രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍; തിരുവനന്തപുരം നൂറ് കോടി നഷ്ടം

കൊവിഡ് വ്യാപനം ശക്തമായപ്പോള്‍, സര്‍വ്വീസ് നിര്‍ത്തിവച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വന്‍ നഷ്ടത്തിലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 136 വിമാനത്താവളങ്ങളില്‍ 107 എണ്ണത്തിലുമായി 2948.97 കോടി രൂപയുടെ മൊത്തം നഷ്ടമാണ് കണക്കായിരിക്കുന്നത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രധാനകാരണം. മാസങ്ങളായി വിമാനത്താവളം അടച്ചിടേണ്ടി വന്നതോടെ കാര്‍ഗോ വരുമാനത്തിലും കുറവുവന്നതോടെയാണ് നഷ്ടത്തിന്റെ ആഘാതം കൂടിയതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗ് ലോകസഭയില്‍ പറഞ്ഞു.

മുന്‍സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് നഷ്ടംഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം കഴിഞ്ഞ സാമ്പത്തികവര്‍ഷം 1368.82 കോടി രൂപയായിരുന്നു. അവസാന മുന്നു വര്‍ഷത്തില്‍ ഒന്ന്, രണ്ട് കാറ്റഗറിയില്‍ വരുന്ന നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തികവര്‍ഷത്തില്‍ 111.77 കോടി നഷ്ടംരേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവര്‍ഷം 13.15 കോടി ലാഭത്തിലായിരുന്നു. തിരക്കില്‍ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ല്‍ 96.1കോടിയും 2020ല്‍ 2.54കോടി രൂപയും അറ്റാദായംനേടിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നഷ്ടം 100 കോടി രൂപയാണ്. മുന്‍വര്‍ഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്.