പുതിയ കാറുകൾ വാങ്ങാൻ ഏറ്റവും നല്ല സമയമാണ് ഉത്സവ സീസൺ. പുത്തൻ മോഡലുകളുടെ വലിയ നിര തന്നെയാണ് ഇത്തവണ നിർമാതാക്കൾ ഒരുക്കുന്നത്. വലിയ ലോഞ്ചുകളാണ് 2024 ഓഗസ്റ്റ് മാസം നടക്കാനിരിക്കുന്നത്. ഏകദേശം ഏഴോളം കാറുകളാണ് വിപണിയിലേക്ക് പുതുതായി കടന്നുവരാൻ പോകുന്നതെന്ന് റിപോർട്ടുകൾ. ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കാറുകൾ ഏതൊക്കെയെന്ന് നോക്കാം.
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന X-ട്രെയിലായിരിക്കും ആദ്യം വിപണിയിൽ എത്തുക. ഓഗസ്റ്റ് ഒന്നിന് തന്നെ മോഡലിന്റെ വില പ്രഖ്യാപനവും ലോഞ്ചും നടക്കും. എസ്‌യുവിയുടെ വില ഏകദേശം 40 ലക്ഷം രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിർമിച്ച് പൂർണ ഇറക്കുമതിയായാണ് X-ട്രെയിൽ ഇന്ത്യയിലേക്ക് വരുന്നത്. വാഹനത്തിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ അവതരിപ്പിക്കുന്ന കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. മോഡൽ ഇതിനകം തന്നെ ട്രെൻഡ് സെറ്ററായി മാറിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിന് ഔദ്യോഗിക അവതരണം നടക്കുന്ന വാഹനത്തിന് വിലകൂടി നിർണയിച്ചാൽ വിപണിയിൽ ഹിറ്റാവുമെന്ന് ഉറപ്പാണ്. C3 എയർക്രോസ് എസ്‌യുവിയെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്നതിനാൽ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമായാവും ഇത് വരിക.
ടാറ്റ കർവ്: സിട്രൺ ബസാൾട്ട് പുറത്തിറക്കി അഞ്ച് ദിവസത്തിന് ശേഷം ഓഗസ്റ്റ് ഏഴിന് കർവ് ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. നെക്സോണിനും ഹാരിയറിനും ഇടയിൽ ഇടംപിടിക്കാൻ പോവുന്ന ഈ കൂപ്പെ എസ്‌യുവി ക്രെറ്റ പോലുള്ള മിഡ്-സൈസ് എസ്‌യുവികളുമായാണ് മത്സരിക്കുന്നത്. ഇലക്ട്രിക്, പെട്രോൾ, ഡീസൽ പതിപ്പുകളിൽ വാങ്ങാനാവുന്ന മോഡലിന് ഏകദേശം 15 ലക്ഷം രൂപ മുതലായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഇലക്‌ട്രിക് പതിപ്പിലേക്കായിരിക്കും ഏവരുടേയും കണ്ണെത്തുക. ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി, പഞ്ച് ഇവി എന്നിവയ്ക്ക് ശേഷം ടാറ്റ പുറത്തിറക്കാൻ പോവുന്ന അഞ്ചാമത്തെ ഇലക്ട്രിക് കാറായിരിക്കും കർവ് ഇവി. വില എന്തായാലും 20 ലക്ഷത്തിന് മുകളിൽ വരാനാണ് സാധ്യത.
മെർസിഡീസ് AMG GLC 43 കൂപ്പെ ഓഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിൽ അവതരിക്കും. പുതുതലമുറ GLS എസ്‌യുവിയെ അടിസ്ഥാനമാക്കി നിർമിക്കുന്ന പെർഫോമൻസ് പതിപ്പിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനായിരിക്കും തുടിപ്പേകുക. ഇത് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യും എന്നതിനാൽ കാര്യക്ഷമമായിരിക്കും. എഞ്ചിന് 415 ബിഎച്ച്പി കരുത്തിൽ 500 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബെൻസ് പറയുന്നത്.
ഓഗസ്റ്റ് എട്ടിന് ജർമൻ ആഡംബര വാഹന നിർമാതാക്കൾ C-ക്ലാസ് കാബ്രിയോലെറ്റിന് പകരം പുതിയ CLE കൺവെർട്ടിബിളും ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സി-ക്ലാസ്സിനും ഇ-ക്ലാസ് മോഡലുകൾക്കും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനത്തിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനും 3.0 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിൻ ഓപ്ഷനും ഉണ്ടാവും.
ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനി ഓഗസ്റ്റ് ഒമ്പതിന് ഉറൂസിന്റെ ഏറ്റവും കരുത്തുറ്റ SE വേരിയന്റിനെ രാജ്യത്ത് അവതരിപ്പിക്കും. എസ്‌യുവിയുടെ മറ്റ് വേരിയൻ്റുകളിൽ ഉപയോഗിക്കുന്ന അതേ 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഇതിന്റെയും ഹൃദയം. 25.9kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റം എഞ്ചിന് ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. ഇലക്‌ട്രിക് മോഡിൽ SE പതിപ്പിന് 60 കി.മീറ്ററിലധികം റേഞ്ച് നൽകാനാകും.
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓഫ്-റോഡർ എസ്‌യുവിയായ ഥാറിന്റെ 5-ഡോർ പതിപ്പ് മഹീന്ദ്ര ഥാർ റോക്സ് ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പനോരമിക് സൺറൂഫ്, ലെവൽ-2 ADAS ഉൾപ്പെടെയുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായാണ് മോഡലിന്റെ വരവ്. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും ഥാർ റോക്സിലുണ്ടാവും.