സൗഹൃദ ദിനം ആരാഞ്ഞു: ബന്ധുവാര് ? ശത്രുവാര് ?

‘തിന്മ നമ്മുടെ പത്രമാധ്യമങ്ങളെ ആക്രമിച്ച് കീഴടക്കിയിട്ട് കാലമേറെയായി. ദുഷ്ടതകള്‍ക്കും വിലോമക്രിയകള്‍ക്കുമാണ് ദിനപത്രങ്ങളില്‍ പ്രാധാന്യം. കാലത്ത് കാപ്പി കുടിക്കുന്ന വേളയിലാണ് ഞാന്‍ പത്രം വായിക്കുക. ഇടതുകൈയില്‍ പത്രം. വലതുകൈയില്‍ ചപ്പാത്തിയോ, ഇഡ്ഡലിയോ. പത്രത്തില്‍ കൊലപാതകം, ബലാത്സംഗം, കൂട്ട ബലാത്സംഗം, ആത്മഹത്യ ഇവയുടെ സ്‌തോഭജനകങ്ങളായ വിവരങ്ങള്‍, ചപ്പാത്തിയോടൊരുമിച്ച് ഞാന്‍ ബലാത്സംഗം വിഴുങ്ങുന്നു. കൂട്ട ബലാത്സംഗം തൊണ്ടയില്‍ തടയുന്നതു കൊണ്ട് അത് താഴോട്ടു പോകാന്‍ ഒരു കവിള്‍ കാപ്പി കുടിക്കുന്നു. കൂട്ട ബലാത്സംഗം അന്നനാളത്തിലൂടെ സഞ്ചരിച്ച് ആമാശയത്തിലെത്തുന്നു. അപ്പോള്‍ തുടങ്ങും വയറുവേദന…

ഇത് മലയാളത്തിലെ ഏക്കാലത്തേയും ശ്രദ്ധേയമായ ജനപ്രിയ പംക്തി- സാഹിത്യ വാരഫലത്തില്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ എഴുതിയതാണ്.

തികച്ചും യഥാതഥമായ അനുഭവവിവരണമാണ് പ്രൊഫസര്‍ നല്‍കിയത്. പലതരത്തിലുള്ള വേദനയും അസ്വസ്ഥതയും പത്രങ്ങള്‍ നമുക്കു തരുന്നു. സന്തോഷത്തോടെ ദിനാരംഭം കുറിക്കാന്‍ നമുക്ക് കഴിയുന്നില്ല. എന്നാല്‍ ഓഗസ്റ്റ് ഒന്നിലെ മാതൃഭൂമി പത്രം ഒരു കൗതുകക്കാഴ്ച സൗഹൃദത്തില്‍ പൊതിഞ്ഞു തരുന്നു. ആദ്യപേജിലെ കാല്‍ പേജ് സ്ഥലം ഇതുവരെ അവരുടെ കടുത്ത എതിരാളിയായ മനോരമയ്ക്കു വേണ്ടി മാറ്റിവെച്ചു. ലോക സൗഹൃദിനം പ്രമാണിച്ച് ‘പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍’

