രോഗികള്‍ക്കുവേണ്ടിയും വേണം ഒരു ഓര്‍ഡിനന്‍സ്

Hard cases make bad law- എന്നത് നിയമനിര്‍മാണത്തില്‍ തിരിച്ചും മറിച്ചും വ്യാഖ്യാനിക്കാവുന്ന തത്ത്വമാണ്. ചികിത്സയ്‌ക്കെത്തിച്ച രോഗിയുടെ ആക്രമണത്തില്‍ യുവഡോക്ടര്‍ക്കുണ്ടായ ദാരുണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി നേടിയെടുത്ത നിയമം ഈ തത്ത്വത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. സാവധാനത്തിലും അവധാനതയോടെയും നിര്‍മിക്കപ്പെടേണ്ടതാണ് നിയമം. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്‍ നിര്‍ദിഷ്ട സഭാസമിതിയുടെ പരിശോധനയ്ക്കുശേഷം മൂന്നു വായന പൂര്‍ത്തിയാക്കിയാണ് നിയമമാകുന്നത്. ഇതിനിടയില്‍ ചര്‍ച്ചയും ഭേദഗതികളിമേല്‍ വോട്ടെടുപ്പും നടക്കും. ബില്‍ പാസായതിനുശേഷം ഗവര്‍ണറുടെ പരിശോധനയും ചിലപ്പോള്‍ കോടതിയുടെ പരിശോധനയും നടക്കും. ഇത്തരം വൈതരണിയൊന്നും കൂടാതെ ഗവര്‍ണറുടെ നിയനിര്‍മാണാധികാരം പ്രയോഗിച്ച് നിര്‍മിക്കുന്ന നിയമമാണ് ഓര്‍ഡിനന്‍സ്.

2012ലെ ആരോഗ്യപ്രവര്‍ത്തക സംരക്ഷണ നിയമം നിലനില്‍ക്കെത്തന്നെയാണ് ഡോ. വന്ദന ആക്രമിക്കപ്പെട്ടത്. വന്ദനയ്ക്കുശേഷവും ആക്രമണങ്ങളുണ്ടായി. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും എതിരെ പ്രതിവര്‍ഷം ശരാശരി 80 ആക്രമണക്കേസുകള്‍ ഉണ്ടാകുന്നു എന്നാണ് കണക്ക്. വിചാരണ നടന്ന 82 കേസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കുന്നതിനുവേണ്ടി ശിക്ഷയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ല. ആശുപത്രിയുടെയും ഡോക്ടറുടെയും ഖ്യാതിക്കുവേണ്ടി രോഗശാന്തിയുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോ മരണനിരക്ക് കുറയ്ക്കുന്നതിനോ കഴിയാത്തതുപോലെയാണത്. തെളിവും നിയമവും ഒത്തുവരുമ്പോഴാണ് ശിക്ഷയുണ്ടാകുന്നത്. വൈകാരികമായി എഴുതപ്പെടുന്നത് അപ്പീലില്‍ തിരുത്തപ്പെടും.

ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ആരോഗ്യപ്രവര്‍ത്തക സംരക്ഷണ ഓര്‍ഡിനന്‍സില്‍ വരുത്തിയിരിക്കുന്ന മാറ്റം. 2012ലെ നിയമത്തില്‍ നാല് ഭേദഗതികളാണ് ഓര്‍ഡിനന്‍സ്‌വഴി വരുത്തിയിരിക്കുന്നത്. ആശുപത്രികളെ തടങ്കല്‍പാളയങ്ങള്‍ക്കു സമാനമായ സംരക്ഷണവലയത്തിലാക്കിയതുകൊണ്ടോ ശബ്ദിക്കുന്നവരെ ശിക്ഷിക്കാന്‍ വ്യവസ്ഥയുള്ളതുകൊണ്ടോ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും കരുതുന്നുണ്ടെങ്കില്‍ വിശ്വാസം അവരെ രക്ഷിക്കട്ടെ എന്നു മാത്രമേ പറയാന്‍ കഴിയൂ.

