ബ്രാൻഡഡ് ഉപ്പുകളിൽ മാരകമായ പൊട്ടാസ്യം ഫെറോ സയനൈഡ്‌, യു.എസ് ലാബിൽ നടന്ന പരിശോധനയിൽ ഇത് വ്യക്തമായി, നിഷേധിച്ച് ടാറ്റ

ഇന്ത്യയിലെ പ്രമുഖ ബ്രാൻഡഡ് ഉപ്പുകളിൽ അപകടകരമായ വിധത്തിൽ രാസപദാർത്ഥങ്ങൾ കലർന്നിട്ടുണ്ടെന്ന് അമേരിക്കയിലെ ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞു. കാൻസറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോ സയനൈഡ്‌ അടക്കമുള്ള രാസ പദാർത്ഥങ്ങളാണ് അയോഡൈസ്  ചെയ്ത ഉപ്പുകളിൽ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ വെസ്റ്റ് അനാലിറ്റിക്കൽ ലാബിൽ നടന്ന പരിശോധനയിൽ ടാറ്റ സാൾട്ട്, ടാറ്റ സാൾട്ട് ലൈറ്റ്, സാംബാർ റിഫൈൻഡ് സാൾട്ട് തുടങ്ങിയ ബ്രാൻഡുകളിലാണ് അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതെന്ന് ഗോഡ് ഹാം ഗ്രൈൻസ് ആൻഡ് ഫാം പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ശിവശങ്കർ ഗുപ്തയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ടാറ്റ സാൾട്ട് ഈ റിപ്പോർട്ട് നിഷേധിച്ചു.

ഇത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടാണെന്നും സ്ഥാപിത താത്പര്യമാണ് ഇതിനു പിന്നിലെന്നും ഒരു പത്രക്കുറിപ്പിൽ കമ്പനി അറിയിച്ചു. ടാറ്റ സാൾട്ടിൽ ഒരു കിലോഗ്രാമിൽ 1.85 മില്ലി ഗ്രാം പൊട്ടാസ്യം ഫെറോസയനൈഡ്‌ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ടാറ്റ ലൈഫിൽ ഇത് 1 .90 മില്ലി ഗ്രാമാണ്. സാംബാർ ബ്രാൻഡിൽ ഇത് 4 .71 മില്ലി ഗ്രാമാണ്. ഈ രാസവസ്തു വിഷമാണെന്നും ലോകത്ത് ഒരു രാജ്യത്തും ഇത് ഉപ്പിൽ ചേർക്കാൻ അനുവദിക്കുന്നില്ലെന്നും ഗുപ്ത വ്യക്തമാക്കി. കാൻസർ, ഉയർന്ന രക്ത സമ്മർദ്ദം, ലൈംഗിക ശേഷിക്കുറവ്, അമിത വണ്ണം, കിഡ്‌നി തകരാർ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഇത് കരണമാകാമെന്ന് റിപ്പോർട്ട് പറയുന്നു. ഉപ്പ് ശുദ്ധീകരിക്കുന്നതിനാണ് കമ്പനികൾ ഇത് ഉപയോഗിക്കുന്നതത്രെ.

Read more

ഇതിനു പുറമെ മിക്ക ബ്രാൻഡുകളും അയഡിൻ ഉപ്പിൽ ചേർക്കുന്നു. ഉപ്പിൽ പ്രകൃതിദത്തമായി തന്നെ അയഡിൻ ചേർന്നിട്ടുണ്ട്. കൂടുതലായി അയഡിൻ കലർത്തുമ്പോൾ അത് മാരകമായ വിഷമായി മാറുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അയഡിൻ കലർന്ന ഉപ്പിനെ പ്രൊമോട്ട് ചെയ്ത സർക്കാരുകൾ ഈ തട്ടിപ്പിന് കൂട്ടു നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണങ്ങളിൽ ഒന്ന് ഇതാണ്. പ്രാദേശികമായ ഉപ്പ് നിർമ്മാണ കേന്ദ്രങ്ങളെയും അവിടത്തെ തൊഴിലാളികളെയും തകർത്തു കൊണ്ടാണ് കോർപറേറ്റ് മേഖല ഈ വൻ തട്ടിപ്പ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.