അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ കാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത് സി.പി.എം

യുജിസി അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളും ഈ രംഗത്തെ വിദഗ്ധരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി നയം കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്ന് വിലയിരുത്തല്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ 25 വര്‍ഷത്തെ കേരള വികസനത്തിനുള്ള സുപ്രധാന രേഖ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.

പാര്‍ട്ടിയുടെ നിലപാടിലുണ്ടായ മാറ്റം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. യുജിസി അനുമതിയുള്ള അന്താരാഷ്ട്ര സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇവിടെ ക്യാമ്പസ് ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച കോഴ്‌സുകള്‍ പഠിക്കാനും മികച്ച കരിയര്‍ കണ്ടെത്താനും അവസരമൊരുങ്ങും.  നിലവില്‍ എ പ്ലസ് പ്ലസ് ഗ്രേഡുള്ള ബംഗളൂരു ആസ്ഥാനമായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം കുറയ്ക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുവാനും നയമാറ്റം പ്രയോജനകരമാകും. കൂടാതെ, ഇതര സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാനും പ്രദേശവാസികള്‍ക്കും മറ്റും പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ ലഭ്യമാക്കുവാനും സഹായിക്കും.

അന്താരാഷ്ട്ര നിരവാരത്തിലുള്ള നൂതന കോഴ്‌സുകള്‍ കേരളത്തില്‍ തന്നെ പഠിക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ വ്യവസായം ആവശ്യപ്പെടുന്ന നൈപുണ്യ ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്താനും തൊഴില്‍ രംഗത്തെ മികവുറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും കേരളത്തിന് സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.