യുദ്ധഭീതിയിൽ ആടിയുലഞ്ഞ് ഓഹരി വിപണി, സെൻസെക്‌സ് ഇടിഞ്ഞത് 788 പോയിന്റ്, രൂപയും തകർന്നു

ഓഹരി വിപണിയിൽ ഇന്ന് കനത്ത തകർച്ചയാണ് പ്രകടമായത്. അമേരിക്ക ബാഗ്ദാദിൽ നടത്തിയ ആക്രമണവും തുടർന്ന് ഇറാൻ നടത്തുന്ന പോർവിളിയും ലോകത്ത് അശാന്തിയുണ്ടാക്കുമോ എന്ന ആശങ്കയാണ് മാർക്കറ്റിനെ വലിയ പഠനത്തിലേക്ക് നയിച്ചത്. ക്രൂഡ് ഓയിൽ വില ഉയരുന്നതും മാർക്കറ്റ് ആശങ്കയോടെ കാണുന്നു. സെൻസെക്‌സ് ക്ലോസിംഗിൽ 787.97  പോയിന്റ് ഇടിഞ്ഞ 40,676.63-ൽ ക്ളോസ് ചെയ്തപ്പോൾ നിഫ്റ്റി ഒറ്റ ദിവസത്തിൽ 233.60 പോയിന്റ് താഴ്ന്ന് 11,993.5 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്‌സ് ഇന്ന് മാത്രം രണ്ടു ശതമാനം കുറഞ്ഞു.

അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഉയരുന്നതും കടുത്ത ആശങ്കക്ക് ഇട നൽകുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം ക്രൂഡ് വില ആറ് ശതമാനം കൂടി. ഒരു ബാരലിന്റെ നിരക്ക് 70 ഡോളറിന് മുകളിലായി. ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില ഉയരുന്നതും വിപണിയുടെ ഉറക്കം കെടുത്തുന്നു. രൂപയുടെ മൂല്യവും ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ വില 72 രൂപക്ക് മുകളിലായി.
ഗൾഫിലെ യുദ്ധസാഹചര്യം ക്രൂഡ് ഓയിലിന്റെ നീക്കത്തെ ബാധിക്കുമെന്ന വിലയിരുത്തലും മാർക്കറ്റിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു.