വാഹന സ്പെയർ പാർട്സ് വ്യവസായത്തിൽ മാന്ദ്യം തുടരുന്നു; പത്ത് ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടപ്പെടാൻ സാധ്യത

 

വലിയ തൊഴിൽ വെട്ടിക്കുറവുകളില്ലാതെ ഇന്ത്യൻ വാഹന ഘടക (സ്പെയർ പാർട്സ്) വ്യവസായം മാന്ദ്യം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, സാഹചര്യം തുടരുകയാണെങ്കിൽ ഏകദേശം പത്ത് ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.സി‌.എം‌.എ) ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

“മിക്ക വാഹന ഘടക നിർമ്മാതാക്കളും പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് തൊഴിലാളികളെ വീണ്ടും പരിശീലിപ്പിച്ചു കൊണ്ട് മാന്ദ്യം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം തൊഴിൽ നഷ്ടവുമുണ്ട്. പരിശീലനം ലഭിച്ച ഒരു തൊഴിലാളിയെ തിരികെ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാമെന്നതിനാൽ ഇത് കുറയ്ക്കാൻ ശ്രമിക്കുകയാണ്,” എ.സി‌.എം‌.എ അദ്ധ്യക്ഷൻ രാം വെങ്കടരമണി മാധ്യമങ്ങളോട് പറഞ്ഞു.

ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രതിസന്ധി അഭൂതപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. വാഹന നിർമ്മാതാക്കൾ ഉത്പാദനത്തിൽ 15-20 ശതമാനം വെട്ടിക്കുറച്ചത് വാഹന ഘടക മേഖലയിലെ സ്ഥിതി പ്രതിസന്ധിയിലേക്ക് നയിച്ചു. ഈ പ്രവണത തുടരുകയാണെങ്കിൽ, 10 ലക്ഷം പേരെ തൊഴിലിൽ നിന്നും പിരിച്ചു വിടപ്പെടുമെന്നാണ് കണക്കാക്കുന്നത് വെങ്കടരമണി പറഞ്ഞു.

ഓട്ടോമോട്ടീവ് ഘടക വ്യവസായം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 2.3 ശതമാനവും, ഉത്പാദന ജി.ഡി.പിയുടെ 25 ശതമാനവും, 50 ലക്ഷം പേർക്ക് തൊഴിലും നൽകുന്ന മേഖലയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യവസായ വിൽപ്പന 3.95 ലക്ഷം കോടി രൂപയായിരുന്നു (57 ബില്യൺ ഡോളർ). മുൻ വർഷത്തെ അപേക്ഷിച്ച് 14.5 ശതമാനം വളർച്ച. എന്നാൽ ഈ സാമ്പത്തിക വർഷം വ്യവസായം മന്ദമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചേക്കാം എന്നാണ് വെങ്കടരമണി പറയുന്നത്.

ഭാരത് സ്റ്റേജ് 6 (ബിഎസ്-6 ) എമിഷൻ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾക്കായി ഉത്പന്നങ്ങൾ പുറത്തിറക്കാൻ വ്യവസായ രംഗത്തെ പ്രമുഖർ കാര്യമായ നിക്ഷേപം നടത്തിയെന്നും. അതിനാൽ, വിൽപ്പനയിൽ നേരിയ ഇടിവ് സംഭവിച്ചാൽ തന്നെ വലിയ സ്വാധീനം ഉണ്ടായേക്കാം എന്ന് വെങ്കട്ടരാമണി കൂട്ടിച്ചേർത്തു.