ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; പ്രധാനമന്ത്രിയുടെ വിവിധ ലോകരാജ്യ തലവന്മാരുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം. ഉച്ചകോടിക്ക് ശേഷം ലോകനേതാക്കൾ മടങ്ങിത്തുടങ്ങി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങിയതിന് പിന്നാലെ ബ്രിക്സ് അധ്യക്ഷസ്ഥാനം ചൈനയ്ക്ക് കൈമാറി. പ്രതിരോധശേഷി, പരിഷ്കരണം, സഹകരണം, സുസ്ഥിരത എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും ക്ഷണിതാക്കളും യോഗം ചേർന്നത്. സുസ്ഥിര വളർച്ചയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന ആഹ്വാനം മുന്നോട്ടുവച്ചു.
ഇന്ത്യൻ നയതന്ത്രവിജയമെന്ന വിലയിരുത്തലോടെയാണ് ഉച്ചകോടിക്ക് തിരശീല വീണത്. ബ്രിക്സ് അംഗരാജ്യങ്ങൾ, പങ്കാളികൾ, ക്ഷണിതാക്കളായ ലോകരാജ്യങ്ങൾ, രാജ്യാന്തര സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ആഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കണമെന്ന് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. നിർമിതബുദ്ധിയുടെ ആയുധവത്കരണം അനുവദിക്കരുതെന്നും മോദി വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് കസാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടിയുടെ നടത്തിപ്പ് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ വിജയമായി ബിജെപി ഉയർത്തിക്കാട്ടുമ്പോൾ, പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സംയുക്ത പ്രസ്താവനയിൽ ഉണ്ടായില്ലെന്ന് കോൺഗ്രസ് വിമർശിച്ചു.
‘80% ഇന്ത്യക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ’; ബ്രിക്സ് വിരുന്നിൽ നേതാക്കൾക്ക് സസ്യാഹാരം മാത്രമാക്കിയതിൽ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; കാരണം അവ്യക്തം