18 വര്‍ഷത്തിനിടയില്‍ ആദ്യമായി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: ഫെയ്‌സ്ബുക്കിന് നഷ്ടം 18 ലക്ഷം കോടി

ഓഹരി പിവണിയില്‍ വന്‍തിരിച്ചടി നേരിട്ട് ഫെയ്‌സ്ബുക്ക് മെറ്റാ. ഫെബ്രുവരി രണ്ടിന് 240 ബില്യണ്‍ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തില്‍നിന്ന് നഷ്ടമായത്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ 26.4% നഷ്ടം രേഖപ്പെടുത്തി.

18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഫെയ്‌സ്ബുക്കിന് 1,93,000 കോടി പ്രതിദിന ഉപഭോക്താക്കളുണ്ടായിരുന്നത് ഇപ്പോളത് 1,92,900 കോടിയിലേക്ക് ഇടിഞ്ഞു.

ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും നിയന്ത്രണങ്ങളും ടിക് ടോക്ക് പോലുള്ള എതിരാളികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചതും തിരിച്ചടിയായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന കമ്പനിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഓഹരിയില്‍ ഇടിവുണ്ടായി.

Read more

വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ 31 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. മെറ്റയിലെ 13 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. ഈയിടെയാണ് ഫെയ്‌സ്ബുക്ക് മെറ്റയായി റീബ്രാന്‍ഡ് ചെയ്യപ്പെട്ടത്.