പുതിയ ഡിജിറ്റൽ കറൻസിയുമായി ഫെയ്സ്‌ബുക്ക് എത്തുന്നു

Advertisement

നവമാധ്യമം എന്ന നിലയിൽ ദിവസവും 200 കോടിയിലേറെ ആളുകളുമായി സംവദിക്കുന്ന ഫെയ്സ്‌ബുക്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിയ്ക്കുന്നു. ലിബ്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന കറൻസി അടുത്ത ആറു മുതൽ 12 മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മാസ്റ്റർ കാർഡ്, വിസ, യൂബർ, പേ പാൽ, സ്പോട്ടിഫൈ തുടങ്ങിയ പേയ്‌മെന്റ് രംഗത്തെ വമ്പൻ കമ്പനികളുമായി സഹകരിച്ചാണ് ഫെയ്സ്‌ബുക്ക് പുതിയ ക്രിപ്റ്റോ കറൻസിയുമായി രംഗത്തെത്തുന്നത്. ഇവർക്ക് പുറമെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ടു ഡസനിലേറെ കമ്പനികൾ ഫെയ്സ്‌ബുക്ക് ഡിജിറ്റൽ കറൻസിയുമായി സഹകരിക്കുന്നുണ്ട്.

രാജ്യാന്തര തലത്തിൽ വലിയ ചാർജുകൾ ഇല്ലാതെ പണം അയക്കാനും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും കഴിയുന്ന സംവിധാനം എന്ന നിലയിലാണ് ഇത് മാർക്കറ്റിൽ എത്തുന്നത്.

മറ്റു ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമായിരിക്കും ലിബ്ര എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകത്തെ പ്രധാന കറന്‍സികളായ ഡോളർ, യൂറോ, യെൻ തുടങ്ങിയവയുമായി മൂല്യം താരതമ്യം ചെയ്യുന്ന രീതിയിലായിരിക്കും അവതരണം. ലിബ്രയുടെ മൂല്യം സംരക്ഷിക്കുന്നതിന് ഇത്തരം കറൻസികളുടെ വൻ ശേഖരത്തിന്റെ ബാക്ക് അപ്പും ഇതിനുണ്ടാകും.