ഏത് നേരവും ഇയർഫോൺ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇനി ഈ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും..

ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോണുകളും സ്‌മാർട്ട് ഉപകരണങ്ങളും മിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഹെഡ്‌ ഫോണുകൾ, ഇയർ ഫോണുകൾ, എയർ പോഡുകൾ എന്നിവ പോലുള്ള വിവിധ പോർട്ടബിൾ ഓഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നവരാണ് കൗമാരക്കാർ അടക്കമുള്ളവർ.

ഫോൺ വിളിക്കാനും സിനിമ കാണാനും പാട്ട് കേൾക്കാനും തുടങ്ങി നിരവധി കാര്യങ്ങൾക്ക് പോർട്ടബിൾ ഓഡിയോ ഉപകരണങ്ങളായ ഹെഡ് ഫോണും ഇയർഫോണും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരുപാട് സമയം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് കേള്‍വിശക്തിയെ വരെ ബാധിച്ചേക്കാം എന്നാണ് പാടാണെന്നാണ് പറയുന്നത്.

ഇയര്‍ഫോണ്‍ ചെവിക്കുള്ളിലായും ഹെഡ്‌സെറ്റ് ചെവിയുടെ പുറത്തുമാണ് വയ്ക്കുന്നത്. ചെവിയുടെ ഉള്ളിൽ ഇയര്‍ഫോണ്‍ വയ്ക്കുമ്പോൾ ചെവിയുടെ ഉള്ളിലുള്ള വാക്‌സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്തേക്കാം. മാത്രമല്ല, ഇയര്‍ ഫോണിലൂടെയുളള ശബ്ദം നമ്മുടെ കര്‍ണപടത്തില്‍ നേരിട്ടാണ് പതിക്കുന്നത്. കൂടുതല്‍ അളവിൽ ശബ്ദം കേള്‍ക്കുന്നത് ചെവികള്‍ക്ക് ദീര്‍ഘകാല തകരാറുണ്ടാക്കാം.

ഇയര്‍ഫോണുകള്‍ ചെവികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിനാല്‍ ചെവിയുടെ ഉള്ളിൽ ഈര്‍പ്പമുണ്ടാകുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യാമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന ശബ്ദത്തിലുളള ഇയര്‍ഫോണുകളുടെ നീണ്ടു നില്‍ക്കുന്ന ഉപയോഗം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ്  സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘകാലമായി ഇയര്‍ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം ചിലരില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം.

ഈയിടെ ഇയർഫോൺ ദീർഘനേരം ഉപയോഗിച്ചതുമൂലമുണ്ടായ അണുബാധ കാരണം 18 വയസ്സുകാരന് കേൾവിശക്തി നഷ്ടമായ വാർത്തയും പുറത്തു വന്നിരുന്നു. ശബ്ദമുള്ള അന്തരീക്ഷത്തിൽ ഇയർഫോൺ ഉപയോഗിച്ച് ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്ന കൗമാരപ്രായക്കാർ അല്ലെങ്കിൽ പ്രതിദിനം ശരാശരി 80 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കുന്നവർക്ക് കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് മറ്റൊരു പഠന റിപ്പോർട്ട് പറയുന്നത്.

ചെവിയുടെ ഉപയോഗത്തിന് രണ്ട് വശങ്ങളാണ് ഉള്ളത്. ഒന്ന് നിങ്ങളുടെ കേൾവിയെ പരിപാലിക്കുന്നു, മറ്റൊന്ന് ചെവിയെ ഏതെങ്കിലും തരത്തിലുള്ള അണുബാധയിൽ നിന്ന് തടയുകയും അത് ആരോഗ്യത്തോടെ നില നിർത്തുകയും ചെയ്യുന്നു. ചെറിയ സമയത്തേക്ക് മാത്രം ഇയര്‍ഫോണ്‍ ഉപയോഗിക്കുകയാണെങ്കിൽ അത് ചെവിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല. അതേസമയം, മീറ്റിങ്ങുകള്‍ക്കോ, പഠനത്തിനോ, പ്രസംഗത്തിനോ ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതിന് നല്ലതല്ല. ഇത്തരം സന്ദർഭങ്ങളിൽ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പകരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.