ഏത് നേരവും സ്ട്രെസ്സിലാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങളാണ്…

ഇന്നത്തെ കാലത്ത് മിക്ക ആളുകളും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ട്രെസ്. ജോലിസംബന്ധമായോ വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടോ സാമ്പത്തിക പ്രശ്നങ്ങൾ കാരണമോ സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം പതിവായി വരുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പതിവായി ഇത്തരത്തിൽ സ്ട്രെസ് അനുഭവിക്കുന്നത് നമ്മുടെ ശാരീരിക – മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നത് പേടിക്കേണ്ട ഒരു കാര്യമാണ് .

സ്ട്രെസ് മൂലം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണമാകുന്നത്. കോർട്ടിസോൾ അധികമാകുമ്പോൾ മറ്റ് ചില മാറ്റങ്ങളും നമ്മുടെ ശരീരത്തിൽ സംഭവിച്ചേക്കാം. ഈ മാറ്റങ്ങൾ മനുഷ്യ ശരീരത്തിന് അത്ര നല്ലതല്ല. അമിതവണ്ണം, പ്രമേഹം, വിഷാദം, ബിപി, ഉറക്കമില്ലായ്മ തുടങ്ങി പലവിധ ആരോഗ്യ പ്രശ്നങ്ങളാണ് സ്ട്രെസ് കാരണം ഒരാളുടെ ശരീരത്തിൽ ഉണ്ടാവുക. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം…

പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. സ്ട്രെസ് കൂടുതലായി അനുഭവിച്ചാൽ വണ്ണം കൂടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രെസ് കൂടുതലായാൽ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ കോർട്ടിസോൾ ബാധിക്കുകയും വിശപ്പ് വർധിക്കുകയും ചെയ്യുന്നതോടെയാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഷുഗര്‍, കൊളസ്ട്രോള്‍ പോലുള്ള അസുഖങ്ങള്‍ കൂടി പിടിപെടുകയാണെങ്കിൽ വണ്ണം കൂടാനുള്ള സാധ്യത വർധിക്കും.

സ്ട്രെസ് കൂടുമ്പോൾ ഒരു മനുഷ്യനിൽ ഉത്കണ്ഠയും വിഷാദവും കാണപ്പെടും. കോർട്ടിസോളിന്റെ ഉയർന്ന അളവാണ് ഇതിന് കാരണമാകുന്നത്. കോര്‍ട്ടിസോള്‍ തലച്ചോറിന്റെ അകത്ത് വരുത്തുന്ന രാസമാറ്റങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്ന ഒരു അവസ്ഥ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് പരിചിതമാണ്. ഉറക്കം- ഉണര്‍ച്ചയേയുമൊക്കെ നിയന്ത്രിക്കുന്ന കോർട്ടിസോൾ തന്നെയാണ് ഇതിനും കാരണം. ഹോർമോൺ ബാലൻസ് പ്രശ്നം വരുമ്പോൾ ഉറക്കത്തിലും പ്രശ്നങ്ങൾ വരും. ഹൃദയത്തിനെ വരെ ദോഷകരമായി ബാധിച്ചേക്കാവുന്ന ഒന്നാണ് ഉറക്കമില്ലായ്മ.

ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഒന്നുകൂടിയാണ് കോർട്ടിസോൾ ഹോർമോൺ. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ, ശരീരത്തിലുള്ള ഇൻസുലിനോട് പ്രതികരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രമേഹം പിടിപെടുന്നത്. ഇക്കാരണത്താൽ സ്ട്രെസ് കൂടുതലായി അനുഭവിക്കുന്നത് പതിയെ പ്രമേഹത്തിലേക്കും നയിക്കാം.

കോര്‍ട്ടിസോള്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഓസ്റ്റിയോപോറോസിസ് അഥവാ എല്ലുരുക്കം എന്ന പ്രശ്നവും ഉണ്ടാകും. ഭക്ഷണത്തില്‍ നിന്ന് കാത്സ്യം പിടിച്ചെടുക്കുന്നത് കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതോടെയാണ് എല്ലുരുക്കം ഉണ്ടാവുന്നത്. കോര്‍ട്ടിസോള്‍ ഉയരുന്നത് രോഗ പ്രതിരോധശേഷിയെയും കാര്യമായി ബാധിക്കുന്ന ഒരു കാര്യമാണ്. പ്രതിരോധശേഷി കുറയുന്നതോടെ വിവിധ രോഗങ്ങൾ , അണുബാധകൾ തുടങ്ങിവയ പിടിപെടുന്നത് പതിവാകും.

കോര്‍ട്ടിസോള്‍ അധികരിക്കുന്നത് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കും. ഓര്‍മ്മശക്തി കുറയുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുക, ചിന്താശേഷി കുറയുക എന്നിവ പോലുള്ള പരിണിതഫലങ്ങളും ഉണ്ടാകാം. കോര്‍ട്ടിസോള്‍ നില ഉയരുമ്പോള്‍ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് തെറ്റുകയും സോഡിയത്തിന്‍റെ നിലയിലും മാറ്റം വരികയും ചെയ്യുന്നു. ഇത് ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നതിലേക്ക് നയിക്കും.

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്ട്. വ്യായാമം,മെഡിറ്റേഷൻ, യോഗ, നല്ല സൗഹൃദങ്ങൾ, നല്ല ജീവിതാന്തരീക്ഷം, നല്ല ഉറക്കം എന്നിവയെല്ലാം മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഒരു തരത്തിലും സ്ട്രെസ് കുറയ്ക്കാൻ കഴിയുന്നില്ല എങ്കിൽ ഒരു മനഃശാസ്ത്ര വിദഗ്ധനെ കണ്ട് വേണ്ട നിർദേശങ്ങൾ തേടേണ്ടതാണ്.