റിസര്‍വ് ബാങ്കിന്റെ വിലക്കില്‍ കോട്ടക് മഹീന്ദ്ര ബാങ്ക് തകര്‍ന്നടിഞ്ഞു; ഓഹരികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂപ്പുകുത്തി; നിക്ഷേപകര്‍ ഭയചകിതര്‍

റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) കടുത്ത നടപടി നേരിട്ടതിന് പിന്നാലെ കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി വിപണിയില്‍ തകര്‍ന്നടിയുന്നു.. ഓണ്‍ലൈനായോ മൊബൈല്‍ ബാങ്കിംഗ് വഴിയോ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കരുതെന്നും കൊട്ടക് മഹീന്ദ്ര ബാങ്കിനോട് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് ഇന്നു ഓഹരി വിപണിയില്‍ ബാങ്ക് കൂപ്പുകുത്തിയത്.

വ്യാപാരം ആരംഭിച്ചയുടനെ ബാങ്കിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു. 1,658 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി.

ബാങ്കിന്റെ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ആര്‍ക്കൊല്ലാം ആക്‌സസ് ചെയ്യാമെന്ന കാര്യം കൃത്യമായി തിട്ടപ്പെടുത്തനായിട്ടില്ലാത്തതിനാലാണ് ആര്‍ബിഐ ബാങ്കിന് നിയന്ത്രണം കൊണ്ടുവന്നത്. . ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും ബാങ്ക് കൃത്യമായി സ്വീകരിച്ചിട്ടില്ല.

കോട്ടക് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് ആനുപാതികമായി ഐ.ടി സംവിധാനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതില്‍ ബാങ്ക് പരാജയപ്പെട്ടു. ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്‌മെന്റ് സംവിധാനങ്ങളുടെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

ഇനി പുറത്തുനിന്നുള്ള വിദഗ്ദ്ധരെ വച്ച് സമഗ്രമായ ഓഡിറ്റ് നടത്തുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ ഈ എക്‌സ്റ്റേണല്‍ ഓഡിറ്റ് നടത്തുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പ്രധാനമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോംവഴി കൊടക് ബാങ്ക് വന്‍തോതില്‍ സേവിങ്സ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ത്തിരുന്നത്. ഇതിനു നിയന്ത്രണം വരുത്തിയതാണ് ബാങ്ക് ഓഹരികള്‍ കുത്തനെ വീഴാന്‍ കാരണമായിരിക്കുന്നത്.