ക്രെഡിറ്റ് സ്‌കോറില്‍ റെഡ് മാര്‍ക്കോ?, നിങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്

മുടങ്ങിയ ഇഎം ഐ അടച്ച് കുടിശ്ശിക തീര്‍ത്തിട്ടും ക്രെഡിറ്റ് സ്‌കോറില്‍ റെഡ് മാര്‍ക്ക് തുടരുന്ന കേസുകള്‍ ധാരാളമാണ്. അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ ക്ലിയര്‍ ചെയ്തിട്ടും അത് ക്രെഡിറ്റ് സ്‌കോറില്‍ നിഴലിക്കാത്ത സംഭവങ്ങള്‍ നിത്യേന എന്നോണം നാം കേള്‍ക്കുന്നതാണ്. ഏതെങ്കിലും വായ്പയുമായി ബന്ധപ്പെട്ട് പിന്നീട് ബാങ്കിനെ സമീപിക്കുമ്പോഴാകും സ്‌കോറില്ല എന്ന സത്യം മനസിലാകുന്നത്. ബാങ്കുകളുടെയും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെയും ഇത്തരം അലംഭാവം ഇനി നടക്കില്ല.

പലപ്പോഴും നമ്മുടെ തിരിച്ചടവ് ചരിത്രം അതാത് സമയത്ത് ബാങ്കുകള്‍ സിബിലിന് (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ലിമിറ്റഡ്) അബ്ഡേറ്റ് ചെയ്യാറില്ല. അതുകൊണ്ട് സ്‌കോറില്‍ അത് നിഴലിക്കാറുമില്ല. തിരക്കു മൂലമോ അല്ലെങ്കില്‍ മറന്നതു കൊണ്ടോ ഒക്കെയാകും ഇങ്ങനെ സംഭവിക്കുക. ഇനി ഇത്തരം നടപടികള്‍ വെച്ച് പൊറുപ്പിക്കില്ലെന്നാണ് ഏറ്റവും പുതിയ പണനയ യോഗത്തിന് ശേഷം ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്. അങ്ങനെ സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. അതായത് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ അവധാനത കൊണ്ട് സ്‌കോര്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ലെങ്കില്‍ നമുക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നര്‍ത്ഥം. ഇതിനുള്ള മെക്കാനിസം തയ്യാറാക്കി വരികയാണ്. ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചയാണെങ്കിലും ഇതിന്റെ പരിധിയില്‍ വരും. മാത്രമല്ല നിങ്ങളുടെ സ്‌കോര്‍ പുതുക്കുമ്പോള്‍ എസ്എംഎസ് അല്ലെങ്കില്‍ ഇ മെയിലായി അതിന്റെ വിവരങ്ങളും ലഭ്യമാക്കും. അടവ് കൃത്യമായിട്ടാണെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെയും അവധാനത മൂലം ഉപഭോക്താക്കളെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് സാരം.

സ്‌കോര്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍

ഒരാള്‍ക്ക് വായ്പ നല്‍കാമോ, അഥവാ എത്ര ശതമാനം പലിശയ്ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണയിക്കുന്ന സ്‌കെയിലാണ് ക്രെഡിറ്റ് സ്‌കോര്‍. സാധാരണയായി വായ്പാതിരിച്ചടവ് ശേഷി, വരുമാനം, തിരിച്ചടവിലെ കൃത്യത, പ്രായം തുടങ്ങിയ പല ഘടകങ്ങള്‍ കണക്കിലെടുത്ത് 300 മൂതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നത്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സിബില്‍ ആണ് (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ലിമിറ്റഡ് ) ബാങ്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്‌കോര്‍ നല്‍കുന്നത്. ഇക്വിഫാക്സ്, എക്സ്പേരിയന്‍ തുടങ്ങിയ സ്ഥാപനങ്ങളുമുണ്ടെങ്കിലും അത്ര സജീവമല്ല.

300-900

700 ന് മുകളിലാണ് സ്‌കോര്‍ എങ്കില്‍ വായ്പ ലഭ്യത എളുപ്പമാകും. പലിശയും ആകര്‍ഷകമാകും. 600 താഴെയാണെങ്കില്‍ സ്‌കോര്‍ നല്ലതല്ല എന്നാണ് വിലയരുത്തല്‍. അതായത് റിസ്‌ക് കൂടിയ ആളാണ് എന്നര്‍ഥം. ഇത്തരം കേസുകളില്‍ ബാങ്കുകള്‍ വായ്പ കഴിവതും പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ട് വായ്പ എടുത്ത് കൃത്യമായി തിരിച്ചടച്ചാല്‍ മാത്രം പോര. സ്‌കോറില്‍ അതാത് സമയത്ത് ഇത് നിഴലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്.

കാരണം ബാങ്കിന് പറ്റുന്ന ഈ ചെറിയ വീഴ്ചയുടെ ഇരയാവുന്നത് പലപ്പോഴും ഇടപാടുകാരായിരിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വായ്പയ്ക്കായി സമീപിക്കുമ്പോഴായിരിക്കും താഴ്ന്ന സ്‌കോര്‍ ചൂണ്ടി കാണിച്ച് ബാങ്ക് വായ്പ നിരസിക്കുക.

