പഠിക്കുന്നവരെയും പഠിച്ച് ഇറങ്ങിയവരെയും ടാറ്റ വിളിക്കുന്നു; ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ അരലക്ഷം പേര്‍ക്ക് ജോലി; ടെക് ലോകത്ത് അതിവേഗം കുതിക്കാന്‍ ടിസിഎസ്

ഈ സാമ്പത്തിക വര്‍ഷം ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ അരലക്ഷം പേരെ നിയമിക്കാന്‍ ടാറ്റയുടെ ടെക് കമ്പനി. കമ്പനിയില്‍ പിരിച്ചു വിടല്‍ ഉണ്ടാകില്ലെന്നും കൂടുതല്‍ ആള്‍ക്കാരെ കമ്പനിയുടെ കീഴിലേക്ക് കൊണ്ടുവരുമെന്നും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു. കമ്പനിയുടെ മനുഷ്യവിഭവശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ടാലന്റ് പൂളിലേക്ക് പരിചയമ്പന്നരായ ആളുകളെ ചേര്‍ക്കുന്നത് തള്ളിക്കളയുന്നില്ല. ഡിമാന്‍ഡ് അനുസരിച്ചായിരിക്കും നിയമന നടപടികള്‍ സ്വീകരിക്കുക. പരിചയമ്പന്നരായ ആളുകള്‍ വേണമെന്ന് കരുതുമ്പോള്‍ ഞങ്ങള്‍ കുറച്ച് ലാറ്ററുകളെ നിയമിക്കുന്നു. കഴിഞ്ഞ 12 മുതല്‍ 14 മാസങ്ങളില്‍, ഇത്തരത്തില്‍ പരിചയമ്പന്നരായ ആളുകളുടെ കുറവ് കമ്പനി അനുഭവിച്ചു.

ഏത് തരം ആവശ്യങ്ങള്‍ക്കും സേവനം നല്‍കാന്‍ ടിസിഎസിന് കഴിവുള്ള ബെഞ്ച് ഉണ്ട്. ആറു ലക്ഷം ജീവനക്കാരില്‍ ഏകദേശം 10 ശതമാനം, ഏകദേശം 60,000 ആളുകള്‍ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആളുകളെല്ലാം കഴിഞ്ഞ 12 മാസമായി പരിശീലനം, ഇന്‍ഡക്ഷന്‍, എന്നിവയിലൂടെ കടന്നുപോയി. ഉല്‍പ്പാദനക്ഷമമായ വിവിധ പദ്ധതികളിലേക്ക് ഇവരെ വിന്യസിക്കേണ്ടതുണ്ട്. അതിനാല്‍ കൂടുതല്‍ ആള്‍ക്കാരെ കമ്പനിയിലേക്ക് പുതുതായി ചേര്‍ക്കാന്‍ കഴിയും. പുതിയ ആളുകള്‍ക്ക് അവസരം നല്‍കികൊണ്ടായിരിക്കും ഇത്തരം തിരഞ്ഞെടുപ്പുകള്‍. ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ തന്നെ അതിനുള്ള ആള്‍ക്കാരെ കണ്ടെത്താന്‍ സാധിക്കുമെന്നും ഗണപതി സുബ്രഹ്മണ്യം പറഞ്ഞു.