സ്വര്‍ണം ഏത് ബാങ്കില്‍ പണയം വെയ്ക്കുന്നതാണ് നല്ലത്? ഏറ്റവും പുതിയ പലിശ നിരക്കുകള്‍ അറിയാം

നമ്മുടെ ജീവിതത്തിലെല്ലാം യാതൊരു താമസവുമില്ലാതെ ഉടനടി കുറച്ചു രൂപ വേണ്ടിവരുന്ന അടിയന്തരമായ ചില സാഹചര്യങ്ങളുണ്ടാകും. കടംവാങ്ങാന്‍ പല വഴികളുണ്ടെങ്കിലും ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളിലൊന്നാണ് സ്വര്‍ണപ്പണയം. ഇതൊരു സുരക്ഷിത ലോണാണ്. ഇവിടെ നിങ്ങളുടെ സ്വര്‍ണം ജാമ്യമായി എടുത്ത് ബാങ്ക് അതിന് അനുസൃതമായ തുക വായ്പയായി നല്‍കുകയാണ് ചെയ്യുന്നത്.

എത്രത്തോളം രൂപ വായ്പയായി ലഭിക്കുമെന്നത് സ്വര്‍ണത്തിന്റെ മൂല്യം അനുസരിച്ച് വ്യത്യാസപ്പെടും. ലോണ്‍ കിട്ടണമെങ്കില്‍ സ്വര്‍ണം ബാങ്കിന് കൈമാറണം. ലോണെടുത്ത തുകയും പലിശയും മുഴുവനായി അടച്ചാല്‍ നിങ്ങള്‍ക്ക് സ്വര്‍ണം തിരിച്ചുനല്‍കുകയും ചെയ്യും. സെക്യൂരിറ്റിയില്‍ അധിഷ്ഠിതമായ ലോണ്‍ ആയതിനാല്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുകയും ചെയ്യും.

പ്രധാന സവിശേഷതകള്‍:

നമ്മുടെ എല്ലാതരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗോള്‍ഡ് ലോണ്‍ എടുക്കാം. ലോണ്‍ തുകയ്ക്ക് സെക്യൂരിറ്റിയെന്ന നിലയിലാണ് ഇവിടെ സ്വര്‍ണം പ്രവര്‍ത്തിക്കുന്നത്.

വായ്പ എടുക്കുന്ന സ്ഥാപനം അനുസരിച്ച് ലോണിന്റെ കാലാവധി വ്യത്യാസപ്പെടും. മൂന്നുമാസം മുതല്‍ 48 മാസം വരെ കാലാവധിയായുള്ള സ്വര്‍ണ വായ്പകള്‍ നിലവിലുണ്ട്. ഗോള്‍ഡ് ലോണിന് പ്രോസസിങ് ഫീസ്, തിരിച്ചടവ് വൈകിയാലുള്ള പിഴ, പലിശ അടക്കാതിരുന്നാലുളള പിഴ തുടങ്ങിയവ ബാധകമാണ്.

ഇ.എം.ഐ ആയി അതായത് മാസം നിശ്ചിത തുകയെന്ന രീതിയില്‍ സ്വര്‍ണപ്പണയ വായ്പ തിരിച്ചടക്കാവുന്നതാണ്. അതിനാല്‍ ലോണ്‍ കരാറും ചട്ടങ്ങളും വ്യവസ്ഥകളും ശ്രദ്ധിച്ച് വായിച്ചശേഷമേ ലോണ്‍ എടുക്കാവൂ.

നിങ്ങള്‍ക്ക് മികച്ച ക്രഡിറ്റ് സ്‌കോറും തിരിച്ചടവ് ചരിത്രവുമുണ്ടെങ്കില്‍ കുറഞ്ഞ നിരക്കില്‍ വായ്പയ്ക്ക് ആവശ്യപ്പെടാവുന്നതാണ്. ചില വായ്പാ സ്ഥാപനങ്ങള്‍ ആഘോഷ വേളകളില്‍ പലിശ നിരക്കില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കാറുണ്ട്. ലോണ്‍ കൃത്യസമയത്ത് യാതൊരു കാലതാമസവുമില്ലാതെ അടക്കുന്നതാണ് നല്ലത്. തിരിച്ചടവ് വൈകിയാല്‍ വായ്പ നല്‍കിയ സ്ഥാപനം പിഴയായി ഒരു തുക ഈടാക്കും. അതിനുശേഷവും തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങള്‍ ജാമ്യമായി നല്‍കിയ സ്വര്‍ണം ലേലത്തില്‍ വിറ്റ് ലോണ്‍ തുക വസൂലാക്കുന്നതായിരിക്കും.

വായ്പയെടുക്കുന്നതിനു മുമ്പ് സ്ഥാപനത്തെക്കുറിച്ച് മനസിലാക്കണം. പണം മുഴുവനായി അടയ്ക്കുംവരെ നിങ്ങളുടെ സ്വര്‍ണം സുരക്ഷിതമായി ഇരിക്കേണ്ടതുണ്ട്. സ്വര്‍ണം മടക്കിവാങ്ങുമ്പോള്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമേ അവര്‍ പറയുന്ന രേഖകളില്‍ ഒപ്പുവെക്കാവൂ.

വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്തശേഷം വേണം ഏത് ബാങ്കില്‍ നിന്ന് വായ്പയെടുക്കണം എന്ന കാര്യം തീരുമാനിക്കാന്‍. കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ കാലയളവില്‍ ലോണ്‍ തരുന്ന സ്ഥാപനം വേണം തെരഞ്ഞെടുക്കാന്‍.

ചില ബാങ്കുകള്‍ സ്വര്‍ണപ്പണയ വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് ചുവടെ നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയ്ക്ക് രണ്ടുവര്‍ഷത്തേക്ക് എത്ര രൂപ ഇ.എം.ഐ ആയി നല്‍കണമെന്നും ഇതില്‍ നിന്ന് അറിയാം.