Monday, 21 September 2026
‘Honest storytelling is a powerful means of change
08:53:58 AM IST
Kerala

വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; മഴ കനത്തതോടെ ഉപഭോഗം കുറഞ്ഞു

ന്യൂസ് ഡെസ്ക് 21 September 2026, 8:53 am
SHARE

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായത്. ശാശ്വത പരിഹാരത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കങ്ങൾ തുടരുകയാണ്. എന്നാൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന നിലപാടിലാണ് സർക്കാർ.

ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. പരമാവധി ഉപഭോഗം 4560 മെഗാവാട്ടായിരുന്നു. 20 ദിവസത്തിനിടെ വൈദ്യുതി നിയന്ത്രണം ഒഴിവായ നാലാമത്തെ ദിവസവുമായിരുന്നു ഇന്നലെ. കേരളത്തിന് പുറത്തുൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഫലമുണ്ടായിട്ടില്ല. ആണവ, താപവൈദ്യുത നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →