Friday, 11 September 2026
‘Honest storytelling is a powerful means of change
05:29:57 PM IST
Celebrity Talk

‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

SHARE

ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ രണ്ടാം ദിവസം തന്നെ വീട്ടിനുള്ളിൽ നാടകീയ സംഭവങ്ങൾ. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായതിന് പിന്നാലെ ആർജെ അഞ്ജലിയുടെ വൈകാരിക വെളിപ്പെടുത്തലും ശ്രദ്ധ നേടുന്നു. തനിക്ക് നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ച് അഞ്ജലി വിക്കിയോട് തുറന്നുപറഞ്ഞു. പഴയ വിവാദത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളും അതുണ്ടാക്കിയ മാനസിക ആഘാതവുമാണ് അഞ്ജലി പങ്കുവെച്ചത്.

ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ പ്രാങ്ക് കോൾ ചെയ്തതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അഞ്ജലിക്കെതിരെ വലിയ വിമർശനം ഉയർന്നത്. സംഭവത്തിൽ അഞ്ജലി പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും സൈബർ ആക്രമണം അവസാനിച്ചില്ലെന്നാണ് താരം പറയുന്നത്. സമൂഹമാധ്യമങ്ങളിലെ രൂക്ഷമായ കമന്റുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും തന്റെ ജീവിതത്തെയും ജോലിയെയും കുടുംബബന്ധങ്ങളെയും വരെ ബാധിച്ചെന്നും അഞ്ജലി വെളിപ്പെടുത്തി.

സൈബർ ആക്രമണം അതിരുവിട്ട ഘട്ടത്തിൽ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും അഞ്ജലി പറഞ്ഞു. പഴയൊരു സോഷ്യൽ മീഡിയ വിവാദത്തിന്റെ പേരിൽ ഒരാളെ നിരന്തരം അധിക്ഷേപിക്കുന്നതിന്റെ മാനസിക ആഘാതമാണ് ബിഗ് ബോസ് വീട്ടിലെ തുറന്നുപറച്ചിലിലൂടെ അഞ്ജലി വ്യക്തമാക്കിയത്. ഇതോടെ അഞ്ജലി നേരത്തെ നേരിട്ട സൈബർ ബുള്ളിയിംഗും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

അതേസമയം, ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പോട്ട് എവിക്ഷനാണ് രണ്ടാം ദിവസം നടന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ പുറത്താക്കണമെന്ന ആവശ്യമുയർന്നെങ്കിലും ക്യാപ്റ്റൻ ജസീളയുടെ തീരുമാനപ്രകാരം ഗായത്രി സുരേഷിനെയാണ് പുറത്താക്കിയത്. ഗായത്രിയുടെ എവിക്ഷൻ ന്യായമായിരുന്നില്ലെന്ന അഭിപ്രായവും പ്രേക്ഷകർക്കിടയിൽ ശക്തമാണ്. താരം സീക്രട്ട് റൂമിലാണെന്നും വീക്കെൻഡ് എപ്പിസോഡിൽ തിരിച്ചെത്തുമെന്നുമുള്ള അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →