ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പുതിയ ചട്ടങ്ങളുമായി ആര്‍.ബി.ഐ; വൈകിയാല്‍ കാര്‍ഡ് ഉടമയ്ക്ക് ദിവസം 500 രൂപ ലഭിക്കും

ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഏപ്രില്‍ 21ന് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രഡിറ്റ് കാര്‍ഡ് ക്ലോസിങ്, ബില്ലിങ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ ചട്ടങ്ങള്‍.

ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ അടക്കം എല്ലാ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍.ബി.എഫ്.സി) ബാധകമാണ്. 2022 ജൂലൈ ഒന്നുമുതലാണ് ചട്ടം നിലവില്‍ വരിക.

പുതിയ ചട്ടപ്രകാരം ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്ത് നല്‍കുന്നത് വൈകിയാല്‍ ദിവസം 500 രൂപ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനം നല്‍കണം. ക്രഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകള്‍ അറിയാം.

1. കാര്‍ഡ് ഉടമ ക്രഡിറ്റ് ഇനത്തില്‍ നല്‍കാനുള്ള മുഴുവന്‍ ഇടപാടുകളും തീര്‍ത്തതാണെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നത് സംബന്ധിച്ച് അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ അത് അംഗീകരിക്കണം.

2. ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് ഉടമയെ ഉടന്‍ ഇ.മെയില്‍, എസ്.എം.എസ് മുതലായവ വഴി അറിയിക്കണം.

3. ക്രഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ നല്‍കാന്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം ഒന്നിലധികം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

4. ഹെല്‍പ്പ് ലൈന്‍, ഇതിനായുള്ള ഇമെയില്‍ ഐഡി, ഇന്ററാക്ടീവ് വോയിസ് റസ്പോണ്‍സ് (ഐ.വി.ആര്‍), വെബ്സൈറ്റില്‍ പെട്ടെന്ന് ദൃശ്യമാകുന്ന തരത്തില്‍ ലിങ്ക് നല്‍കല്‍, മൊബൈല്‍ ആപ്പ് അതുപോലുള്ള മറ്റെന്തെങ്കിലും വഴിയില്‍ അപേക്ഷകള്‍ അയക്കാന്‍ സംവിധാനമൊരുക്കാം.

5. ക്രഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ പോസ്റ്റ് വഴിയോ മറ്റോ നല്‍കാന്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനി നിര്‍ബന്ധം പിടിക്കരുത്. കാരണം ഇത് അപേക്ഷ കിട്ടുന്നത് വൈകാന്‍ ഇടയാക്കും.

6. ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനം ക്രഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഉപഭോക്താവിന് ദിവസം 500 രൂപയെന്ന നിലയില്‍ സ്ഥാപനം പിഴയായി നല്‍കണം.

7. ഒരുവര്‍ഷത്തിലധികമായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടില്ലയെങ്കില്‍ ഇഷ്യൂ ചെയ്ത സ്ഥാപനത്തിന് അത് ക്ലോസ് ചെയ്യാനുള്ള നടപടികള്‍ എടുക്കാം. എന്നാല്‍ ഇക്കാര്യം കാര്‍ഡ് ഉടമയെ അറിയിച്ചിരിക്കണം.

8. ഇക്കാര്യം അറിയിച്ചശേഷം കാര്‍ഡ് ഉടമയില്‍ നിന്നും 30 ദിവസത്തിനുള്ളില്‍ മറുപടിയൊന്നും ലഭിച്ചിട്ടില്ലയെങ്കില്‍ കാര്‍ഡ് ഉടമ തിരിച്ചടയ്ക്കാനുള്ള തുക മുഴുവന്‍ ഈടാക്കിയശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.

9. കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനം ക്ലോസിങ് സംബന്ധിച്ച കാര്യങ്ങള്‍ 30 ദിവസത്തിനുള്ളില്‍ ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയെ അറിയിക്കേണ്ടതാണ്.

10. ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്തു കഴിഞ്ഞാല്‍, ആ അക്കൗണ്ടില്‍ എന്തെങ്കിലും തുക ബാക്കിയുണ്ടെങ്കില്‍ അത് കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതായിരിക്കും.