കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

കേരളത്തിലെ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം ജൂണ്‍ 29-ന് അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തിലാണ് ജൂണ്‍ 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ സ്വര്‍ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025ഉം നടക്കുമെന്ന് അറിയിച്ചത്. ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എംപി, റോജി ജോണ്‍ എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര-വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 5000-ത്തിലധികം പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ആഭരണ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി AKGSMA ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ജൂണ്‍ 27, 28, 29 തീയതികളിലാണ് ‘കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025’ എന്ന പേരില്‍ ആഭരണ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും, ജം ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പ്രമോദ് ദേരാവാല, ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് റോക്ക്ടെ, ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300-ഓളം സ്വര്‍ണ്ണ വ്യാപാരികളും ചേര്‍ന്ന് റിമോട്ട് ബട്ടണ്‍ അമര്‍ത്തി കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025 പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

ജൂണ്‍ 27 ന ഉച്ചയ്ക്ക് 2:30ന് ജിഎസ്ടി, ബിഐഎസ്, ലീഗല്‍ മെട്രോളജി, പോലീസ് റിക്കവറി തുടങ്ങിയ സ്വര്‍ണ്ണ വ്യാപാരികള്‍ ദിനംപ്രതി അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജംഷീദ് ആലം ചര്‍ച്ചയുടെ മോഡറേറ്ററായിരിക്കും. 4 മണി മുതല്‍ അവധി വ്യാപാരത്തെ സംബന്ധിച്ച് സെമിനാറും നടക്കുംമെന്ന് AKGSMA ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.

Read more

ജൂണ്‍ 28ന് രാവിലെ 10:30ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രണ്ടാം ദിവസത്തെ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്വര്‍ണ്ണ മെറ്റല്‍ ലോണിനെ സംബന്ധിച്ച് ബാങ്കുകളുടെ പാനല്‍ ചര്‍ച്ച നടക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൃഷ്ണകുമാര്‍ ഉണ്ണി മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കുശേഷം 2:30ന് കേരളം സമ്പൂര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം കേരള ലീഗല്‍ മെട്രോളജി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. രാത്രി അവാര്‍ഡ് നൈറ്റും അനൂപ് ശങ്കറിന്റെ മ്യൂസിക്കല്‍ ഇവന്റും ഉണ്ട്. കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര വ്യവസായ മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിക്കുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു.