ഇനി ബ്രിട്ടനില്‍ ചാള്‍സിന്റെ കാലം

രാജ്ഞി കാലം ചെയ്തു; രാജാവ് നീണാള്‍ വാഴട്ടെ എന്നതാണ് രാജാവോ രാജ്ഞിയോ നാടുനീങ്ങുമ്പോള്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്നു കേള്‍ക്കുന്ന വിളംബരം. രാജവാഴ്ചയുടെ നൈരന്തര്യത്തെ പ്രഖ്യാപിക്കുന്ന വിളംബരമാണിത്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണകാലമായിരുന്നു തൊണ്ണൂറ്റിയാറാമത്തെ വയസില്‍ അന്തരിച്ചപ്പോള്‍ ഭരണത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം എലിസബത്തിന്‍േറത്. വിപ്‌ളവം നടക്കുമ്പോള്‍ ഫ്രാന്‍സില്‍ ചക്രവര്‍ത്തിയായിരുന്ന ലൂയി പതിനാറാമന്റെ 72 വര്‍ഷത്തെ ഭരണറിക്കോര്‍ഡ് ഭേദിക്കാന്‍ എലിസബത്തിനായില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുമ്പോള്‍ രാജാവായിരുന്ന ജോര്‍ജ് ആറാമന്റെ മകളെന്ന നിലയില്‍ 1952ല്‍ സ്ഥാനാരോഹണംചെയ്ത എലിസബത്തിന്റെ മകന്‍ ചാള്‍സ് മൂന്നാമന്‍ എന്ന പേരില്‍ രാജാവാകുമ്പോള്‍ ഹാരി വരെ അഞ്ച് പിന്‍മുറക്കാര്‍ തുടരവകാശികളായി രംഗത്തുണ്ട്.

ഇപ്രകാരം ഭരണത്തില്‍ നിശ്ചയിക്കപ്പെട്ട പിന്തുടര്‍ച്ചയുള്ളതിനാലാണ് ബ്രിട്ടന്‍ ജനാധിപത്യരാജ്യമാണെങ്കിലും റിപ്പബ്‌ളിക് അല്ലാതിരിക്കുന്നത്.
അസ്തമനം കണ്ടുതുടങ്ങിയ സാമ്രാജ്യത്തിന്റെ അധിപയെന്ന നിലയിലാണ് ഇരുപത്തിയാറാമത്തെ വയസില്‍ എലിസബത്ത് ചെങ്കോലും കിരീടവും ഏറ്റുവാങ്ങിയത്. സാമ്രാജ്യം ലിക്വിഡേറ്റ് ചെയ്യപ്പെട്ടപ്പോഴും സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച കോമണ്‍വെല്‍ത്തിന്റെ അധിപയായി അവര്‍ തുടര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെ 240 കോടി ജനങ്ങള്‍ അധിവസിക്കുന്ന 54 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്തിലുള്ളത്.

രാജാവിന്റെ അല്ലെങ്കില്‍ രാജ്ഞിയുടെ പേരിലാണ് ബ്രിട്ടീഷ് ചരിത്രം അടയാളപ്പെടുത്തുന്നത്. ദ് ഗ്രേറ്റ് എന്ന വിശേഷണം ലഭിച്ചിട്ടുള്ളത് ആദ്യത്തെ എലിസബത്ത് രാജ്ഞിക്കാണ്. അത് ഷേക്‌സ്പിയറുടെ കാലമായിരുന്നു. രണ്ടാമത്തെ എലിസബത്തിനും ബ്രിട്ടീഷ് ചരിത്രത്തില്‍ പ്രമുഖമായ സ്ഥാനമുണ്ട്. ചാള്‍സ് മൂന്നാമന്‍ എന്ന പേരിലാണ് എലിസബത്തിന്റെ മകന്‍ രാജാവായിരിക്കുന്നത്. പാര്‍ലമെന്റുമായി ഏറ്റുമുട്ടി ഏകാധിപതിയെ നിലയില്‍ വധിക്കപ്പെട്ടരാജാവായിരുന്നു ചാള്‍സ് ഒന്നാമന്‍. അദ്ദേഹത്തെ പിന്തുടര്‍ന്ന്് പുത്രന്‍ ചാള്‍സ് രണ്ടാമന്‍ രാജാവായി. രാജഭരണം പുനഃസ്ഥാപിതമായതിനൊപ്പം പാര്‍ലമെന്റ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പാര്‍ലമെന്റിനും ഭരണഘടനയ്ക്കും വിധേയമായി പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കു രാജാവാണ് ബ്രിട്ടനിലുള്ളത്.

മാഗ്ന കാര്‍ട്ടാ ഒപ്പിട്ടത് ജോണ്‍ രാജാവാണെങ്കിലും ആ പേരില്‍ വേറൊരു രാജാവുണ്ടായിയില്ല. സിംഹാസനത്തിന്റെ അധികാരവും ആഡംബരവും ഉപേക്ഷിച്ചവരുണ്ട്. അക്കൂട്ടത്തില്‍ പ്രധാനിയാണ് എഡ്‌വേഡ് എട്ടാമന്‍. അമേരിക്കന്‍ യുവതിയുമായുള്ള പ്രണയം സഥലമാകുന്നതിന് രാജപദവി തടസമായപ്പോള്‍ അതുപേക്ഷിച്ചയാളാണ് എഡ്‌വേഡ്. ബ്രിട്ടനില്‍ ഔദ്യോഗികമതമായ ആംഗ്‌ളിക്കന്‍ സഭയില്‍പ്പെട്ട ആളായിരിക്കണം രാജാവ് എന്ന് നിര്‍ബന്ധമുണ്ട്. കാമുകി കത്തോലിക്കാ സഭയില്‍പ്പെട്ട ആളാണെതായിരുന്നു എഡ്‌വേഡിന്റെ പ്രണയസാഫല്യത്തിന് തടസമായത്

