എയർ ഇന്ത്യ വിൽപ്പന ഉദാരമാക്കി കേന്ദ്രം, വാങ്ങുന്ന കമ്പനി 23,286 കോടിയുടെ ബാദ്ധ്യത ഏറ്റെടുത്താൽ മതി, നൂറ് ശതമാനം ഷെയറുകളും വിൽപ്പനയ്ക്ക്

എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വില്പനക്ക് വെച്ച കേന്ദ്ര സർക്കാർ ഇതിനുള്ള വ്യവസ്ഥകളും കൂടുതൽ ഉദാരമാക്കി. എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന കമ്പനി വഹിക്കേണ്ടി വരുന്ന കടബാദ്ധ്യതയുടെ കാര്യത്തിലാണ് കൂടുതൽ ഉദാര സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 23,286 കോടി രൂപയുടെ കടമാണ് ഏറ്റെടുക്കുന്ന കമ്പനി വഹിക്കേണ്ടത്.

എന്നാൽ 2018-ൽ ഓഹരി വിൽക്കുന്നതിന് ടെണ്ടർ ക്ഷണിച്ചപ്പോൾ 49,000 കോടി രൂപയുടെ കടബാദ്ധ്യത ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ. 76 ശതമാനം ഓഹരികൾ കൈമാറാനുമായിരുന്നു അന്ന് ടെണ്ടർ ക്ഷണിച്ചത്.അന്ന് ഏറ്റെടുക്കാൻ തയ്യാറായി ആരും മുന്നോട്ട് വന്നില്ല. മൊത്തം 63,113 കോടി രൂപയുടെ കടമാണ് എയർ ഇന്ത്യക്കുള്ളത്. പുതിയ ടെണ്ടർ പ്രകാരം 100 ശതമാനം ഓഹരികളും വിൽക്കാൻ ഓഫർ ചെയ്തിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ എയർ ഇന്ത്യയുടെ സമ്പൂർണ വിൽപ്പനയാണ് അരങ്ങേറുക. ഇതിനു പുറമെയാണ് ഏറ്റെടുക്കുന്ന ബാദ്ധ്യത കുറച്ചിരിക്കുന്നത്. കൂറ്റൻ കടബാദ്ധ്യതയാണ് പല പ്രമുഖ കമ്പനികളെയും പിന്തിരിപ്പിച്ചത്. എയർ ഇന്ത്യക്ക് പുറമെ സബ്സിഡിയറി കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്സ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും കൈമാറും. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 17 ആണ്. ഇതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ലിസ്റ്റ് മാർച്ച് 31-നു പുറത്തു വിടും.