അത്യാവശ്യമായി കുറച്ച് പണം വേണോ? പേഴ്‌സണ്‍ ലോണ്‍ എടുക്കാമല്ലോ, പലിശ നിരക്ക് കുറവ് എവിടെയാണെന്നറിയാം

അത്യാവശ്യത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരാണോ? അടിയന്തര ഘട്ടങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ പേഴ്‌സണല്‍ ലോണിന് കഴിയും. ഇതിനായി നിങ്ങള്‍ സ്വത്തുവകകള്‍ ജാമ്യം വെയ്‌ക്കേണ്ട ആവശ്യമില്ല. യാതൊരു ജാമ്യവുമില്ലാതെ നിങ്ങളുടെ അത്യാവശ്യങ്ങള്‍ക്കുള്ള ഫണ്ട് പേഴ്‌സണല്‍ ലോണിലൂടെ ലഭിക്കും. ആശുപത്രി ആവശ്യം, വിവാഹം, വിദ്യാഭ്യാസം, വിദേശയാത്ര തുടങ്ങി നിങ്ങളുടെ ഏത് ആവശ്യത്തിനും പേഴ്‌സണല്‍ ലോണ്‍ കിട്ടും.
ഹ്രസ്വകാലത്തേക്ക് പണം ആവശ്യമുള്ള ഘട്ടത്തില്‍ മികച്ച ഓപ്ഷനാണ് പേഴ്‌സണല്‍ ലോണ്‍. അപേക്ഷകന്റെ വരുമാനം, ക്രഡിറ്റ് സ്‌കോര്‍, പ്രായം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ലോണ്‍ അനുവദിക്കുക. നിങ്ങള്‍ നല്‍കിയ രേഖകളെല്ലാം കൃത്യമാണെങ്കില്‍ യോഗ്യതാമാനദണ്ഡങ്ങളെല്ലാം ഉള്ളയാളാണെങ്കില്‍ ഉടന്‍ തന്നെ പണം നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ആവും എന്നതാണ് പേഴ്‌സണല്‍ ലോണുകളുടെ പ്രത്യേകത. ജാമ്യവസ്തുവിന്റെ മൂല്യം തിട്ടപ്പെടുത്താനോ മറ്റോ സമയം പോകില്ലെന്ന് അര്‍ത്ഥം.
പേഴ്‌സണല്‍ ലോണിനായുള്ള നടപടിക്രമങ്ങള്‍ വളരെ കുറവാണെന്ന് പറഞ്ഞല്ലോ, എങ്കിലും ലോണ്‍ തുക ഓരോ സ്ഥാപനത്തെയും അനുസരിച്ച് വ്യത്യാസപ്പെടും. ഇരുപത്തിയഞ്ചായിരം രൂപ മുതല്‍ അന്‍പതുലക്ഷം രൂപവരെ നിങ്ങള്‍ക്ക് കടമായി വാങ്ങിക്കാനാവും. നിങ്ങളുടെ വരുമാനവും അനുസരിച്ച് ഇതില്‍ കൂടുതലും പേഴ്‌സണല്‍ ലോണായി നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. തിരിച്ചടക്കാനുള്ള കപ്പാസിറ്റി അനുസരിച്ചുള്ള കാലാവധിയും തെരഞ്ഞെടുക്കാം. പന്ത്രണ്ടു മുതല്‍ അറുപത് മാസംവരെ കാലാവധിയുള്ള പേഴ്‌സണല്‍ ലോണുകളുണ്ട്. വായ്പ നല്‍കുന്ന സ്ഥാപനവുമായി ലോണ്‍ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ലോണ്‍ കാലാവധിയും മറ്റും പരിശോധിക്കണം.
പേഴ്‌സണല്‍ ലോണെടുക്കാന്‍ വേണ്ട രേഖകളുടെ കാര്യത്തില്‍ നിങ്ങളുടെ വരുമാനം, ജോലി, റസിഡന്‍സ് പ്രൂഫ് എന്നിവ ബാങ്ക് ചോദിക്കും. ഒപ്പം നിങ്ങളുടെ ക്രഡിറ്റ് സ്‌കോറും പരിശോധിക്കും. നിലവിലെ ലോണുകളുടെയും ബാധ്യതകളുടെയും വിശദാംശങ്ങളും ധനകാര്യ സ്ഥാപനം ചോദിക്കും. നിലവില്‍ നിങ്ങള്‍ക്ക് ഇടപാടുകളുള്ള ബാങ്കുകളില്‍ നിന്നും പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും കുറച്ചുകൂടി മെച്ചപ്പെട്ട പലിശനിരക്കും ആകര്‍ഷകമായ ആുകൂല്യങ്ങളും, കാലാവധിയുമൊക്കെയാണെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണെടുക്കുന്നതില്‍ തെറ്റില്ല. പേഴ്‌സണല്‍ ലോണ്‍ എടുത്താല്‍ ഇ.എം.ഐ രൂപത്തില്‍ നിങ്ങള്‍ പണം തിരിച്ചടക്കണം.
ലോണിന് അപേക്ഷിക്കുന്നതിനു മുമ്പ് വിവിധ സ്ഥാപനങ്ങളിലെ പലിശ നിരക്ക് താരതമ്യം ചെയ്യണം. ലോണ്‍ തുക, കാലാധി, പലിശ നിരക്ക് എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ നല്‍കിയാല്‍ ഓണ്‍ലൈനായി നിങ്ങള്‍ക്ക് നിരക്കുകള്‍ താരതമ്യം ചെയ്യാനാവും. ഇ.എം.ഐ എത്രയാകുമെന്ന ഒരു ധാരണ കിട്ടാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ 750ന് മുകളിലാണെങ്കില്‍ സ്ഥാപനത്തോട് കുറഞ്ഞ നിരക്കില്‍ ലോണ്‍ നല്‍കാന്‍ ആവശ്യപ്പെടാം.
പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതൊക്കെ കൊള്ളാം, ലോണ്‍ തുകയും പലിശയും സമയാസമയം അടച്ചിരിക്കണം. അതിനാല്‍ നിങ്ങള്‍ക്ക് മാസമാസം ബുദ്ധിമുട്ടില്ലാതെ അടയ്ക്കാന്‍ കഴിയുന്ന തുകയേ ലോണായി എടുക്കാവൂ. തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ നിങ്ങളുടെ ക്രഡിറ്റ് സ്‌കോറില്‍ അത് പ്രതിഫലിക്കുകയും ഭാവിയില്‍ ലോണ്‍ കിട്ടാത്ത അവസ്ഥ വരികയും ചെയ്യും.
ഇരുപതോളം ബാങ്കുകള്‍ അഞ്ചുവര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് ഈടായ്ക്കുന്ന പലിശ നിരക്ക് ഇ.എം.ഐ ഉള്‍പ്പെടെയാണ് ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ളത്.