സിദ്ധാർത്ഥിന്റെ തിരോധാനം വികലമായ സാമ്പത്തിക നയം മൂലമോ? സാമ്പത്തിക മാന്ദ്യം ഇങ്ങെത്തിയോ? ചോദ്യശരങ്ങളുമായി കോൺഗ്രസ് നേതാവ്

കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ ബിസിനസ് തകർച്ചയും ഒടുവിൽ അദ്ദേഹത്തിന്റെ തിരോധാനവും ഇന്ത്യയുടെ വികലമായ സാമ്പത്തിക നയത്തിന്റെ ഫലമാണോയെന്ന ചോദ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിജയകരമായി ബിസിനസ് നടത്തിയിരുന്ന ഒരു വ്യക്തി സംരംഭകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്ന് പറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടി വന്നതെന്നും സഞ്ജയ് ചോദിക്കുന്നു.

‘കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ വിജയകഥയായാണ് കഫേ കോഫി ഡേ ആഘോഷിക്കപ്പെട്ടത്. പക്ഷേ പെട്ടെന്ന് സ്ഥാപന ഉടമ പറയുന്നു താന്‍ സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടയാളാണെന്ന്. അദ്ദേഹത്തിനെ കാണാതാവുന്നു. എന്താണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്? സാമ്പത്തിക നയം? മാര്‍ക്കറ്റ് ശക്തികള്‍ അല്ലെങ്കില്‍ ഉപഭോക്താക്കളുടെ ചെലവഴിക്കൽ രീതിയിലെ മാറ്റം ? അല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം ഇങ്ങെത്തിയോ?’ സഞ്ജയ് ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥിനെ കാണാതായത്. സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായതായും അദ്ദേഹം കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. കഫേ കോഫി ഡേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും സിദ്ധാര്‍ത്ഥ് കത്തില്‍ പറയുന്നു.ആരെയെങ്കിലും ചതിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടു. ഇത് ആത്മാര്‍ത്ഥമായ തുറന്നു പറച്ചിലാണ്. ഒരു ദിവസം നിങ്ങള്‍ ഇത് മനസ്സിലാക്കുമെന്നും എനിക്ക് മാപ്പു തരുമെന്നും പ്രതീക്ഷിക്കുന്നെന്നും സഞ്ജയ് കത്തില്‍ പറഞ്ഞിരുന്നു.