പ്രവാസി ചിട്ടി വ്യാപകമാക്കുന്നു, ഇന്നു മുതൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും

കെ എസ്എഫ്ഇ പ്രവാസി ചിട്ടി ഇന്ന് മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിൽ നിന്നും ആരംഭിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം മേയ് 17 ന് ആരംഭിക്കും. ലണ്ടനിലാണ് ഇതിന്‍റെ ഉദ്ഘാടനം നടക്കുക. നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്.

കഴിഞ്ഞ നവംബര്‍ 23നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. മേയ് 17ന് കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെച്ച് നടക്കുന്ന ലിസ്റ്റിംഗ് ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കായി പ്രവാസി ചിട്ടി സമര്‍പ്പിക്കും. ധനമന്ത്രി ഡോ.  തോമസ് ഐസക്കും ചടങ്ങിൽ പങ്കെടുക്കും.