പത്രം കണ്ട് ഞാനൊന്നു ഞെട്ടി മാസ്റ്റര്‍ ഹെഡിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞു. സംഗതി ശരിയാണ്. പത്രം മാതൃഭൂമി തന്നെ..!
ഇങ്ങെനെയുണ്ടോ ഒരു മാറ്റം. ദീപികയാണ് ഇത്തരത്തിലൊരു പരസ്യം കൊടുത്തതെങ്കില്‍ മനസ്സിലാക്കാം. ശത്രുവിനെ സ്‌നേഹിക്കുക എന്ന ക്രിസ്തുവചനം നടപ്പില്‍ വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അതിനെ നമുക്ക് കാണാം. എന്നാല്‍ ഇക്കണ്ട കാലമത്രയും കീരിയും പാമ്പും പോലെ നിന്നിരുന്നവരില്‍ ഒരാള്‍ക്കൊരു മനഃപരിവര്‍ത്തനം വന്നാല്‍ വളരെ നല്ലത്. എന്നാലത് മാതൃഭൂമിയുടെ വായനക്കാര്‍ പോലും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇത് പരസ്യപ്പെടുത്തുന്നിടത്ത് എന്തോ ചീഞ്ഞ നാറ്റം വായനക്കാര്‍ക്കുണ്ടാകുന്നുവെന്നാണ് എല്‍. ഇ സുധീര്‍ എന്ന എഴുത്തുകാരന്‍ പറഞ്ഞത്. ഓര്‍മ്മ വെച്ച കാലം മുതല്‍ മാതൃഭൂമിയുടെ വായനക്കാരനായ വ്യക്തിയുടെ വിലയിരുത്തല്‍. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ മനോരമയുടേയും മാതൃഭൂമിയുടേയും ‘പരസ്യ’യുദ്ധങ്ങള്‍ ആര്‍ക്കെങ്കിലും മറക്കാനാകുമോ..? ഇന്നത്തെ പത്രം പാഴ്ക്കടലാസായി വില്‍ക്കപ്പെടാം എന്ന തലക്കെട്ടില്‍ വന്ന പരസ്യം തന്നെ നോക്കുക. കെട്ടുപൊട്ടിക്കാത്ത പത്രം കെട്ടുകണക്കിന് തൂക്കി വില്‍ക്കുന്ന ചിത്രത്തോടെ പറയുന്നതിങ്ങനെ:

ഇന്നത്തെ പത്രത്തിന്റെ വിതരണം ചെയ്യാത്ത കോപ്പികളാണിവ. സര്‍ക്കുലേഷന്‍ പെരുപ്പിച്ചു കാട്ടി ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചിലര്‍ ഇതും ഉപയോഗിക്കുന്നു. പക്ഷേ മാതൃഭൂമി അക്കൂട്ടത്തില്‍ പെടില്ല.
കെട്ടി ഏല്‍പ്പിച്ച സര്‍ക്കുലേഷന്‍ വേറെ യഥാര്‍ത്ഥ സര്‍ക്കുലേഷന്‍ വേറെ.

ഒരു പത്രവിതരണക്കാരനോ വില്‍പ്പനക്കാരനോ തനിക്കാവശ്യമുള്ളതില്‍ കൂടുതല്‍ കോപ്പികള്‍ എടുക്കാന്‍ നിര്‍ബന്ധിതനായാല്‍ അധികം വരുന്ന കോപ്പികള്‍ അവന് വിഴുങ്ങേണ്ടി വരുന്നു. മാതൃഭൂമി യഥാര്‍ത്ഥ സര്‍ക്കുലേഷന്‍ 7,17.066* കോപ്പികള്‍

ആലോചിക്കൂ… വിതരണം ചെയ്യപ്പെടാത്തതിനാല്‍ ആരെങ്കിലും വായിക്കുകയോ കാണുകയോ പോലും ചെയ്തിട്ടില്ലാത്ത കോപ്പികളില്‍ പരസ്യം ചെയ്യാന്‍ നിങ്ങള്‍ അധികം തുക ചെലവഴിക്കേണ്ടതുണ്ടോ?
മാതൃഭൂമി-മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യം.

ടൈംസ്- ഇന്ത്യാ ടുഡേ പേപ്പര്‍ വാര്‍

പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി മാധ്യമങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുക മലയാളത്തില്‍ മാത്രമാണെന്ന് കരുതരുത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈംസ് ഓഫ് ഇന്ത്യയും, ഇന്ത്യാ ടുഡേയും തമ്മില്‍ നടന്ന യുദ്ധം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടൈംസിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു അത്.

പ്രമുഖ പരസ്യ ഏജന്‍സികളായ ലിന്റാസും, ത്രികായയും ഓരോ ചേരിയില്‍ നിലയുറപ്പിച്ചതോടെ സംഗതിയങ്ങ് കൊഴുത്തു.
ആദ്യ വെടി പൊട്ടിച്ചത് ടൈംസ് ഓഫ് ഇന്ത്യയാണ്. ലിന്റാസിലെ പ്രമുഖന്‍ അലിക് പദംസിയുടെ തോക്കേന്തിയ ചിത്രവുമായി പ്രത്യക്ഷപ്പെട്ട ടൈംസ് ഓഫ് ഇന്ത്യയുടെ പ്രത്യേക പതിപ്പിന്റെ പരസ്യതല വാചകം തന്നെ പ്രകോപനപരമായിരുന്നു.

