ഇക്കുറി യുവജനങ്ങളുടെ പവിലിയന്‍. ദുബായ് എക്‌സ്‌പോ ഒക്ടോബര്‍ 1-ന് ആരംഭിക്കും

ഒക്ടോബര്‍ 1 ന് ആരംഭിക്കുന്ന ദുബായ് എക്‌സ്‌പോ 2020 ന്റെ നടത്തിപ്പ് ഇക്കുറി പൂര്‍ണമായും യുവജന പങ്കാളിത്തത്തിലായിരിക്കുമെന്ന് ദുബായ് ഭരണകൂടം അറിയിച്ചു. അന്താരാഷ്ട്ര യുവജനദിനമായ ഓഗസ്റ്റ് 12 നാണ് പ്രഖ്യാപനമുണ്ടായത്.

ദേശീയ-അന്തര്‍ദ്ദേശീയ യുവശാക്തീകരണത്തിന് എക്‌സ്‌പോ നല്‍കുന്ന എമറാത്തി മാതൃക ഫെഡറല്‍ യൂത്ത് ഫൗണ്ടേഷനും അറബ് യൂത്ത് സെന്ററും വിലയിരുത്തും. ‘ഭാവിയെ രൂപപ്പെടുത്തുന്നതില്‍ യുവതയുടെ പങ്ക് എടുത്തുകാട്ടുന്നതിന് എക്‌സ്‌പോ 2020 ഒരു സുവര്‍ണാവസരമാണ്.’ ദുബായ അന്തര്‍ദ്ദേശീയ സഹകരണവകുപ്പ് മന്ത്രിയും എക്‌സ്‌പോ 2020 ന്റെ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.

‘വേള്‍ഡ് എക്‌സ്‌പോയുടെ ചരിത്രത്തില്‍ യുവജനങ്ങളുടെ സംഭാവനക്ക് ഇക്കുറി രാജ്യം സാക്ഷ്യം വഹിക്കും. സാങ്കേതികവിദ്യ, ന്യൂ മീഡിയ, സ്മാര്‍ട്ട് ലേര്‍ണിംഗും വര്‍ക്ക് പാറ്റേണും, നൂതന സംരംഭങ്ങള്‍, ഡിജിറ്റല്‍, സര്‍ക്കുലര്‍-ഗ്രീന്‍ ഇക്കോണമി തുടങ്ങിയവക്കെല്ലാം യുവ പവിലിയന്‍ സ്ഥാനമുറപ്പാക്കും. കൂടാതെ എമറാത്തി യുവജനങ്ങള്‍ക്ക് അന്താരാഷ്ട സമൂഹവുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും വേദിയൊരുങ്ങും.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ആറുമാസം നീണ്ടുനില്‍ക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ എക്‌സിബിഷനുകളിലൊന്നുമായ ദുബായ് എക്‌സ്‌പോ കഴിഞ്ഞകൊല്ലം നടക്കേണ്ടിയിരുന്നത് 2020 ഒകടോബര്‍ 1 മുതല്‍ 2021 ഏപ്രില് 10 വരെ ആയിരുന്നു. കോവിഡ് സാഹചര്യത്തില്‍ അതേ പേരില്‍ തന്നെ ഈ കൊല്ലം ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് നടക്കുക.