‘ഈ ചക്കളത്തി പോരാട്ടം ഇനി വേണ്ട, ഇതെല്ലാം അവസാനിപ്പിക്കുന്നതല്ലേ നല്ലത്’; നടിമാരുടെ വാർത്താസമ്മേളനം കോമഡി ഷോ എന്ന് പരിഹസിച്ച് നടി യമുന റാണി
അമ്മയിലെ വിവാദങ്ങൾ പുകയുന്നതിനിടെ അൻസിബ ഹസൻ ഉൾപ്പെടെയുള്ള നടിമാർ നടത്തിയ വാർത്താസമ്മേളനം കോമഡി ഷോയാണെന്ന് പരിഹസിച്ച് നടി യമുന റാണി. ഈ ചക്കളത്തി പോര് അവസാനിപ്പിക്കണമെന്നും ഇങ്ങനെ പോയാൽ പ്രേക്ഷകർ തിയറ്ററുകളിലേക്കു പോലും വരില്ലെന്നും യമുന റാണി പറഞ്ഞു. കയ്യിലിരിക്കുന്ന കാശ് കൊടുത്ത് സിനിമ കാണണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചാൽ ഇതെല്ലാം അവസാനിക്കുമെന്നും യമുന റാണി കൂട്ടിച്ചേർത്തു.
ഒരു ചെറിയ തീപ്പൊരി ചിലരെല്ലാം കൂടി എടുത്ത് ‘അമ്മ’ എന്ന മഹാസംഘടനയുടെ നടുക്ക് കൊണ്ട് വച്ചുവെന്നും യമുന റാണി കുറ്റപ്പെടുത്തി. ഒരു ഫോൺകോളിലൂടെയോ ഒരുമിച്ചിരുന്ന് കോഫി കുടിച്ചോ തീരാവുന്ന ഒരു വിഷയമായിരുന്നു ഇഇതെന്നും യമുന റാണി കൂട്ടിച്ചേർത്തു. ചെറിയ തീപ്പൊരിയെ വലിയ തീയാക്കി മാറ്റി. ഒരു ഭരണസമിതിയെ മുഴുവൻ താഴെയിറക്കാൻ സാധിച്ചുവെന്നും യമുന റാണി കുറ്റപ്പെടുത്തി.
യമുന റാണിയുടെ വാക്കുകൾ
‘ഇന്ന് രാവിലെ ഒരു കോമഡി ഷോ കണ്ടുകൊണ്ടാണ് എൻ്റെ സുപ്രഭാതം ആരംഭിച്ചത്. അതിന് പശ്ചാത്തലം പറയാം. രണ്ട് ഉറ്റ സുഹൃത്തുക്കൾ തമ്മിലുള്ള പടലപിണക്കം. ഒരു ചെറിയ തീപ്പൊരി. ഒരു ഫോൺകോളിലൂടെയോ ഒരുമിച്ചിരുന്ന് കോഫി കുടിച്ചോ തീരാവുന്ന ഒരു വിഷയം. ആ ചെറിയ തീപ്പൊരിയെ ചിലരെല്ലാം കൂടി എടുത്ത് ‘അമ്മ’ എന്ന മഹാസംഘടനയുടെ നടുക്ക് കൊണ്ട് വച്ചു. ആ ചെറിയ തീപ്പൊരിയെ വലിയ തീയാക്കി മാറ്റി. ഒരു ഭരണസമിതിയെ മുഴുവൻ താഴെയിറക്കാൻ സാധിച്ചു. പക്ഷേ ഇതൊന്നുമല്ല കോമഡി. അതിന്റെ ഊർജത്തിലാവണം, ഇന്നിപ്പോൾ കേരള സർക്കാരിനേയും ആഭ്യന്തര മന്ത്രിയേയും പൊലീസ് വിഭാഗത്തെ മുഴുവൻ പത്രസമ്മേളനത്തിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ്. സംഘടിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. എന്താണീ നടക്കുന്നത്. ഇങ്ങനെ പോയാൽ ജനങ്ങൾ സംഘടിക്കും. ഈ ചക്കളത്തി പോരാട്ടം ഇനി വേണ്ട. കയ്യിലിരിക്കുന്ന കാശ് കൊടുത്ത് സിനിമ കാണണ്ട എന്ന് ജനങ്ങൾ അങ്ങ് തീരുമാനിക്കും. അതോടെ ഇതെല്ലാം അവസാനിക്കും. തിയറ്ററിൽ പോയി ജനങ്ങൾ സിനിമ കാണാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് മറക്കരുത്. അതുകൊണ്ട് ഇതെല്ലാം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ബുദ്ധിയും വിവേകവുമുള്ളവർ അതല്ലേ ചെയ്യേണ്ടത്.’
സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
ബോംബെ ഐഐടിയിലെ വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതി അധിക്ഷേപവും ക്രൂരമായ പീഡനവുമെന്ന് പിതാവ്; അന്വേഷണം ക്രൈംബ്രാഞ്ചിന്