നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗിച്ച് നിങ്ങളറിയാതെ ആരെങ്കിലും ലോണ്‍ എടുത്തിട്ടുണ്ടോ! തട്ടിപ്പ് തിരിച്ചറിയാന്‍ ചെയ്യേണ്ടത്

ഇന്ത്യക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാന്‍കാര്‍ഡ്. കാരണം പാന്‍കാര്‍ഡ് ഇല്ലാതെ പ്രധാനപ്പെട്ട ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല. പാന്‍കാര്‍ഡില്‍ ഒരു ആല്‍ഫ ന്യൂമറിക് കോഡുണ്ട്. ഈ കോഡ് ഉപയോഗിച്ചാണ് ആദായ നികുതി ഡിപ്പാര്‍ട്ട്മെന്റ് ഒരു വ്യക്തിയെ സാമ്പത്തികമായി മനസിലാക്കുന്നത്. പ്രധാനപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ബാധകമായ നികുതി അടച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ അധികൃതരെ സഹായിക്കുന്നത് പാന്‍കാര്‍ഡാണ്.

പാന്‍കാര്‍ഡുകൊണ്ട് ഈ ഗുണങ്ങളൊക്കെയുണ്ടെങ്കിലും ചില പ്രശ്നങ്ങളുമുണ്ട്. വര്‍ഷാവര്‍ഷം നിരവധിയാളുകളാണ് പാന്‍കാര്‍ഡ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. നമ്മുടെ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.

പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആദ്യം നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയാണ് വേണ്ടത്. അതിനാല്‍ സിബിലോ, എക്സ്പിരിയനോ, ഹാര്‍ഡ് മാര്‍ക്കോ പോലുള്ള കമ്പനികളില്‍ സബ്സ്‌ക്രിപ്ഷന്‍ എടുക്കണം. ചില കമ്പനികള്‍ ഇതിന് ചാര്‍ജ് ഈടാക്കാറുണ്ട്. മറ്റുചിലവ സൗജന്യമായി സ്‌കോര്‍ പരിശോധിക്കാന്‍ അനുവദിക്കാറുണ്ട്.

പാന്‍കാര്‍ഡ് എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാം?

ലോണ്‍ എടുക്കാനായി തട്ടിപ്പുകാര്‍ പാന്‍കാര്‍ഡ് ഉപയോഗിച്ചേക്കാം. ആരുടെ പാന്‍കാര്‍ഡാണോ ഉപയോഗിച്ചത് അയാള്‍ക്കാവും ലോണിന്റെ ബാധ്യത വരുന്നത്. കൂടാതെ നിയമവിരുദ്ധമായ ഇടപാടുകള്‍ക്കുവേണ്ടിയും ചിലര്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്. പാന്‍കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വരെ വാങ്ങാന്‍ കഴിയും. നിശ്ചിതമൂല്യമുള്ള ഇടപാടുകള്‍ നടത്താന്‍ ജ്വല്ലറിയില്‍വരെ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ചിലര്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്.

വെബ്സൈറ്റുകളില്‍ പാന്‍നമ്പര്‍ രേഖപ്പെടുത്തുന്നതിനു മുമ്പ് എച്ച്.ടി.ടി.പി.എസ് എന്ന് മുന്നില്‍ ഉപയോഗിക്കുക. വെബ്സൈറ്റ് എസ്.എസ്.എല്‍ സര്‍ട്ടിഫൈ ചെയ്തതും ഇടപാടുകള്‍ സുരക്ഷിതമാണോയെന്നറിയാനും ഇതുവഴി സാധിക്കും.

പാന്‍കാര്‍ഡിന്റെ കോപ്പിയാണ് നല്‍കുന്നതെങ്കില്‍ കോപ്പി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ അതിന്മേല്‍ തിയ്യതിയും സമയവും എഴുതിയശേഷം നല്‍കൂ.

വിശ്വാസ്യതയില്ലാത്ത, സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിങ്ങളുടെ പേരും ജനനതിയ്യതിയും നല്‍കരുത്.

ക്രമക്കേടുകള്‍ കണ്ടെത്താന്‍ ക്രഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.

പാന്‍ ക്രമക്കേട് സംബന്ധിച്ച് എന്തെങ്കിലും പരാതി നല്‍കുന്നെങ്കില്‍ ആയ്കര്‍ സംപര്‍ക്ക് ഹെല്‍പ്പ്ലൈനില്‍ ലോഗിന്‍ ചെയ്യാം.

ആദ്യം TIN NSDL ന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ കെയര്‍ സെക്ഷനിലേക്ക് പോകുക

കസ്റ്റമര്‍ കെയറില്‍ ക്ലിക്ക് ചെയ്ത് കംപ്ലെയ്ന്റ് മെനുവില്‍ ക്ലിക്ക് ചെയ്യുക.

ശേഷം വ്യക്തിപരമായ വിവരങ്ങള്‍ എന്റര്‍ ചെയ്ത് പരാതിയുടെ സ്വഭാവം വിശദീകരിക്കുക.

ഇതിനുശേഷം captcha code എന്റര്‍ ചെയ്ത് ഫോം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും.