ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അവിന്യ എന്ന കിടിലൻ ഇവി മോഡൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കമ്പനി എക്സ്പോയിൽ അരങ്ങേറ്റം തുടങ്ങിയിരിക്കുന്നത്. 2022-ലാണ് അവിന്യ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇത്തവണ പ്രൊഡക്ഷൻ രൂപത്തിൽ ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി ഒന്നുകൂടി കിടിലനായിട്ടുണ്ട് എന്നുതന്നെ പറയാം. പുതിയ ബോഡി സ്റ്റൈലും ഇൻ്റീരിയർ ഡിസൈനുമെല്ലാം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജാഗ്വർ ലാൻഡ് റോവറിൻ്റെ EMA പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് അവിന്യ കൺസെപ്റ്റിന്റെ ബേസ്.
2022-ൽ പ്രദർശിപ്പിച്ച മോഡലുമായി ഒന്ന് താരതമ്യം ചെയ്യുകയാണെങ്കിൽ അവിന്യ കൺസെപ്‌റ്റിൻ്റെ എക്സ്റ്റീരിയർ ഡിസൈനിന് പൂർണമായ ചില മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. ടി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ബ്ലാങ്കഡ് ഓഫ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് അവിന്യ ഇവിയുടെ എക്സ്റ്റീരിയറിൽ കാണാവുന്ന പ്രധാനപ്പെട്ട കാഴ്ച്ചകൾ. ഇവകൂടാതെ കൂടുതൽ മസ്ക്കുലറായ ബോഡി ഡിസൈനും കിടിലൻ കട്ടുകളും ക്രീസുകളും കാറിനെ മനോഹരമാക്കുന്നു.
ക്യാമറ അധിഷ്‌ഠിത ORVMകൾ, മുൻഡോറുകളിലെ അവിന്യ ബാഡ്‌ജിംഗ്, ടെയിൽ ലൈറ്റിലെ T ആകൃതിയിലുള്ള ഡിസൈൻ എന്നിവയാണ് ടാറ്റ അവിന്യ കൺസെപ്റ്റ് കാറിലെ മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്റീരിയറിൽ ഒരു ഡ്യുവൽ-ടോൺ ക്യാബിൻ കാണാം. മിതമായ രീതിയിൽ ഒരുക്കിയെടുത്ത ഇന്റീരിയർ ഡിസൈനിംഗ് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ടച്ച് പ്രവർത്തനക്ഷമമാക്കിയ ബട്ടണുകളുടെയും കൺട്രോൾ പാനലുകളുടെയും വിപുലമായ ഉപയോഗം ഈ മോഡലിൽ ആവശ്യമായി വരും. കൂടാതെ മൊത്തത്തിലുള്ള ഇൻ്റീരിയർ ഡിസൈൻ വൃത്തിയുള്ളതായി നിലനിർത്താൻ ടാറ്റ ശ്രമിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീലിൽ തന്നെയാണ് ഡ്രൈവർ ഡിസ്‌പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആധുനിക ഇലക്ട്രിക് കൺസെപ്റ്റുകളിൽ നിന്നും വ്യത്യസ്തമായി അവിന്യയ്ക്ക് അകത്ത് കൂടുതൽ സ്ക്രീനുകൾ ഒന്നും തന്നെയില്ല.
അവിന്യ കൺസെപ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ-സ്പെക്ക് മോഡലുകൾ ധാരാളം ഫീച്ചറുകൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, മൾട്ടി-സോൺ ഓട്ടോമാറ്റിക് എസി, വെഹിക്കിൾ-ടു-ലോഡ്, വെഹിക്കിൾ-ടു-വെഹിക്കിൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിൽ ഉൾപെടുത്താൻ സാധ്യതയുണ്ട്. സുരക്ഷയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ച ഇല്ലാതെയായിരിക്കും അവിന്യ ഒരുക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് എന്നിവ പോലുള്ള ഗംഭീര സുരക്ഷാ ഫീച്ചറുകൾ തന്നെ കാറിലുണ്ടാവും. 5-സ്റ്റാർ യൂറോ NCAP ക്രാഷ് സേഫ്റ്റി റേറ്റിംഗ് നേടാൻ കഴിയുന്ന പ്ലാറ്റ്ഫോം തങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ടാറ്റ പറയുന്നത്.
അവിന്യ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോർസിൻ്റെ മൂന്നാം തലമുറ ഇവികളുടെ അടിസ്ഥാനമായ EMA പ്ലാറ്റ്‌ഫോമിന് കുറഞ്ഞത് 500 കിലോമീറ്റർ റേഞ്ച് എങ്കിലും സിംഗിൾ ചാർജിൽ നൽകാനാവും. അതിന് വേണ്ടി ഒരു വലിയ ബാറ്ററി പായ്ക്ക് ഓപ്ഷൻ തന്നെ കാറുകളിലേക്ക് വന്നെത്തും. ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് കോൺഫിഗർ ചെയ്യാനാവുന്ന വിധമാണ് അവിന്യ കൺസെപ്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്. ഒരു അത്യാധുനിക ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും കമ്പനി നൽകും. പ്രൊഡക്ഷൻ-സ്പെക് ജെൻ-3 ഇവികൾക്കൊപ്പം ആയിരിക്കും ഇത്.