സാമ്പത്തികമാന്ദ്യം, വെള്ളപ്പൊക്കം; വിലകുറഞ്ഞ മദ്യത്തിൽ അഭയം തേടി ഇന്ത്യക്കാർ; ഷിവാസ് റീഗലും അബ്സല്യൂട്ട് വോഡ്കയും കുടിക്കാനാളില്ല

 

ഷിവാസ് റീഗൽ സ്കോച്ചിന്റെയും അബ്സല്യൂട്ട് വോഡ്കയുടെയും നിർമാതാക്കളായ പെർനോഡ് റിക്കാർഡിന്റെ ഇന്ത്യയിലെ വിൽപ്പന ഇടിഞ്ഞു, മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെത്തുടർന്ന് വിലകുറഞ്ഞ ബ്രാൻഡുകളിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചതാകാം കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് മാസത്തെ 23 ശതമാനം വർധനയും ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 20 ശതമാനം വരുമാന വളർച്ചയുമായി താരതമ്യപെടുത്തുമ്പോൾ, സെപ്റ്റംബറിൽ പെർനോഡ് റിക്കാർഡിന്റെ ഇന്ത്യ ഡിവിഷന്റെ വിൽപ്പന മൂന്ന് ശതമാനമായി കുറഞ്ഞതായി കമ്പനിയുടെ വരുമാന പ്രസ്താവനയിൽ പറയുന്നു. ബ്ലൂംബെർഗിന്റേതാണ് ഈ റിപ്പോർട്ട്.

ഒരു വർഷം മുമ്പ് ഉയർന്ന വിൽപ്പനയുണ്ടായിരുന്നു, എന്നാൽ പിന്നീട് ഡിമാൻഡ് കുറഞ്ഞ് വളർച്ചയിൽ ഇടിവിന് കാരണമായെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലും ചൈനയിലും കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച അനിശ്ചിതാവസ്ഥയിലാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലക്സാണ്ടർ റിക്കാർഡ് ബ്ലൂംബെർഗിനു നൽകിയ ഫോൺ അഭിമുഖത്തിൽ പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും വെള്ളപ്പൊക്കം ഉണ്ടായതും സാമ്പത്തിക മാന്ദ്യം ഉണ്ടായതും പെർനോഡ് റിക്കാർഡിന്റെ ഇന്ത്യയുടെ വരുമാനത്തെ സ്വാധീനിച്ചതായും മാനേജ്‌മെന്റിനെ ഉദ്ധരിച്ച കുറിപ്പിൽ മക്വാരി പറഞ്ഞു. മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ രാജ്യത്തെ ജനങ്ങളുടെ ഉപഭോഗം കുറച്ചു. ജിഡിപി വളർച്ച ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്.

പെർനോഡിന്റെ വരുമാനത്തിൽ ഇടിവുണ്ടായതുപോലെ വിപണിയിലെ ഇവരുടെ എതിരാളികളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് ഉണ്ടാവാൻ സാധ്യതയില്ലെങ്കിലും മദ്യ വിപണിയിൽ പൊതുവായ മാന്ദ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മക്വാരി പറഞ്ഞു.

ഇന്ത്യയിലെ ആഡംബര മദ്യ വിപണിയിൽ മാർക്കറ്റ് ലീഡറാണ് പെർനോഡ് റിക്കാർഡ്.