ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്ക് ഇനി വിന്‍സെന്‍ ബ്ലാക്ക് ലൈറ്റ്‌നിങ്ങ്, വില ആറ് കോടി!

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന പദവി ഇനി വിന്‍സെന്‍ ബ്ലാക്ക് ലൈറ്റ്‌നിങ്ങിന്. 2015 ല്‍ 1915 സൈക്ലോണ്‍ ബൈക്ക് കുറിച്ച 4.92 കോടി എന്ന റെക്കോര്‍ഡ് വിലയാണ് വിന്‍സെന്‍ ബ്ലാക്ക് ലൈറ്റ്‌നിങ്ങ് മറികടന്നത്. ഒരുകാലത്ത് ഇരുചക്ര വാഹനങ്ങളിലും നാല് ചക്രവാഹനങ്ങളിലും വിന്‍സെന്റ ബ്ലാക് ലൈറ്റ്നിങ്ങായിരുന്നു വേഗതയില്‍ കേമന്‍.

ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിന് അതായത് ഏകദേശം 6.38 കോടി രൂപയ്ക്കാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങ് വിറ്റുപോയത്. എന്നിരുന്നാലും നികുതിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ പത്തു ലക്ഷം ഡോളറിന് മേലെയാകും ബൈക്കിന് വില. ആധുനിക നൂറ്റാണ്ട് കണ്ട ആദ്യ സൂപ്പര്‍ബൈക്കാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങ്. 1948 മുതല്‍ 1952 വരെയുള്ള കാലയളവിലാണ് ഈ മോഡലിന്റെ ഉല്‍പ്പാദനം നടക്കുന്നത്. ഇക്കാലയളവില്‍ 33 വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങുകളാണ് വിപണിയില്‍ എത്തിയത്. ഇതില്‍ 19 ബൈക്കുകള്‍ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത്.

172 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. 998 സിസി എയര്‍-കൂള്‍ഡ്, ഓവര്‍ഹെഡ് വാല്‍വ് 50º വി-ട്വിന്‍ എഞ്ചിനാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങിന്റെ കരുത്ത്. വീതിയേറിയ ഗിയര്‍ബോക്സും കൂളിംഗ് ദ്വാരങ്ങളോടുള്ള സിംഗിള്‍ പ്ലേറ്റ് ക്ലച്ചും വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങിന്റെ ഫീച്ചറുകളാണ്. ഫോര്‍-സ്പീഡാണ് ഗിയര്‍ബോക്സ്. 70 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. പ്രാരംഭകാലത്ത് മണിക്കൂറില്‍ 196 കിലോമീറ്ററാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിംഗ് ഔദ്യോഗികമായി രേഖപ്പെടുത്തിയ പരമാവധി വേഗത. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങിന് സാധിക്കുമെന്നാണ് വാദം.