Monday, 21 September 2026
‘Honest storytelling is a powerful means of change
08:03:43 AM IST
Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

ന്യൂസ് ഡെസ്ക് 21 September 2026, 8:03 am
SHARE

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

അതിനിടെ, ഇന്നലെ പെയ്ത ശക്തമായ മഴയിൽ മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആറ് പേർ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ട് പേരാണ് മരിച്ചത്. കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് മാങ്ങാടനും തിരൂർ സ്വദേശി മുഹമ്മദ് കുട്ടിയുമാണ് മരിച്ചത്. ആറ് പേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. കാണാതായ നാല് പേർക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്.

ഇടുക്കി അടിമാലിയിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ ശക്തമായ മഴയെ തുടർന്ന് രണ്ടിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →