അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയനീക്കം; ഏഴ് ലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം ആദാനി; രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കും; സംരഭങ്ങളിലും അടിമുടി മാറ്റം

ഇന്ത്യയുടെ ഹരിതഭാവി മുന്‍കൂട്ടികണ്ട് ഏഴ് ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്. അടുത്ത പത്തു വര്‍ഷത്തിനുള്ളിലായിരിക്കും ഹരിത സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ തുക നിക്ഷേപിക്കുക.

ഖനനം, വിമാനത്താവളങ്ങള്‍, പ്രതിരോധം, എയ്‌റോസ്‌പേസ്, സോളാര്‍ നിര്‍മ്മാണം, റോഡുകള്‍, മെട്രോ, റെയില്‍, ഡാറ്റാ സെന്ററുകള്‍, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡാണ് ഇത്തരം ഒരു ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 2025ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ പോര്‍ട്ട് ഓപ്പറേഷനായി മാറുന്നതിനും 2040-ഓടെ നെറ്റ്-സീറോ പദവി കൈവരിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ മുന്നോട്ട് പോകുകയാണ്. ഈ സംരംഭത്തില്‍ വൈദ്യുതീകരണ ക്രെയിനുകള്‍, ബാറ്ററി അധിഷ്ഠിത പരിവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്നു. കാര്‍ബര്‍ പുറംതള്ളുന്നത് പൂര്‍ണമായി കുറയ്ക്കാനുള്ള പദ്ധതികള്‍ക്കാണ് ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നത്.

ജൈവവൈവിധ്യം കാത്തു സംരക്ഷിക്കുന്നതിന് കണ്ടല്‍ തോട്ടങ്ങള്‍ 25 സാമ്പത്തിക വര്‍ഷത്തോടെ 5000 ഹെക്ടറായി വികസിപ്പിക്കാനും അദാനി ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നു. അദാനി ഗ്രൂപ്പിന്റെ കീഴില്‍ ഗുജറാത്തിലെ കച്ച് മരുഭൂമിയില്‍ ‘ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്ക്’ വികസിപ്പിക്കുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. മരുഭൂമിയില്‍ 726 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണ്.

20 ദശലക്ഷം വീടുകളുടെ ഊര്‍ജ ആവശ്യത്തിനായി 30ജിഗാവാട്ട് ഞങ്ങള്‍ ഉല്‍പാദിപ്പിക്കും. കൂടാതെ, വെറും 150 കിലോമീറ്റര്‍ അകലെയുള്ള മുന്ദ്രയില്‍, സൗരോര്‍ജ്ജത്തിനും കാറ്റിനുമായി ലോകത്തിലെ ഏറ്റവും വിപുലവും സംയോജിതവുമായ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന ആവാസവ്യവസ്ഥ സൃഷ്ടിക്കുകയുമാണെന്നും അദേഹം വ്യക്തമാക്കി.

മുംബൈയിലെ വൈദ്യുതി വിതരണം ചെയ്യുന്ന ഗ്രൂപ്പ് സ്ഥാപനമായ അദാനി ഇലക്ട്രിസിറ്റി അതിന്റെ ഹരിത സംരംഭങ്ങളിലൂടെ വേറിട്ടുനില്‍ക്കുന്നുവെന്ന് അദാനി പറഞ്ഞു. 2027-ഓടെ മുംബൈയ്ക്ക് 60 ശതമാനം പുനരുപയോഗിക്കാവുന്ന വൈദ്യുതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. നിലവില്‍, ഞങ്ങളുടെ വിതരണത്തിന്റെ 38 ശതമാനവും ഹരിതമാണ്’ അദ്ദേഹം വ്യക്തമാക്കി.

അദാനി ടോട്ടല്‍ ഗ്യാസ് സി.എന്‍.ജി, പാചകാവശ്യത്തിനുള്ള സിറ്റി ഗ്യാസ് വിതരണ പദ്ധതി, കംപ്രസ്ഡ് ബയോഗ്യാസ്, ഇ-മൊബിലിറ്റി എന്നിവ വിപുലീകരിക്കും. 2030ഓടെ 75,000 വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനൊപ്പം കാര്‍ഷിക മാലിന്യങ്ങളെ നഗരങ്ങളിലേക്ക് ഉപയോഗിക്കാവുന്ന വാതകമാക്കി മാറ്റുന്ന പ്ലാന്റുകളും നിര്‍മ്മിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. രാജ്യത്ത് ഹരിത മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് അദാനി ഗ്രൂപ്പിന്റേത്.