ഹൃദയത്തിന് അതിന്‍േറതായ കാരണങ്ങളുണ്ട് എന്നതാണ് സ്ഥാനത്യാഗത്തിനുശേഷം എഡ്‌വേഡ് എഴുതിയ ആത്മകഥയുടെ പേര്.
ഒരിക്കല്‍ രാജപത്‌നിയാകുതിനുള്ള സാധ്യത നിരാകരിച്ചുകൊണ്ടാണ് കൊട്ടാരം വിട്ട ഡയാന കാമുകനുമൊത്ത് ദുരന്തത്തിലേക്ക് യാത്രയായത്. ഇത്തരത്തില്‍ ആശാസ്യമായതും അല്ലാത്തതുമായ നിരവധി സംഭവങ്ങളാല്‍ സമ്പന്നമാണ് ബ്രിട്ടീഷ് രാജവംശത്തിന്റെ പൊലിമയുള്ള ചരിത്രം.

രാജാവ് നമുക്ക് പഴങ്കഥയാണ്. അറുനൂറോളം രാജാക്കന്മാരെ സ്ഥാനത്യാഗം ചെയ്യിച്ചുകൊണ്ടാണ് നമ്മള്‍ റിപ്പബ്‌ളിക്കായി മാറിയത്. വേണമെങ്കില്‍ നമുക്ക് ജവാഹര്‍ലാല്‍ നെഹ്‌റുവിനെ രാജാവാക്കാമായിരുന്നു. പക്ഷേ നമ്മള്‍ പാര്‍ലമെന്റി ജനാധിപത്യവും റിപ്പബ്‌ളിക്കന്‍ ഭരണസംവിധാനവുമാണ് സ്വീകരിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും നിലവിലുള്ള വ്യവസ്ഥകളുടെ സമന്വയമായിരുന്നു അത്. രാജാവിനെ നമ്മള്‍ സ്മരിക്കുന്നത് ഒരിടത്തൊരു രാജാവുണ്ടായിരുന്നു എന്ന ആമുഖത്തോടെ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുമ്പോഴാണ്. രാജാവിനെ നേരില്‍ കാണണമെങ്കില്‍ മറ്റിടങ്ങളിലേക്ക് പോകണം. ഭരണഘടനാദിനമായ മേയ് 17ന് ഓസ്‌ലോയിലെ കൊട്ടാരത്തിനുമുന്നില്‍ പരമ്പരാഗതവേഷങ്ങള്‍ ധരിച്ച് ജനങ്ങള്‍ തിങ്ങിക്കൂടി രാജാവിന് അഭിവാദ്യമര്‍പ്പിക്കുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്.

ലോകത്തിലെ ഒന്നാം നമ്പര്‍ ഡമോക്രസിയാണ് നോര്‍വേയിലേത് എന്നോര്‍ക്കണം. ആതന്‍സില്‍ സെപ്റ്റംബര്‍ മൂന്നിന് ജനങ്ങള്‍ അഭിവാദ്യവുമായി സമ്മേളിക്കുന്നത് പ്രസിഡന്റിന്റെ വസതിയുടെ മുന്നിലാണ്. ജപ്പാനിലും തായ്‌ലന്‍ഡിലും ദീര്‍ഘകാലചരിത്രമുള്ള രാജവാഴ്ചയുണ്ട്. രാജാവിനെ ഗളഹസ്തം ചെയ്ത് റിപ്പബ്‌ളിക്കന്‍ മാര്‍ഗം സ്വീകരിച്ച രാജ്യമാണ് നേപ്പാള്‍.

വൈരുധ്യങ്ങളുടെ പ്രതിഫലനവും പ്രതിരോധവും ബ്രിട്ടനിലെ രാജവംശചരിത്രത്തിന്റെ ഭാഗമാണ്. ജനങ്ങളില്‍ നിന്ന് അകന്നുകഴിയുമ്പോഴും ജനങ്ങളെ സ്വാധീനിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള പ്രാപ്തി ബെക്കിങ്ഹാം കൊട്ടാരത്തിനുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന് കൊട്ടാരം നല്‍കിയ നിസ്സീമമായ പിന്തുണയും യുദ്ധമുണിയില്‍ രാജാവ് നടത്തിയ സന്ദര്‍ശനങ്ങളും ബ്രിട്ടന്റെ ആത്മവീര്യം ഉണര്‍ത്തുതിന് സഹായകമായി. അപ്രകാരം ജനങ്ങളിലേക്ക് ഇറങ്ങുന്നതിന് പ്രാപ്തിയുള്ള ആളാണ് ചാള്‍സ് രാജാവ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ മുംബൈയിലെ ബൃഹത്തും വിസ്മയകരവുമായ ഉച്ചഭക്ഷണവിതരണശൃംഖലയുടെ കണ്ണികളായ ഡബ്ബാവാലകളാണെത് അത്ര നിസാരകാര്യമല്ല. ഇന്ത്യയിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ചാള്‍സ് സമയം കണ്ടെത്തി.