കുട്ടികളിലെ അപസ്മാര ചികിത്സയ്ക്ക് സമഗ്ര ചികിത്സയൊരുക്കി ആസ്റ്റര്‍ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റര്‍

അപസ്മാരം ബാധിച്ച കുട്ടികള്‍ക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അത്യാധുനിക ചികിത്സ രീതികള്‍, രോഗനിര്‍ണയ സേവനങ്ങള്‍, അപസ്മാര ശസ്ത്രക്രിയകള്‍ അടക്കമുള്ള ചികിത്സാ സേവനങ്ങള്‍ ലഭ്യമാകും. യു.കെ ബ്രിസ്റ്റോള്‍-ബ്രാഡ്ലി പ്രവിശ്യയിലെ സ്റ്റോക്ക് കൗണ്‍സില്‍ നേതാവും മേയര്‍-എമിറാറ്റി കൗണ്‍സിലറുമായ ടോം ആദിത്യ പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആധുനിക വൈദ്യചികിത്സ പുരോഗതികള്‍ കൈവരിക്കുന്നുണ്ടെങ്കിലും അപസ്മാരം ബാധിച്ച കുട്ടികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചികിത്സാരീതികള്‍ വഴി ആസ്റ്ററിന്റെ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റര്‍ ഒരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്രിസ്റ്റോള്‍-ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സില്‍ നേതാവും മേയര്‍-എമിറാറ്റി കൗണ്‍സിലറുമായ ടോം ആദിത്യ പറഞ്ഞു.

അപസ്മാരബാധിതരായ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം സമഗ്രമായ പരിചരണങ്ങള്‍ നല്‍കികൊണ്ട് മെച്ചപ്പെടുത്തുകയെന്നതാണ് പീഡിയാട്രിക് എപ്പിലിപ്‌സി സെന്റര്‍ മുഖേന ഞങ്ങള്‍ ലഷ്യമിടുന്നത്. മുതിര്‍ന്നവരുടെ മസ്തിഷ്‌കത്തില്‍ നിന്ന് വ്യത്യസ്തമായി, കുട്ടികളുടെ മസ്തിഷ്‌കത്തിന് ഏത് ശസ്ത്രക്രിയയോടും പൊരുത്തപ്പെടാനുള്ള കഴിവുണ്ട്. അതിനാല്‍, സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വളരെ കുറവാണ്, ശരിയായ പ്രായത്തില്‍ ശരിയായ ശസ്ത്രക്രിയ നടത്തിയാല്‍ അപസ്മാരം ഒഴിവാക്കാനും ജീവന്‍ രക്ഷിക്കാനും കഴിയുമെന്ന് , ആസ്റ്റര്‍ മെഡ്സിറ്റിയിലെ ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദിലീപ് പണിക്കര്‍ പറഞ്ഞു.

പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററില്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റുകള്‍, അപസ്മാരരോഗ വിദഗ്ധര്‍, ന്യൂറോ-സര്‍ജന്‍, ഡെവലപ്മെന്റല്‍ പീഡിയാട്രീഷ്യന്‍മാര്‍, മനഃശാസ്ത്രജ്ഞര്‍, പ്രത്യേക അധ്യാപകര്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കേന്ദ്രത്തിന്റെ അത്യാധുനിക സൗകര്യങ്ങളും ഉയര്‍ന്ന പരിശീലനം ലഭിച്ച ശസ്ത്രക്രിയാ വിദഗ്ധരും അപസ്മാരം ബാധിച്ച കുട്ടികള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നു ചികിത്സകള്‍ക്ക് പുറമെ റിസക്ടീവ് സര്‍ജറി, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, വാഗല്‍ നെര്‍വ് സ്റ്റിമുലേഷന്‍, റെസ്പോണ്‍സീവ് ന്യൂറോസ്റ്റിമുലേഷന്‍ എന്നിങ്ങനെയുള്ള സേവനങ്ങളും സെന്റര്‍ നടത്തുന്നു.

അപസ്മാരം, ഒരു ന്യുറോളജിക്കല്‍ അവസ്ഥയാണ്. ഒന്ന് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ ഗണ്യമായി ഇത് ബാധിക്കുന്നു. ദൈനംദിന ജീവിതത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ കുട്ടികള്‍ നേരിടുന്നു. അപസ്മാരം മൂലം മസ്തിഷ്‌ക ക്ഷതം, പെരുമാറ്റ പ്രശ്നങ്ങള്‍, സംസാര പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം, ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ കുട്ടിയുടെ പഠനത്തെയും ഓര്‍മ്മയെയും മൊത്തത്തിലുള്ള വികാസത്തെയും ബാധിക്കും. ശസ്ത്രക്രിയയിലൂടെ ഒരു പരിധിവരെ അപസ്മാരം സുഖപ്പെടുത്താവുന്നതാണ്.

‘കുട്ടികളില്‍ ഉണ്ടായിവരുന്ന അപസ്മാരത്തിന് ഒരുപാട് ലക്ഷണങ്ങളുണ്ട്. ഒരു മള്‍ട്ടി ഡിസപ്ലിനറി ടീം എന്നനിലയില്‍ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും വൈകാരിക തലങ്ങള്‍കൂടി മനസ്സിലാക്കിയാണ് ഞങ്ങള്‍ ചികിത്സാ രീതി തീരുമാനിക്കുന്നതെന്നു പീഡിയാട്രിക് ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ഡേവിഡ്സണ്‍ ദേവസ്യ പറഞ്ഞു.

രോഗീ കേന്ദ്രികൃതമായ മികച്ച’ ചികിത്സ പ്രദാനം ചെയ്യുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധമാണെന്നും രോഗികള്‍ക്കായി അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള സേവനങ്ങള്‍ പീഡിയാട്രിക്ക് എപ്പിലിപ്‌സി സെന്റര്‍ മുഖേന ഉറപ്പ് വരുത്തുമെന്നും ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള- തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ബ്രിസ്റ്റോള്‍-ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സില്‍ നേതാവും മേയര്‍- എമിറാറ്റി കൗണ്‍സിലറുമായ ടോം ആദിത്യ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, കേരള & തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദിലീപ് പണിക്കര്‍, പീഡിയാട്രിക് ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ഡേവിഡ്സണ്‍ ദേവസ്യ, ന്യുറോളജി കണ്‍സല്‍ട്ടന്റ് ആന്‍ഡ് എപിലെപ്‌സി മാനേജ്‌മെന്റ് ഡോക്ടര്‍ സന്ദീപ് പദ്മനാഭന്‍, മറ്റ് ആശുപത്രി ജീവനക്കാരും സമ്മേളനത്തില്‍ പങ്കെടുത്തു.