ഐ.ടി.സി ചെയർമാൻ വൈ. സി ദേവേശ്വർ അന്തരിച്ചു

ഇന്ത്യൻ ടുബാക്കോ കമ്പനി [ ഐ ടി സി ] കമ്പനി ചെയര്‍മാന്‍ വൈ.സി ദേവേശ്വര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കമ്പനിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സിഇഒ ആയിരുന്നു ദേവേശ്വര്‍. 2011ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1968ലാണ് ദേവേശ്വര്‍ ഐ.ടി.സിയില്‍ ചേര്‍ന്നത്. 1996ല്‍ കമ്പനിയുടെ സി.ഇ.ഒ ആയി. 2017ല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയി. സഞ്ജീവ് പുരിയാണ് നിലവില്‍ കമ്പനിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറും.1947 ഫെബ്രുവരി നാലിനായിരുന്നു അദ്ദേഹം ജനിച്ചത്.

ഇന്ത്യന്‍ വ്യവസായമേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ആളാണ് വൈ.സി ദേവേശ്വര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സിയ്ക്ക് ആഗോളതലത്തില്‍ മുദ്ര പതിപ്പിക്കാന്‍ സഹായകമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി.സി 1910ലാണ് സ്ഥാപിച്ചത്. “ഇംപീരിയല്‍ ടുബാക്കോ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്” എന്നായിരുന്നു ആദ്യപേര്. 1970ല്‍ അത് “ഇന്ത്യ ടുബാക്കോ കമ്പനി ലിമിറ്റഡ്” എന്നാക്കി. 1974 മുതല്‍ ഐ.ടി.സി ലിമിറ്റഡ് എന്ന ചുരുക്കപ്പേരിലാണ് കമ്പനി അറിയപ്പെടുന്നത്.