പുതിയ ലേബര്‍ കോഡുകള്‍: വ്യക്തമായ ചട്ടങ്ങള്‍ ഇല്ലാത്തത് നടപ്പിലാക്കലിന് വെല്ലുവിളിയാകുന്നു

തൊഴില്‍ നിയമങ്ങളില്‍ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബര്‍ കോഡുകള്‍ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങള്‍ ഇല്ലാത്തത് ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ വെല്ലുവിളിയാവുകയാണ്. ഒരു കാലത്ത്, ഫാക്ടറികളില്‍ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകളെ നിയമപരമായി വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍, സ്ത്രീകളെ അവരുടെ സമ്മതപ്രകാരം രാത്രി ജോലികളി നിയമിക്കാം. പക്ഷെ ഇത് നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന കരട് ചട്ടങ്ങള്‍ ആശയപരമായി മുന്നിട്ട് നില്‍ക്കുന്നതാണെങ്കിലും പ്രായോഗികത കുറഞ്ഞതാണ്.

2020ലാണ് ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് (ഒ.എസ്.എച്ച്.സി) നിലവില്‍ വന്നത്. 1948ലെ ഫാക്ടറി ആക്റ്റ് പ്രകാരം ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യുന്നതിന് ഉണ്ടായിരുന്ന വിലക്ക് ഇതോടെ ഇല്ലാതായിരുന്നു. എന്നാല്‍, തൊഴില്‍ നിയമങ്ങള്‍ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയമായതിനാല്‍, ഒ.എസ്.എച്ച് കോഡ് നടപ്പിലാക്കുന്നതിന് വേണ്ട ചട്ടങ്ങള്‍ പുറപ്പെടുവിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഓരോ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് ഈ ചട്ടങ്ങള്‍ മാറിവന്നേക്കാം. ഇതുവരെ, 24 സംസ്ഥാനങ്ങള്‍ ഒ.എസ്.എച്ച് കോഡിന് കീഴിലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനാണ് പ്രായോഗികമായ വെല്ലുവിളി നേരിടുന്നത്.

2021ല്‍ കേരളം പുറപ്പെടുവിച്ച കരട് നിയമപ്രകാരം രാത്രി കാലങ്ങളില്‍ സ്ത്രീകളെ ജോലിക്കെടുന്നതിനായി തൊഴിലുടമകള്‍ മുന്‍കൂറായി ചെയ്യണ്ടേ ചില വ്യവസ്ഥകളുണ്ട്. 44ാം ചട്ടത്തിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകണം, ഭക്ഷണം കഴിക്കാനായി പ്രത്യേക മുറികള്‍, പ്രത്യേകം ശുചിമുറികള്‍, ജോലി ചെയ്യുന്നതിന് അടുത്തുതന്നെ കുടിവെള്ള സൗകര്യങ്ങള്‍, താമസ സ്ഥലത്ത് എത്തുന്നതിനുള്ള ഗതാഗത സൗകര്യങ്ങള്‍, ആവശ്യത്തിനുള്ള സെക്യൂരിറ്റികള്‍ എന്നിവയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷണ നടപടികള്‍. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇത്തരം വ്യവസ്ഥകള്‍ ആവശ്യമാണെങ്കിലും, ഇവ നടപ്പിലാക്കാന്‍ വലിയ തുകകള്‍ ചിലവഴിക്കേണ്ടതായി വരും. മാത്രമല്ല, ഇത്തരം വ്യവസ്ഥകള്‍ ശരിയായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വകുപ്പുതല പരിശോധനകളും ഉണ്ടായേക്കാം. ഇത്തരം കാരണങ്ങളാല്‍ തൊഴിലുടമകള്‍ക്ക് സ്ത്രീകളെ ജോലിയില്‍ എടുക്കാന്‍ താല്‍പര്യം കുറയുകയും പുരുഷന്മാരെ ജോലിയില്‍ എടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

മാത്രമല്ല, ഒ.എസ്.എച്ച് കോഡിലെ സെക്ഷന്‍ 43 അനുസരിച്ച്, സ്ത്രീകളുടെ സമ്മതം ലഭിച്ചാല്‍ മാത്രമേ അവരെ രാത്രികാലങ്ങളില്‍ ജോലി ചെയ്യിപ്പിക്കാന്‍ സാധിക്കു. ഉല്‍പാദന മേഖലയില്‍ സ്ത്രീകള്‍ രാത്രി ജോലി ചെയ്യുന്നത് സാധാരണമല്ലാത്തതിനാല്‍ ഈ വ്യവസ്ഥ വളരെ പ്രധാനമാണ്, ഇക്കാരണത്താല്‍ അവര്‍ക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നല്‍കേണ്ടതാണ്. എന്നാല്‍, ഒ.എസ്.എച്ച് കോഡിലോ ചട്ടങ്ങളിലോ ഇത്തരം അനുവാദം എപ്പോള്‍ എടുക്കണമെന്നോ ഏതെല്ലാം അവസരങ്ങളില്‍ അത് പിന്‍വലിക്കാമെന്നോ കൃത്യമായി പറയുന്നില്ല.

സമ്മതം ആവശ്യപ്പെടുന്ന ഈ വ്യവസ്ഥ സ്ത്രീകളെ ശാക്തീകരിക്കുന്നതാണെങ്കിലും അത് പുരഷന്മാര്‍ക്കെതിരെ വിവേചനപരമായതാണ്. കാരണം, പുരുഷന്മാര്‍ക്ക് രാത്രിയില്‍ ജോലി ചെയ്യുന്നതിനായി അവരുടെ അനുവാദം ആവശ്യപ്പെടുന്ന ഒരു നിയമ വ്യവസ്ഥയും നിലവിലില്ല. മറ്റൊരു കാര്യം എന്തെന്നാല്‍, ഒരു സ്ത്രീ തൊഴിലാളി രാത്രിയില്‍ ജോലി ചെയ്യുന്നതിന് സ്വയം സമ്മതം നല്‍കിയില്ലെങ്കില്‍, ഒരുപക്ഷെ, അത് അവരുടെ ജോലി സാധ്യതയേയും സ്ഥാനക്കയറ്റത്തേയും വരെ ബാധിച്ചേക്കാം. രാത്രി സമയങ്ങളില്‍ ജോലി ചെയ്യാനുള്ള ചുമതല ഓരോരുത്തര്‍ക്കും മാറി മാറി നല്‍കുന്നതിനാല്‍, സ്ത്രീ തൊഴിലാളികള്‍ അതിനായി സമ്മതം നല്‍കിയില്ലെങ്കില്‍, പുരുഷന്മാരായ തൊഴിലാളികള്‍ രാത്രി ജോലി ചെയ്യുന്നതിന് നിര്‍ബന്ധിതരാകും. പുരഷമാര്‍ക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ലാതെ വരുമ്പോള്‍, സ്ഥാപനങ്ങള്‍ ജോലി നല്‍കുന്നതിനായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഈ നിയമത്തിന് വിപരീതഫലമാണ് ഉണ്ടാവുക. ഇത്തരം അവസ്ഥകളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു നിയമത്തില്‍ വ്യക്തമല്ല.

സ്ത്രീകള്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നതിന് എതിരെ ഉണ്ടായിരുന്ന നിയമ നിയന്ത്രണങ്ങള്‍ മാറ്റിക്കൊണ്ട് ഉല്‍പാദന മേഖലയില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരാന്‍ ഒ.എസ്.എച്ച് കോഡിന് സാധിച്ചിട്ടുണ്ട്. എന്നാല്‍, അതോടൊപ്പം തന്നെ സംസ്ഥാനങ്ങളും കുറച്ചുകൂടി വ്യക്തമായ ചട്ടങ്ങള്‍ പുറപ്പിടുവിച്ചുകൊണ്ട് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതാണ്. ചട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുമ്പോള്‍, സംരക്ഷണത്തിന്റെ പേരില്‍ തടസങ്ങള്‍ നേരിടേണ്ടി വരുന്നതിന് പകരം, സ്ത്രീ തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ തൊഴിലുടമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. മാത്രമല്ല, സംരക്ഷണവും സുരക്ഷിതമായ യാത്രാ സൗകര്യവും നല്‍കേണ്ട ചുമതല തൊഴിലുടമകളുടെ മേല്‍ മാത്രം ആകരുത്. സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാനുള്ള സേവനങ്ങള്‍ നടത്താനുള്ള ചുമതല സര്‍ക്കാരിനാണ്. അതുപോലെ, സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരാനായാണ് നിയമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

ഏപ്രില്‍ സൂസന്ന വര്‍ക്കി
റിസര്‍ച്ച് അസോസിയേറ്റ്, സിപിപിആര്‍