ഹോള്‍മാര്‍ക്ക് ചെയ്യാത്ത പഴയ സ്വര്‍ണം കൈയിലുണ്ടോ? ചെയ്യേണ്ടത് ഇതാണ്

ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മാത്രമേ 2021 ജൂണ്‍ 16 മുതല്‍ വില്‍ക്കാവൂവെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേവര്‍ഷം ജൂലൈ ഒന്നുമുതല്‍ ഹോള്‍മാര്‍ക്ക് ചിഹ്നങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. മൂന്ന് ചിഹ്നങ്ങളാണ് പരിഷ്‌കാരത്തിലൂടെ കൊണ്ടുവന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ഹോള്‍മാര്‍ക്ക് (ബി.ഐ.എസ്), പ്യൂരിറ്റി ഫിറ്റ്നസ് ഗ്രേഡ്, ആറക്കമുള്ള ആല്‍ഫാ ന്യൂമറിക് കോഡ് എന്നിവയാണ് പുതിയ ചിഹ്നങ്ങള്‍.

അപ്പോള്‍ ജൂലൈ ഒന്നിന് മുമ്പ് വാങ്ങിയ സ്വര്‍ണങ്ങളുടെയും ഹോള്‍മാര്‍ക്ക് ചിഹ്നമില്ലാത്ത പഴയ സ്വര്‍ണങ്ങളുടെയും സ്ഥിതിയെന്താവും? പലരുടെയും ആശങ്കയാണിത്. കൂട്ടത്തോടെ പഴയ സ്വര്‍ണം ഇതിന് തൊട്ടുമുമ്പായി വിറ്റവരും കുറവല്ല. ഇത്തരം സ്വര്‍ണം ഇനി എന്ത് ചെയ്യും എന്നതിനെക്കുറിച്ച് പറയാം.

ഹോള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണം കയ്യിലുണ്ടെങ്കില്‍:

ഹോള്‍മാര്‍ക്ക് ഇല്ലാത്ത പഴയ സ്വര്‍ണം കയ്യിലുള്ള വ്യക്തികളുടെ മുമ്പിലുള്ളത് രണ്ട് വഴികളാണ്. ഒന്ന് ബി.ഐ.എസ് രജിസ്ട്രേഡ് ജ്വല്ലറി വില്‍പ്പനക്കാരന്‍ വഴി ആഭരണങ്ങള്‍ ഹോള്‍മാര്‍ക്ക് ചെയ്യിക്കുക എന്നതാണ്. രണ്ടാമതായി, ബി.ഐ.എസ് അംഗീകാരമുള്ള ഹോള്‍മാര്‍ക്കറ്റിങ് സെന്ററുകളില്‍ നിന്നും ആഭരണം പരിശോധിപ്പിക്കുകക്കുക.

ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം. ഒരു ജ്വല്ലറിയുടമ വഴി ആഭരണം ബി.ഐ.എസ് ചെയ്യാമെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നത്. ഇതിനായി നമ്മള്‍ ആഭരണം ജ്വല്ലറിയുടമയെ ഏല്‍പ്പിക്കുക. അദ്ദേഹം ബി.ഐ.എസ് അസായ് ആന്റ് ഹോള്‍മാര്‍ക്കിങ് സെന്ററിലെത്തി ആഭരണം ഹോള്‍മാര്‍ക്ക് ചെയ്യിച്ചുതരും. ഇതിനായി ഒരു ആഭരണത്തിന് 35 രൂപ ചാര്‍ജ് ഈടാക്കാമെന്നാണ് ബി.ഐ.എസ് വെബ്സൈറ്റില്‍ പറയുന്നത്.

അസായ് ആന്റ് ഹോള്‍മാര്‍ക്ക് സെന്ററില്‍ ആഭരണം പരിശോധിക്കുകയാണ് രണ്ടാമത്തെ വഴി. ഇതിനായി ഉപഭോക്താവില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നതായിരിക്കും. പരിശോധന കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഉപഭോക്താവിന് നല്‍കും. അതില്‍ ആഭരണത്തിന്റെ പരിശുദ്ധിയും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ ആഭരണം വില്‍ക്കുമ്പോള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ഉപകാരപ്പെടും.

സ്വര്‍ണം പരിശോധിക്കുന്നതിനായി ബി.ഐ.എസ് ചില ചട്ടങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി ഉപഭോക്താവിന് ഒന്നോ ഒന്നിലേറെയോ ആഭരണങ്ങള്‍ കൊണ്ടുപോകാം. ഓരോ ആഭരണവും ഉപഭോക്താവിന്റെ സാന്നിധ്യത്തില്‍ തൂക്കിനോക്കിയശേഷം തിരിച്ചറിയുന്നതിനായി ഒരു സീരിയല്‍ നമ്പര്‍ ടാഗ് ചെയ്തുവെയ്ക്കും.

സ്വര്‍ണത്തിന്റെ പരിശുദ്ധി നോക്കുന്നത് രണ്ട് രീതിയിലാണ്. ഒന്ന് എക്സ്.ആര്‍.എഫ് മെത്തേഡാണ്. ഇതില്‍ പ്രതലഭാഗത്തെ സ്വര്‍ണത്തിന്റെ പരിശുദ്ധിമാത്രമാണ് നോക്കുന്നത്. രണ്ടാമത്തേത് ഫയര്‍ അസായ് രീതിയാണ്. ഈ രീതിയാണ് സ്വര്‍ണത്തിന്റെ കൃത്യമായ പരിശുദ്ധി നോക്കുന്നതിന് ആഗോളതലത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എക്സ്.ആര്‍.എഫ് മേത്തേഡ് പ്രകാരമാണ് പരിശോധിക്കുന്നതെങ്കില്‍ പരിശുദ്ധി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കില്ല.

സര്‍ക്കാര്‍ പുറത്തവിട്ട പത്രക്കുറിപ്പ് അനുസരിച്ച് പരിശോധനയ്ക്കായി നാല് ആഭരണങ്ങള്‍ വരെ 200 രൂപയും അഞ്ചോ അതിലധികമോ ആഭരണങ്ങളുണ്ടെങ്കില്‍ ഓരോ ആഭരണത്തിനും 45 രൂപ എന്ന രീതിയിലും നല്‍കണം.

പഴയ ചിഹ്നങ്ങള്‍ ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ ആണെങ്കില്‍:

Read more

പഴയ ചിഹ്നങ്ങളാണ് നിങ്ങളുടെ ആഭരണങ്ങളില്‍ ഹോള്‍മാര്‍ക്ക് ചെയ്തതെങ്കില്‍ അത് ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണമായി കണക്കാക്കും. അവ മാറ്റി ഹോള്‍മാര്‍ക്ക് ചെയ്യിക്കേണ്ട ആവശ്യമില്ല.