ലോക്ഡൗണില്‍ ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കുന്നതായി കേന്ദ്രീയ വിദ്യാലയം

കൊറോണ മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും. രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലെ 32,247 അധ്യാപകരാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. അധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഒരു പ്രോട്ടോകോൾ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന്‌ കേന്ദ്രീയ വിദ്യാലയം സംഗതന്‍ (കെവിഎസ്) വ്യക്തമാക്കി.

7,07,312 കുട്ടികള്‍ ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പഠിക്കുന്നു എന്നാണ് കെവിഎസ് നല്‍കുന്ന കണക്ക്. സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്കായി തത്സമയ ക്ലാസുകളും റെക്കോഡ് ചെയ്തുവെച്ച ക്ലാസുകളും നല്‍കുന്നുണ്ട്. പ്രോഗ്രാം പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി ഇമെയില്‍, വാട്‌സ്ആപ്പ്, എസ്എംഎസ് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ ടീച്ചര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതായും കേന്ദ്രീയ വിദ്യാലയം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനായി ലൈവ് ചാറ്റും നടത്തും. മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും കൗണ്‍സിലിംഗിനുമായി ഒരു പ്രത്യേക ഇ-മെയില്‍ സംവിധാനവും എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.