മൗലികാവകാശങ്ങള്‍: അവകാശങ്ങളെ ഉത്തരവാദിത്വങ്ങളുമായി ചേര്‍ക്കുന്ന മോദി രാഷ്ട്രീയം

കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി നടത്തിയ ഒരു പ്രസംഗം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28-ാം സ്ഥാപക ദിനത്തില്‍ സ്വാഭാവികമായും പ്രധാനമന്ത്രി സംസാരിച്ചത് മനുഷ്യവകാശത്തെ കുറിച്ച് കൂടിയായിരുന്നു. എന്നാല്‍ അതു മാത്രമായിരുന്നില്ല. അവകാശങ്ങള്‍ ഉത്തരവാദിത്വങ്ങളോടൊപ്പം ചേര്‍ന്നു പോകുന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ നിലപാട് പ്രധാനമന്ത്രി ആദ്യം പറയുന്നതല്ല. നേരത്തെയും പല തവണ മനുഷ്യാവകാശങ്ങളെ അവകാശ നിര്‍വഹണവുമായി ചേര്‍ത്ത് നിര്‍ത്തി പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. മറ്റ് മന്ത്രിമാരും ഇതേ നിലപാടുകാരാണ്. ബിജെപിയില്‍ മാത്രമല്ല, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളിലും ഇത്തരം നിലപാടുകാരുണ്ട്. നേരത്തെ സുപ്രീംകോടതിയും ഇത്തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

‘മനുഷ്യാവകാശങ്ങള്‍ എന്നത് അവകാശങ്ങളെ കുറിച്ച് മാത്രമാകരുത്. അത് ഉത്തരവാദിത്വ നിര്‍വഹണവുമായി ചേര്‍ന്ന് പോകുന്നതാണ്’ ഇതായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. വ്യക്തികളുടെ അവകാശങ്ങള്‍ പ്രധാനമായിരിക്കുമ്പോഴും ഇന്ത്യയുടെ പാരമ്പര്യമെന്നത് വ്യക്തികളുടെ ഉത്തരവാദിത്വത്തെ കുറിച്ചാണ് പറയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം മറ്റൊരു അവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് വ്യക്തികള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവകാശങ്ങള്‍ സ്വാഭാവികമായി നിര്‍വഹിക്കപ്പെടുമെന്നായിരുന്നു. വ്യക്തികള്‍ എത്ര സത്യസന്ധരായി തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുവോ അതെ അളവില്‍ അവരുടെ അവകാശങ്ങള്‍ നിര്‍വഹിക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതായത് വ്യക്തികളുടെ അവകാശങ്ങളെ അദ്ദേഹത്തിന് ഏല്‍പ്പിച്ചിട്ടുള്ള ഉത്തരവാദിത്വവുമായി ബന്ധപ്പെടുത്തിയാണ് പ്രധാനമന്ത്രി നിര്‍വചിക്കുന്നതെന്ന് അര്‍ത്ഥം.

മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ പ്രേരിതമായാണ് നിര്‍വചിക്കപ്പെടുന്നതെന്നാണ് പ്രധാനമന്ത്രിയുടെ മറ്റൊരു നിരീക്ഷണം. ചില പ്രത്യേക സമയങ്ങളില്‍ മനുഷ്യാവകാശങ്ങളെ കുറിച്ചുളള വലിയ പ്രതിഷേധം തെറ്റാണെന്നും അത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും പ്രധാനമന്ത്രി പറയുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ, രാജ്യത്തിന്റെ സുരക്ഷയെന്നത് എല്ലാ സര്‍ക്കാരുകളും തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് കൂടിയായി ഉപയോഗിക്കുന്നതാണ്. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആളല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാഗാന്ധിയുടെ കാലത്തു തുടങ്ങി എല്ലാ സര്‍ക്കാരുകളും ഇത് ആവശ്യാനുസരണം ഇതു കൂടുതലായി പ്രയോഗിക്കപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടുവെന്ന ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ധാരണ മാറ്റാന്‍ ഇന്ദിരാ ഗാന്ധി മറ്റ് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.

അവകാശങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന പ്രധാനമന്ത്രി ഉത്തരവാദിത്വ നിര്‍വഹണത്തിലെ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ പോലെ ഭരണകൂടം അങ്ങേയറ്റം ശക്തമായ, അവര്‍ക്ക് പൗരന്റെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ അധികാരപ്രയോഗം സാദ്ധ്യമായ സംവിധാനത്തില്‍ നിന്നാണ് പൗരന്റെ അവകാശങ്ങളെ അദ്ദേഹത്തില്‍ കര്‍പ്പിതമായ ഉത്തരവാദിത്വമായി അവതരിപ്പിക്കുന്നത്.

ഭരണകൂടത്തെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരമെന്നതും അസമില്‍ കുടിയിറക്കപ്പെടുന്ന മുസ്ലിങ്ങള്‍ നടത്തുന്ന ചെറിയ ചെറുത്തുനില്‍പ്പുകളും എല്ലാം പൗരന്മാരെന്ന നിലയില്‍ ഭരണകൂടത്തെ അനുസരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ഉത്തരാവാദിത്വമില്ലായ്മയാണ്. അവര്‍ക്ക് അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശങ്ങള്‍ ലഭ്യമാക്കേണ്ടതില്ല. എന്നുമാത്രമല്ല അവര്‍ക്കെതിരായ ഏത് നടപടിയും ഈയൊരു സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ സാധൂകരിക്കപെടുകയും ചെയ്യും. ഇതാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ യുക്തിയില്‍ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യാഖ്യാനിക്കപ്പെടുന്ന അവസരങ്ങളിലാണ്, ലഖിംപൂരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ മന്ത്രിപുത്രനെ ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ച് കാത്തുനില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത്. ഡല്‍ഹി കലാപത്തിന് കാരണക്കാരനായ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാവ് സുരക്ഷിതനായി കഴിയുകയും വിഭാഗീയതക്കെതിരെ പ്രവര്‍ത്തിച്ച ഉമര്‍ ഖാലിദിനെ പോലുള്ളവര്‍ തടവറിയിലാക്കപ്പെടുന്നതും. ഇതുകൊണ്ട് തന്നെ. രാജ്യത്തെമ്പാടും നൂറു കണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും പിന്നീട് നിരപരാധികള്‍ എന്ന് ബഹുഭൂരിപക്ഷവും വിട്ടയക്കപ്പെടുന്നതും ഈ നിലപാട് പരിഷ്‌കൃത സമൂഹത്തിലെ നീതി ബോധവുമായി പൊരുത്തപ്പെടാത്തതു കൊണ്ടാണ്.

ഇന്ത്യന്‍ ഭരണഘടനയില്‍ പൗരന്റെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള വ്യവസ്ഥകള്‍ കൂട്ടിചേര്‍ക്കപ്പെടുന്നത് അടിയന്തരാവസ്ഥ കാലത്താണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ ധാര്‍മ്മിക ജനാധിപത്യമൂല്യങ്ങളും അട്ടിമറിച്ചതിന് ശേഷമാണ് പൗരന്റെ ഉത്തരവാദിത്വങ്ങളെ  സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ 1976ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിചേര്‍ക്കപ്പെട്ടത്. ഇന്ദിരാഗാന്ധി കൊണ്ടുവന്ന പല ഭേദഗതികളും പിന്നീട് അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും പൗരന്റെ കടമകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിലനിര്‍ത്തുകയായിരുന്നു. തുടക്കത്തില്‍ പത്ത് കാര്യങ്ങളാണ് പൗരന്റെ ഉത്തരവാദിത്വങ്ങളായി പറഞ്ഞിരുന്നതെങ്കില്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് 2002 ഒന്നു കൂടി കൂട്ടിചേര്‍ത്തു.

എന്നാല്‍ മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായി തുടക്കം മുതല്‍ തന്നെ നിലവിലുണ്ടായിരുന്നു. അതായത് പൗരന്റെ കടമ അല്ലെങ്കില്‍ ഉത്തരവാദിത്വത്തിന്റെ ഭാഗമായോ തുടര്‍ച്ചയായോ അല്ല മറിച്ച് അവയൊന്നുമായി ചേരാതെ തന്നെ ഉളള അവകാശങ്ങളാണ് ഭരണഘടന ഉറപ്പ് നല്‍കിയത്. ഇതിനെയാണ് നരേന്ദ്ര മോദി ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമാക്കി അവതരിപ്പിക്കുന്നത്. ഇത് പൗരന്റെ മൗലികാവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ നടപടികള്‍ നീതികരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നതാണ് യാഥാര്‍ത്ഥ്യം.