കാത്തിരിപ്പ് നീളുന്നു , വാഹനപ്രേമികള്‍ക്ക് നിരാശ ; ഹൈക്രോസ് എത്താൻ ഇനിയും കാത്തിരിക്കണം !

കഴിഞ്ഞ വർഷം അവസാനത്തോടെ ടൊയോട്ട കിർലോസ്‌കർ മോട്ടോർ, വാഹന വിപണിയിൽ അവതരിപ്പിച്ച ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളിലേക്ക് എത്താൻ ഇനിയും കാത്തിരിക്കണം. പുതിയ തലമുറ പ്രീമിയം എം‌പി‌വിക്ക് ഉപഭോക്താക്കൾക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ കരുത്തുറ്റ ഹൈബ്രിഡ് വേരിയന്റുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. 2023ൽ അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റ ഡീസൽ എത്താനും നാലോ അഞ്ചോ മാസം ഇനിയും കാത്തിരിക്കേണ്ടി വരും. വില പ്രഖ്യാപനത്തിന് മുൻപ് തന്നെ മൂന്നാം തലമുറ ഇന്നോവയായ ഹൈക്രോസിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

G, GX, VX, ZX, ZX (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. VX , ZX , ZX (O) വേരിയന്റുകൾക്കൊപ്പം ഹൈബ്രിഡ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, GX വേരിയന്റ് 2.0 ലിറ്ററിന്റെ ഫോർ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് ഊർജം നേടുന്നത്. അതേസമയം, VX, ZX, ZX (O) വേരിയന്റുകളിൽ 2.0 ലിറ്റർ ഫോർ-സിലിണ്ടർ TNGA അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ ആണ് ഉണ്ടാവുക. ഇന്നോവ ഹൈക്രോസിന്റെ വേരിയന്റുകളെ ആശ്രയിച്ച് ഉപഭോക്താക്കൾക്ക് ഏഴോ എട്ടോ സീറ്റർ ആയി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കമ്പനി ഹൈക്രോസിന്റെ വില ആദ്യമായി വർധിപ്പിക്കുകയും പുതിയ വേരിയന്റുകൾ ചേർക്കുകയും ചെയ്തിരുന്നു. ഇന്നോവ ഹൈക്രോസ് GX നോൺ – ഹൈബ്രിഡ് വേരിയന്റിന് അഞ്ച് മുതൽ ആറ് മാസം വരെ കാത്തിരിക്കണം. അതേസമയം VX, ZX, ZX (O) കരുത്തുറ്റ ഹൈബ്രിഡ് വേരിയന്റുകൾക്ക് 15 മുതൽ 18 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.

മൂന്നാം തലമുറ ഇന്നോവ ഹൈക്രോസിൽ മുൻ മോഡലിനെ അപേക്ഷിച്ച് എക്സ്റ്റീരിയറിൽ നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ, ബോൾഡ് ലുക്കിലുള്ള ബമ്പർ, ക്രീസുകളുള്ള മസ്‌കുലർ ബോണറ്റ്, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് വാഹനത്തിന്റെ ചില ഹൈലൈറ്റുകൾ. റിമോട്ട് ഫംഗ്ഷനുകള്‍, ഫൈന്‍ഡ് മൈ കാര്‍, വെഹിക്കിള്‍ ഹെല്‍ത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഹൈക്രോസില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നതായി കാണാം.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവര്‍ ബാക്ക് ഡോര്‍, മള്‍ട്ടി-സോണ്‍ എസി, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾക്കുള്ള ഒട്ടോമൻ ഫംഗ്‌ഷൻ, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ടെക് തുടങ്ങിയവയാണ് ഇന്റീരിയറിൽ വരുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ഇന്ധനക്ഷമതയാണ്. 186 bhp കരുത്ത് ഉത്പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈക്രോസിന് കരുത്ത് നൽകുന്നത്.

കുരുത്തുറ്റ ഹൈബ്രിഡ് പതിപ്പിന്  21.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലാഡര്‍ ഫ്രെയിമില്‍ നിന്ന് മോണോകോക്ക് പ്ലാറ്റ്ഫോമിലേക്ക് എംപിവി മാറുന്നതോടെ മൊത്തത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്സും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാൾ ഹൈക്രോസിന് ഭാരം കുറവാണ് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇന്ത്യയിൽ ഇന്ന് ട്രെൻഡിംഗായ ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. ഇതാദ്യമായി ഇന്നോവയിൽ സൺറൂഫ് ലഭിക്കുന്നതും ടോപ്പ് സ്പെക്ക് ഹൈബ്രിഡ് വേരിയന്റുകളുടെ ഉയർന്ന ഡിമാൻഡിന് കാരണമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.18.3 മുതൽ 28.97 ലക്ഷം രൂപ വരെയാണ് ഹൈക്രോസിന്റെ എക്സ്ഷോറൂം വില.