നിങ്ങളുടെ മീഡിയ പ്ലാനില്‍ നിന്നും അഞ്ചു പ്രമുഖ നാമങ്ങള്‍ ഒഴിവാക്കുന്നതെങ്ങിനെ..? അതിന്റെ വിശദാംശങ്ങള്‍ പരസ്യക്കോപ്പിയില്‍ പ്രതിപാദിക്കുന്നു.  ഇന്ത്യാ ടുഡേ, ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, സണ്‍ഡേ, ജെന്റില്‍മാന്‍ എന്നിവയ്‌ക്കെല്ലാം കൂടിയുള്ള സര്‍ക്കുലേഷന്‍ 6,63,593. ഈ പ്രസിദ്ധീകരണങ്ങളെല്ലാം ഫുള്‍ പേജ് കളര്‍ പരസ്യം കൊടുത്താല്‍ ചെലവാകുന്ന മൊത്തം സംഖ്യ 1,53,800 രൂപയാണ്.

എന്നാല്‍ ഏഴുലക്ഷം കോപ്പി സര്‍ക്കുലേഷനുള്ള ടൈംസ് ഓഫ് ഇന്ത്യ പ്രത്യേക പതിപ്പിന് ചെലവ് 99,000 രൂപ മാത്രവും. ഇത് 150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ് എന്നവകാശപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ത്രികായ ആണ് സംസാരിക്കുന്നത്. അല്‍പകാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഇന്ത്യാ ടുഡേ പകച്ചുനില്‍ക്കെ, അലിക് പദംസിയില്‍ നിന്ന് ആദ്യ പ്രതികരണം വന്നു. ത്രികായയ്ക്കും, ലിന്റാസിനും ഇടയിലെ ടെലിഫോണ്‍ ലൈനുകള്‍ ശരിക്കും തീ പിടിക്കുകയായിരുന്നു. ഒടുവില്‍ ത്രികായയുടെ രവിഗുപ്തയ്ക്ക് സമ്മതിക്കേണ്ടി വന്നു. നമ്മള്‍ ആദ്യം അദ്ദേഹത്തിന്റെ സമ്മതം വാങ്ങേണ്ടിയിരുന്നുവെന്ന്. എന്നാല്‍ രസച്ചരട് പിന്നേയും മുറുകുകയായിരുന്നു. അലിക് പദംസിക്കു പകരം എവറസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ഖാനായി ത്രികായയുടെ അടുത്ത ഇര. സ്വഭാവികമായി ചൂടായി. പിന്നെ കേഴ്‌സി കത്രക്ക് വന്നു. ഇതിനിടെ ഇന്ത്യാ ടുഡേ തിരിച്ചടി തുടങ്ങി. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരണങ്ങളില്‍ തന്നെ അവ പ്രത്യക്ഷപ്പെട്ടു.

അവരുടെ പരസ്യത്തിന്റെ കോപ്പി ആരംഭിക്കുന്നത് 150 വര്‍ഷമായി സത്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടു ചെയ്ത ടൈംസിനെ അഭിനന്ദിച്ചു കൊണ്ടാണ് തുടക്കം. പിന്നെന്തിനിപ്പോള്‍ കെട്ടുകഥകളിലേക്ക് നീങ്ങണം..? അവര്‍ ചോദിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ടൈംസിന്റെ സര്‍ക്കുലേഷന്‍ 5.4 ലക്ഷം മാത്രമാണ് എന്നറിയിക്കുന്നു.

