വിപണി കീഴടക്കാന്‍ പുതുതലമുറ ആള്‍ട്ടോ, നിര്‍ണായക വിവരം പുറത്ത്

പുതുതലമുറ ആള്‍ട്ടോയെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി മാരുതി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ തലമുറ മാരുതി ആള്‍ട്ടോയുടെ പരീക്ഷണ ഉല്‍പ്പാദനം 2022 ജൂണ്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് അറിയുന്നത്.

ജൂലൈ, ഓഗസ്റ്റ് കാലയളവില്‍ ഈ പുതിയ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുറത്തുവന്ന പരീക്ഷണ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍, പുതിയ ആള്‍ട്ടോയ്ക്ക് പഴയ മോഡലിനെക്കാള്‍ കൂടുതല്‍ നീളവും വീതിയും ഉയരവുമുള്ളതായിട്ടാണ് കാണുന്നത്.

സുസുക്കിയുടെ Heartect പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ആള്‍ട്ടോയും ഒരുങ്ങുന്നത്. ഡിസയര്‍, വാഗണ്‍ആര്‍, എസ്-പ്രസോ, സ്വിഫ്റ്റ് തുടങ്ങിയ മറ്റ് കാറുകളും Heartect പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുതിയ മോഡലിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ള്‍ട്ടോയുടെ വിലകള്‍ നിലവിലെ ആള്‍ട്ടോയുടെ സമാന ശ്രേണിയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.