പരിശോധന നിര്‍ബന്ധം

അതുകൊണ്ട് വായ്പകളുടെ അടവ് തീരുന്ന മുറയ്ക്ക, അല്ലെങ്കില്‍ കുടിശിക അടച്ച് സ്വതന്ത്രമാകുന്ന മുറയക്ക്് നിശ്ചയമായും സ്‌കോറില്‍ അത് വരവ് വച്ചു എന്നുറപ്പു വരുത്തേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയാണ്. അല്ലെങ്കില്‍ ആറ് മാസത്തിലൊരിക്കല്‍ സ്‌കോര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. പലപ്പോഴും പണം വാങ്ങി വരവ് വയ്ക്കുന്ന ഉദ്യോഗസ്ഥന്‍ ആ എന്‍ട്രി ചേര്‍ത്തുകൊള്ളണമെന്നില്ല. പക്ഷെ, വായ്പ നിങ്ങളുടെ ആവശ്യമാണ്. അതുകൊണ്ട് നിങ്ങള്‍ തന്നെ അത് ഉറപ്പ് വരുത്തണം. ഇനി ഇത് ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന പലിശയ്ക്ക് നിങ്ങള്‍ അത്യാവശ്യത്തിന് വായ്പ എടുക്കേണ്ടി വരും. സ്‌കോര്‍ കുറഞ്ഞാല്‍ റിസ്‌ക് കൂടും. പലിശയും കൂടും.

ബാങ്കുമായി തര്‍ക്കമുണ്ടായാല്‍

എത്ര സാമ്പത്തിക സ്ഥാപനങ്ങളുമായിട്ടാകും നിരന്തരം നമ്മള്‍ ഇടപാടുകള്‍ നടത്തുക. ഇവിടെ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും സ്വാഭാവികമാണ്. ഉപഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും ഭാഗത്തെ വീഴ്ച കൊണ്ട് ഇത് സംഭവിക്കാം. അങ്ങനെ വന്നാല്‍ ചിലപ്പോഴെല്ലാം പണമടവ് മുടങ്ങിയേക്കാം അല്ലെങ്കില്‍ പ്രശ്‌നത്തില്‍ വ്യക്തത വരുന്നതു വരെ തര്‍ക്കത്തില്‍ പെട്ട തുകയുടെ കാര്യം അനിശ്ചിതത്വത്തിലായേക്കാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഇത് നിയമനടപടിയിലേക്ക് നീങ്ങാനും ഇടയുണ്ട്.

അടിയന്തര നടപടി വേണം

ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റാണ് പലപ്പോഴും ഏറ്റവും അധികം തര്‍ക്കത്തിന് കാരണമാകുക.
ബാങ്കുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഇടപാടുകളില്‍ പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റില്‍ ആധികാരികമാല്ലാത്ത പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബാങ്കില്‍ അറിയിക്കണം. തര്‍ക്കങ്ങള്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത് റസിറ്റും പരാതി സമര്‍പ്പിച്ചതിനുള്ള റഫറന്‍സ് ഐ ഡിയും സ്വന്തമാക്കുക. ബാങ്കിന്റെ വിശദീകരണം മതിയായതല്ലെങ്കില്‍ ഉപഭോക്തൃ ഫോറത്തിലോ ബാങ്കിംഗ് ഓംബുഡ്‌സ്മാനോ പരാതി നല്‍കാം. ഈ മെയിലിലൂടെ ബന്ധപ്പെടുക. അതിന്റെ തെളിവുകള്‍ സൂക്ഷിക്കുക. ഇത് പിന്നീട് ഗുണം ചെയ്യും.

അടവ് നടക്കട്ടെ

തര്‍ക്കം കഴിയട്ടെ അതിന് ശേഷം പണമടയ്ക്കാം എന്ന് ഇത്തരം കേസുകളില്‍ പലരും കരുതാറുണ്ട്. നിങ്ങളുടെ സ്‌കോറിനെ ആണ് അത് ദീര്‍ഘകാലത്തേക്ക് ബാധിക്കുക എന്നോര്‍ക്കണം. കാരണം തര്‍ക്കങ്ങള്‍ വര്‍ഷങ്ങള്‍ നീളാം. അതുകൊണ്ട് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ആദ്യം പണമടയ്ക്കുക. പിന്നീട് കേസുമായി മുന്നോട്ട് പോവുക. വിധി അനുകൂലമാണെങ്കില്‍ പണം ബാങ്കുകള്‍ അക്കൗണ്ടിലേക്ക് കൈമാറും. ഇതാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാനുള്ള ഏറ്റവും പ്രായോഗിക വഴി. പക്ഷെ, വലിയ തുകയുടെ കാര്യത്തില്‍ ഇത് പ്രായോഗീകമല്ല. അത്തരം കേസുകളില്‍ താരതമ്യവിലയിരുത്തല്‍ നടത്തി യുക്തമായ തീരുമാനം എടുക്കുക.