ഇറാനിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ചൈന ഒരുങ്ങുന്നു, വില ബാരലിന് 20 -30 ഡോളറിലേക്ക് താഴുമെന്ന് മെറിൽ ലിഞ്ച്

അമേരിക്കയുടെ ഭീഷണി വകവെയ്ക്കാതെ ഇറാനിൽ നിന്ന് കൂടുതൽ അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. അങ്ങനെ വന്നാൽ രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 20 -30 ഡോളറായി കുറഞ്ഞേക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് കണക്കുകൂട്ടുന്നു. അമേരിക്ക ചൈനക്കെതിരായി നടത്തുന്ന നീക്കങ്ങളാണ് ബെയ്ജിങിനെ പ്രകോപിതരാക്കിയിരിക്കുന്നത്. 30,000 കോടി ഡോളർ മൂല്യം വരുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്ക തീരുമാനിച്ചത്. ഈ പ്രശ്നത്തിന് ഇനിയും ഒരു പരിഹാരം കാണാൻ കഴിയാത്തതു കൊണ്ടാണ് ചൈന കടുത്ത നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.

അടുത്ത ഒരു വർഷത്തിൽ ക്രൂഡിന്റെ വില ബാരലിന് 60 ഡോളർ ആയി തുടരുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ചിന്റെ നേരത്തെയുള്ള നിഗമനം. എന്നാൽ ചൈന ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തയ്യാറായാൽ അന്താരാഷ്ട്ര മാർക്കറ്റ് സമ്മര്‍ദ്ദത്തിലാകുമെന്നും വില ഇടിയുമെന്നുമാണ് അവരുടെ പുതിയ നിഗമനം. വില 30 ഡോളറെങ്കിലും കുറയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

അതിനിടെ,  അമേരിക്കൻ ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ എൻറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മെയ് മാസത്തിൽ പ്രതിദിനം 850,000 ബാരൽ കയറ്റുമതി ചെയ്ത സ്ഥാനത്ത് ജൂൺ മാസത്തിലെ ശരാശരി കയറ്റുമതി 550,000 ബാരലിലേക്ക് താഴ്ന്നിട്ടുണ്ട്. ജൂൺ , ജൂലൈ മാസങ്ങളിലെ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു.