‘ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു, ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; വിയോജിപ്പ് പ്രകടിപ്പിച്ച് സാനിയ അയ്യപ്പൻ
തമിഴ് ചിത്രം ‘ഡിസി’യുടെ വൻ ബോക്‌സ് ഓഫിസ് വിജയത്തിന് പിന്നാലെ നായകനും സംവിധായകനും സംഗീത സംവിധായകനും കോടികൾ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ച സൺ പിക്ചേഴ്‌സ് ഉടമ കലാനിധി മാരന്റെ നടപടിയിൽ നടി സാനിയ അയ്യപ്പന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നായിക വാമിഖ ഗബ്ബിയെ സമ്മാനത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സാനിയ പരസ്യമായി പ്രതികരിച്ചത്.
താരങ്ങൾക്ക് ബിഎംഡബ്ല്യു കാറുകൾ സമ്മാനിക്കുന്നതിന്റെ വിഡിയോ സൺ പിക്ചേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് സാനിയ അയ്യപ്പൻ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. “ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു” എന്നായിരുന്നു സാനിയയുടെ കമന്റ്. പിന്നാലെ നിരവധി പേരാണ് സാനിയയുടെ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച നായികയെ മാത്രം സമ്മാനത്തിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഏകദേശം 25 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ‘ഡിസി’ ആഗോളതലത്തിൽ 100 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അരുൺ മാതേശ്വരനാണ്.
ചിത്രത്തിന്റെ വിജയത്തിന് നന്ദി അറിയിച്ചാണ് സംവിധായകൻ അരുൺ മാതേശ്വരൻ, നടൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് കലാനിധി മാരൻ ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ചത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്‌യുവിയായ ‘BMW iX1 LWB’യാണ് മൂവർക്കും നൽകിയത്. വിപണിയിൽ ഏകദേശം 49 ലക്ഷം മുതൽ 55.81 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് കാറുകൾക്കായി ഒന്നരക്കോടിയോളം രൂപയാണ് നിർമാതാവ് ചെലവഴിച്ചത്.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