ങള്‍ക്കും ഉരുള്‍ പൊട്ടലുകള്‍ക്കും ആക്കം കൂട്ടില്ലേ?
പശ്ചിമ ഘട്ടത്തിലെ പറയും മണ്ണും കൊണ്ട് വന്നാണല്ലോ ഇതില്‍ പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിക്കുകയും ചതുപ്പുകളും നികത്തിയെടുക്കുകയും ചെയ്യുക.തീര്‍ച്ചയായും ആ പ്രശ്‌നം ഗൗരവമായി പരിഗണിക്കണം. പാറ പൊട്ടിക്കലും മണല്‍ വാരലും നിയമവിധേയമായി മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കണം.യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണീ പദ്ധതി? ഉദ്ദേശിച്ചിട്ടുള്ളത് ജനങ്ങള്‍ക്ക് വേണ്ടി എന്ന് തന്നെയായിരിക്കും. പക്ഷെ അതിന്റെ ഭവിഷ്യത്തുകള്‍ വേണ്ട വിധത്തില്‍ പഠിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ദോഷം ചെയ്യും.ജനങ്ങള്‍ക്ക് വേണ്ടാത്ത നിരവധി പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്.
 
എന്ത് കൊണ്ടാണ് ഇതിനെതിരെ ഒരു ബഹുജന പ്രസ്ഥാനം ഉയര്‍ന്നു വരാത്തത്?

തത്കാലം സ്ഥലം നഷ്ടപ്പെടുന്നവരും നെല്‍പ്പാടം നികത്തുന്നതില്‍ ഉത്കണ്ഠ ഉള്ളവരും മാത്രമേ കാര്യമായി എതിര്‍ക്കൂ. മറ്റുളളവര്‍ അറിഞ്ഞു വരുമ്പോഴേക്കും ദോഷം സംഭവിച്ചുകഴിഞ്ഞിരിക്കും.ജനകീയ ശാസ്ത്ര പ്രസ്ഥാനവും പരിസ്ഥിതി പ്രവര്‍ത്തകരും മനുഷ്യവകാശക്കാരും വിദഗ്ദര്ക്കും എല്ലാം ജനപക്ഷത്ത് നിന്നുകൊണ്ട് ഇതിനു പിന്നിലെ അജണ്ടകള്‍ തുറന്നു കാട്ടണം. ബഹുജന പ്രസ്ഥാനത്തിന് മാത്രമേ സര്‍ക്കാരുകളെ തിരുത്താനാകൂ.