മുഴകൾ മുതൽ മറുകുകൾ വരെ ; അറിയാതെ പോകുന്ന അർബുദത്തിന്റെ ലക്ഷണങ്ങൾ

അസാധാരണമായതും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാത്തതുമായ കോശവളർച്ച ശരീരത്തിലെ മറ്റ് കലകളെ ബാധിക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ശരീരത്തിലെ ഏത് ഭാഗത്തും പ്രത്യക്ഷപ്പെടാവുന്ന ഒരു മാരക രോഗമാണ് അർബുദം. ശരീരകോശങ്ങൾ നിയന്ത്രണമില്ലാതെ പെരുകാൻ തുടങ്ങുമ്പോഴാണ് കാൻസർ ഉണ്ടാകുന്നത്. അർബുദകോശങ്ങൾ ആരോഗ്യമുള്ള മറ്റ് കോശസംയുക്തങ്ങളെ നശിപ്പിക്കാൻ തുടങ്ങുന്നതോടെ പല തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. കാൻസർ നേരത്തെ കണ്ടുപിടിച്ച് ചികിത്സ ആരംഭിക്കുന്നത് അതിജീവനത്തിനുള്ള സാധ്യത വർധിപ്പിക്കും. ശരീരത്തിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങൾ കാൻസറിന്റേതാകാനും സാധ്യതയുണ്ട്. അതിനാൽ അവ ശ്രദ്ധിക്കാൻ മറക്കരുത്.

തുടർച്ചയായുള്ള ചുമ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. ആസ്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി രോഗം, ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ്, വൈറല്‍ അണുബാധ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ചുമയുണ്ടാകാം. എന്നാൽ തീവ്രതയേറിയ, ദിവസം കൂടുംതോറും വളരെയധികം മോശമാകുന്നതുമായ ചുമ അർബുദത്തിന്റെ കൂടി ലക്ഷണമായി കണക്കാക്കാറുണ്ട്. കഫത്തിൽ രക്തം, ഇടയ്ക്കിടെ വരുന്ന വരണ്ട ചുമ, ചുമച്ച് തൊണ്ട ശരിയാകണമെന്ന തോന്നൽ എന്നിവയും അർബുദത്തിന്റെ ലക്ഷണങ്ങളായി പറയാറുണ്ട്.

ലോകത്ത് ഏറ്റവും അധികം നിര്‍ണയിക്കപ്പെടുന്ന മൂന്നാമത്തെ അര്‍ബുദമാണ് വന്‍ കുടലിലും കോളോണിലും മലദ്വാരത്തിലും വരുന്ന ബവല്‍ കാന്‍സര്‍ അഥവാ കുടലിലെ കാൻസർ. വയറ്റില്‍ നിന്ന് പോകുന്നതിലെ ആവർത്തനം, സ്വഭാവം എന്നിവ മാറുന്നത് ചിലപ്പോൾ കുടലിലെ അര്‍ബുദം മൂലമാകാം. മലത്തില്‍ രക്തം കാണപ്പെടുക, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ ഉണ്ടാവുക, അതിസാരം എന്നിവയും ഇവയുടെ ഭാഗമാകാം. ഇവ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചില്ലെങ്കിൽ കരള്‍, ശ്വാസകോശം, തലച്ചോര്‍ തുടങ്ങിയവയിലേക്കും അര്‍ബുദ കോശങ്ങള്‍ പടരും.

ശരീരത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മുഴകളെയും വളരെയധികം ശ്രദ്ധിക്കണം. എല്ലാ മുഴകളും അർബുദത്തിന്റെ മുഴകൾ ആകണമെന്നില്ലെങ്കിലും കട്ടിയുള്ള, തൊടുമ്പോൾ വേദനയില്ലാത്ത വലിയ മുഴകൾ ചിലപ്പോൾ കാൻസറിന്റെ ലക്ഷണങ്ങളാകാം. സ്തനങ്ങള്‍, വൃഷ്ണങ്ങള്‍, കഴുത്ത്, കൈകാലുകള്‍ തുടങ്ങി പല ഭാഗങ്ങളിലും അര്‍ബുദ മുഴ പ്രത്യക്ഷപ്പെട്ടേക്കാം. അധികമാരും ശ്രദ്ധിക്കാതെ പോകുന്നവയാണ് മറുകുകൾ. ഇവയിൽ വ്യത്യാസം വരുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. മറുകുകളുടെ വലുപ്പത്തിലും ആകൃതിയിലും നിറത്തിലുമൊക്കെ വരുന്ന വ്യത്യാസങ്ങൾ നിസാരമായി കാണരുത്. ഇവ ചർമത്തെ ബാധിക്കുന്ന മെലാനോമ എന്ന സ്കിൻ കാൻസറിന്റെ ലക്ഷണങ്ങൾ ആകാം. ചർമത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിക്കുന്ന കോശങ്ങളിലാണ് ഈ കാൻസർ വളരുക.

ഒരു കാരണവുമില്ലാതെ ഭാരം നഷ്ടപ്പെടുന്നത് അർബുദങ്ങളുടെ കാര്യത്തിൽ ഒരു അപകട സൂചനയാണ്. ശ്വാസകോശം, വയര്‍, പാന്‍ക്രിയാസ്, അന്നനാളി എന്നിവയെ ബാധിക്കുന്ന കാൻസറുകൾ പലപ്പോഴും ശരീരഭാരത്തില്‍ കുറവുണ്ടാക്കുകയാണ് ചെയ്യുക. അതിനാൽ കാരണമില്ലാതെ ഭാരം കുറയുന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വേദന, അസ്വസ്ഥതകൾ എന്നിവയും അർബുദത്തിന്റെ ലക്ഷണമായി കണക്കാക്കാറുണ്ട്. പലരും വേദനകളുടെ കാരണം കണ്ടുപിടിക്കാതെ സ്വയം ചികിത്സ ചെയ്യുന്നതിനാൽ ഇവ മനസിലാക്കാൻ കഴിയാറില്ല. തൊണ്ടയുമായി ബന്ധപ്പെട്ട അർബുദത്തിന്റെ ലക്ഷണമായി ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതിനാൽ ഇത്തരത്തിൽ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ചികിത്സ തേടേണ്ടതാണ്. മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം. പ്രോസ്റ്റേറ്റ് അർബുദം ബാധിച്ച പുരുഷന്മാരിൽ ഈ ലക്ഷണം കാണപ്പെടാറുണ്ട്.

സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിലും ശ്വാസകോശം, പ്രോസ്റ്റേറ്റ്, മലാശയം, വയര്‍, കരള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ പൊതുവേ പുരുഷന്മാരിലുമായാണ് കണ്ടു വരുന്നത്. ഇവയെല്ലാം നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ അർബുദത്തെ അതിജീവിച്ച സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും.