ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നു; 'ഫസ്റ്റ് ബെല്‍' രാവിലെ 8.30ന്, ഇനി ഓണ്‍ലൈന്‍ പഠനം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. “ഫസ്റ്റ് ബെല്‍” എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്കായി രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ഓണ്‍ലൈന്‍ അധ്യയനം.

ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറും ദൈര്‍ഘ്യമുള്ള പരിപാടികളാണ് കൈറ്റ് വിക്ടേര്‍സ് ചാനലില്‍ സംപ്രേഷണം ചെയ്യുക. ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് വെബ്ബിലും മൊബൈല്‍ ആപ്പിലും സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാകും.

രാവിലെ എട്ടര മുതല്‍ പത്തരവരെ പന്ത്രണ്ടാം ക്ലാസിലെ വിഷയങ്ങളാണ്. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 11-നാണു ക്ലാസ്. എല്ലാ ക്ലാസുകളുടെയും പുനഃസംപ്രേഷണമുണ്ടാകും. വീട്ടില്‍ ടിവിയോ സ്മാര്‍ട്ട്ഫോണ്‍ സൗകര്യമോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാനുള്ള ചുമതല പ്രധാനാധ്യാപകര്‍ക്കാണ്. ഇതിനായി സമീപത്തെ വായനശാലകളും മറ്റും ഉപയോഗിക്കാം. വിവരങ്ങള്‍ക്ക്: www.kite.kerala.gov.in