രസകരമായ വസ്തുത, ടൈംസ് ഓഫ് ഇന്ത്യക്കെതിരായുള്ള പരസ്യം അവരുടെ തന്നെ ഡല്‍ഹി എഡിഷനില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ്. പണി പറ്റിച്ചത് ഇന്ത്യാ ടുഡേയുടെ പരസ്യ ഏജന്‍സിയാണ്. അവര്‍ നേരത്തെ തന്നെ ടൈംസിന്റെ ഡല്‍ഹി എഡിഷനില്‍ സ്‌പേസ് ബുക്ക് ചെയ്തിരുന്നു. ഇടപാടുകാരന്‍ ഏതെന്ന് അറിയിച്ചതുമില്ല. അച്ചടി തുടങ്ങാന്‍ അല്‍പസമയം ബാക്കി നില്‍ക്കെയാണ് ആര്‍ട്ട് വര്‍ക്ക് ടൈംസില്‍ എത്തിക്കുന്നത്. തീരുമാനമെടുക്കാന്‍ കെല്‍പുള്ള ഉന്നതരാരും ഓഫീസില്‍ ഉണ്ടായിരുന്നില്ല. എങ്കിലും പിറ്റേന്ന് ബോംബെ എഡിഷനിലും പരസ്യം വന്നു. ആദ്യം ചെയ്തത് ബോധപൂര്‍വ്വമാണന്നു വരുത്തിത്തീര്‍ക്കാനുള്ള വിദ്യയായിരുന്നു അതെന്ന് എതിര്‍പക്ഷം.

കേരളകൗമുദിയുടെ വിരുത്

ഇതുപോലെ ഒരിക്കല്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രം മനോരമ എന്നൊരു പരസ്യം മാതൃഭൂമി, ദേശാഭിമാനി കേരള കൗമുദി തുടങ്ങിയ പത്രങ്ങളില്‍ കൊടുക്കാന്‍ മനോരമ ശ്രമിച്ചു. മാതൃഭൂമിയും, ദേശാഭിമാനിയും അത് വേണ്ടെന്നു വെച്ചു. കേരള കൗമുദിയിലെ പത്രാധിപസമിതിക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും പത്രാധിപര്‍ എം.എസ് മണി പരസ്യം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. പിറ്റേന്ന് കേരള കൗമുദിയില്‍ മറ്റൊരു പരസ്യം വന്നു.
ഏറ്റവും പ്രചാരമുള്ള ദിനപത്രത്തിനും പരസ്യം ചെയ്യാന്‍ കേരളകൗമുദി തന്നെ വേണം എന്നതായിരുന്നു അതിലെ ഉള്ളടക്കം..!

സാമൂഹിക സൗഹൃദം ആഴപ്പെടുത്തുന്ന പുതിയ ലോകത്തിലെ സാമൂഹിക വാര്‍ത്താവിനിമയത്തിന് എതിരെ- സാമൂഹിക മാധ്യമങ്ങള്‍ക്ക് എതിരെ പത്രങ്ങള്‍ കോവിഡിന്റെ തുടക്കകാലത്ത് കൂട്ടായി നടത്തിയ കുരിശുയുദ്ധത്തെ കുറിച്ച് ഓര്‍ത്തുപോകുകയാണ്. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ ജോസ് ടി ‘ഈ പത്രയുദ്ധം അവസാനത്തേത്’ എന്നെഴുതിയിരുന്നു. കേരളത്തില്‍ 54 ഇഞ്ചിനേക്കാള്‍ വലുത് 54 സെന്റീമീറ്റര്‍ എന്ന തലക്കെട്ടോടെ വന്ന പത്രങ്ങള്‍ക്കു വേണ്ടിയുള്ള പരസ്യങ്ങളും മറക്കാറായിട്ടില്ല.

പത്രലോകം സൗഹൃദത്തോടെ പോകണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അപ്പോഴും ഒരു പ്രശ്‌നം ബാക്കി. എന്നത്തേയും സമൂഹത്തില്‍ കാണുന്ന അനീതിയാണ് വരേണ്യവര്‍ഗം എപ്പോഴും ഒന്നാണ് എന്നത്. ഈ പ്രവണത മാധ്യമങ്ങളിലും ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നു. അതാണ് മാതൃഭൂമിയുടെ പരസ്യത്തിലും കാണുന്നത്. മാതൃഭൂമിക്ക് സൗഹൃദം തന്നിലും വമ്പനായ മനോരമയോട് മാത്രമാണുള്ളതെന്ന് പ്രഖ്യാപിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.