പാകിസ്ഥാന് ലോട്ടറി അടിച്ചു, കറാച്ചി തീരത്ത് വൻ എണ്ണശേഖരം കണ്ടെത്തിയെന്ന് ഇമ്രാൻ ഖാൻ

പാകിസ്ഥാന്റെ തീരക്കടലിൽ വൻ എണ്ണ,  പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. കറാച്ചിയോട് ചേർന്ന് കടലിൽ നടത്തിയ ഓഫ് ഷോർ എണ്ണ പര്യവേക്ഷണത്തിൽ വൻശേഖരം ഉണ്ടെന്ന് കണ്ടെത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് “ഗൾഫ് ന്യൂസ്” ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
“എണ്ണ നിക്ഷേപം കണ്ടെത്തിയതിനെ കുറിച്ച് ഉടൻ തന്നെ ഒരു ശുഭവാർത്ത ഉണ്ടാകും. രാജ്യം മുഴുവൻ ഇതിനായി പ്രാർത്ഥിക്കണം” – ഇമ്രാൻ ഖാൻ പാകിസ്ഥാൻ ജനതയെ അറിയിച്ചു. ഭാവിയിൽ പാകിസ്ഥാന് എണ്ണ ഇറക്കുമതി ആവശ്യമായി വരില്ല. കാരണം അത്ര വിപുലമായ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത് –  അദ്ദേഹം പറഞ്ഞു.
ഏതാനും രാജ്യാന്തര കമ്പനികൾ സംയുക്തമായാണ് കറാച്ചി തീരത്ത് നിന്ന് 230 കിലോമീറ്റർ അകലെ എണ്ണ കണ്ടെത്താൻ ശ്രമം തുടങ്ങിയത്.

10 കോടി യു. എസ് ഡോളറാണ് ഇതിനു ചെലവ്. 9 ട്രില്യൺ ക്യബിക് അടി ഗ്യാസും വൻ എണ്ണ ശേഖരവും ഉണ്ടെന്നാണ് എക്‌സോൺ മൊബീൽ എന്ന കമ്പനിയുടെ നിഗമനം. ഇപ്പോൾ പാകിസ്ഥാന്റെ ആഭ്യന്തര ഉത്പാദനം മൊത്തം ഉപഭോഗത്തിന്റെ 15 – 20 ശതമാനമാണ്. ഇറാന്റെ അതിർത്തിയോട് ചേർന്ന കടലിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.