കഠിനമായ നിയമവ്യവസ്ഥകള്‍ക്ക് വന്ദനയുടെ സ്മരണയെ മുന്‍നിര്‍ത്തി സമൂഹത്തിന്റെ അംഗീകാരമുണ്ടാകും. ഡോക്ടര്‍മാര്‍ക്കൊപ്പം സമൂഹവും അതാവശ്യപ്പെടുന്നുണ്ട്. പക്ഷേ ഭരണഘടനാപരമായി അത് ശരിയാകണമെന്നില്ല. കടുത്ത പ്രതിസന്ധിയിലും സംഘര്‍ഷത്തിലുമാണ് ബന്ധുക്കള്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നത്. ആ അവസ്ഥയിലൂടെ കടന്നുപോയതിന്റെ തിക്താനുഭവത്തിലാണ് ഇങ്ങനെ എഴുതുന്നത്. സമാനമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. രോഗാവസ്ഥയെക്കുറിച്ചും സ്വീകരിക്കുന്ന ചികിത്സയുടെ അനിവാര്യതയെക്കുറിച്ചും അറിയുന്നതിനുള്ള അവകാശം രോഗിയുടെ ബന്ധുവിനുണ്ട്. അത് രോഗിയുടെതന്നെ അവകാശമാണ്. കേവലമായ അവകാശമല്ല, അത് രോഗിയുടെ മൗലികാവകാശമാണ്. കൈയക്ഷരത്തിലെന്നപോലെ കമ്യൂണിക്കേഷനിലും ഡോക്ടര്‍മാര്‍ പൊതുവെ പിന്നാക്കമാണ്. ദുര്‍ഗ്രഹത കൂടും. ഭൂമിയിലെ മാലാഖ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും നഴ്‌സുമാരുടെ സമീപനവും തൃപ്തികരമല്ല. അധികൃതര്‍ അവരോടു ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കാം അവരുടെ രോഗികളോടുള്ള സമീപനത്തില്‍ കാണുന്നത്. കാവല്‍ക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ നിരവധി പേരുടെ ദയാരഹിതമായ പെരുമാറ്റം ആശുപത്രിവാസത്തെ ദുസ്സഹമാക്കുന്നു. അപ്പോള്‍ ഒരു പൊട്ടിത്തെറിയുണ്ടാകും. ഒരു പൊട്ടിത്തെറിയില്‍ ചിലപ്പോള്‍ അവശ്യം വേണ്ടതായ സംഘര്‍ഷലഘൂകരണം ഉണ്ടായെന്നിരിക്കും. സ്വാഭാവികമായ പ്രതികരണങ്ങളെ വിലക്കി നിയമത്തെ എല്ലാ അനാശാസ്യതകള്‍ക്കുമുള്ള കവചമാക്കരുത്. ജീവനോടെ കൊണ്ടുവരുന്നയാളെ പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വരുന്നവരുടെ മാനസികാവസ്ഥ നോര്‍മലാവില്ല. അവരോട് സോറി എന്ന ഒരു വാക്ക് പറയുന്നതിന്, സമാശ്വസിപ്പിക്കുന്നതിന്, എന്തെങ്കിലും സംവിധാനം ഏതെങ്കിലും ആശുപത്രിയിലുണ്ടോ? മൃതദേഹം തടഞ്ഞുവച്ച് ബില്‍ത്തുക ഈടാക്കുന്നതിനു മാത്രമാണ് ആ ഘട്ടത്തില്‍ സംവിധാനമുള്ളത്.

ഓരോ സന്ദര്‍ഭത്തിലും ഓരോ വിഭാഗത്തിനും പ്രത്യേകമായ നിയമം ഉണ്ടാക്കണമെന്ന ശാഠ്യം ശരിയല്ല. എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ നിയമമാണ് 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം. മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അതില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. സൈബര്‍ കുറ്റങ്ങള്‍ മെക്കാളെയുടെ കാലത്തില്ലായിരുന്നു. അതുകൊണ്ട് അതിനായി നമ്മള്‍ നിയമം ഉണ്ടാക്കി. ദേഹോപദ്രവം മുതല്‍ കൊലപാതകം വരെ മനുഷ്യന് സഹജമായ കുറ്റകൃത്യങ്ങള്‍ അന്നും ഇന്നും ഒരുപോലെ നിലനില്‍ക്കുന്നു. അവ കൈകാര്യം ചെയ്യുന്നതിന് മെക്കാളെയുടെ ഐപിസി മതിയാകും.

ശിക്ഷയുടെ കാഠിന്യം നോക്കിയല്ല കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതും ഉണ്ടാകാതിരിക്കുന്നതും. ഞാന്‍ ഇന്നുവരെ ആരെയും കൊന്നിട്ടില്ലാത്തത് ഐപിസിയില്‍ 302 എന്ന വകുപ്പുള്ളതുകൊണ്ടല്ല. കൊല ചെയ്യാന്‍ ഉദ്ദേശിക്കുന്നവന്‍ ഐപിസി വായിച്ചിരിക്കുന്നത് നല്ലതാണ്. കോടതിയില്‍ നല്ല നിലയില്‍ പ്രതിരോധം സൃഷ്ടിക്കാം. മക്‌നാട്ടന്‍ തത്ത്വം അറിഞ്ഞിരുന്നാല്‍ മാനസികവിഭ്രാന്തി എന്ന കവചം സൃഷ്ടിക്കാന്‍ വന്ദനയുടെ ഘാതകന് കഴിയും. പ്രത്യേകമായ സംരക്ഷണനിയമം ഉണ്ടെങ്കിലും അയാള്‍ വിചാരണ ചെയ്യപ്പെടുന്നത് ഐപിസിയും സിആര്‍പിസിയും അടിസ്ഥാനമാക്കിയാണ്. നിയമത്തിന്റെ അഭാവമല്ല പൊലീസിന്റെ മനോഭാവമാണ് വന്ദനയുടെ ദാരുണമായ മരണത്തിന് കാരണമായത്. ആദ്യത്തെ കുത്ത് സംഭവിക്കാം; ആവര്‍ത്തിച്ചുള്ള കുത്ത് അടുത്തുനില്‍ക്കുന്നവരുടെ വീഴ്ചയാണ്. ഇത്തരം ചില കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നിരിക്കേ രോഗിയുടെ നിശ്ശബ്ദതയിലും നിഷ്‌ക്രിയതയിലും ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ഓര്‍ഡിനന്‍സ് നിയമസഭയിലെത്തുമ്പോള്‍ പുനര്‍വിചിന്തനത്തിന് വിഷയമാകണം.