ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലന്‍സുമായി ആസ്റ്റര്‍ മെഡ്സിറ്റി

രാജ്യത്തെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട്അപ്പ്സ്ഥാപനത്തിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ആംബുലന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലസിനുള്ളില്‍ എബിജി, ഇസിജി, യുഎസ്ജി പരിശോധനകള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന വെര്‍ച്വല്‍ എമര്‍ജന്‍സി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസില്‍ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ രോഗിയുടെ പരിശോധനയും രോഗനിര്‍ണയവും നടത്താനാകും. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി 5ജി ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു.

ആംബുലന്‍സിനകത്തുള്ള എല്ലാ ബയോമെഡിക്കല്‍ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടന്‍ തന്നെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയില്‍ എത്തുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാര്‍ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.സ്മാര്‍ട്ട് കണ്ണടകള്‍ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.

‘ഈ അത്യാധുനിക സാങ്കേതികവിദ്യ കേരളത്തില്‍ എത്തിക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി കാണിച്ച ദീര്‍ഘവീക്ഷണത്തെ ശശി തരൂര്‍ എംപി അഭിനന്ദിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഏറ്റവും വേഗം ചികിത്സ ലഭ്യമാക്കുന്നതില്‍ ഈ ചുവടുവെപ്പ് ഏറെ നിര്‍ണായകമാണ്. അതിനുവേണ്ടി മുന്‍കൈയെടുത്തത്തിലൂടെ കേരളത്തിന്റെ ആരോഗ്യരംഗത്ത് ആസ്റ്റര്‍ മെഡ്സിറ്റിയുടെ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും’ ഡോ. ശശി തരൂര്‍ പറഞ്ഞു.

ആംബുലന്‍സില്‍ കിടക്കുന്ന രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ്, ആന്തരിക രക്തസ്രാവത്തിന്റെ ചിത്രങ്ങള്‍, ഇസിജി, എന്നിവയെല്ലാം ആശുപത്രിയിലുള്ള കണ്‍ട്രോള്‍ റൂമിലേക്കും അതുവഴി വിദഗ്ധ ഡോക്ടറിലേക്കും എത്തിക്കാന്‍ ആംബുലന്‍സിനു കഴിയും. അതുവഴി ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്ടറിനും മറ്റ് ജീവനക്കാര്‍ക്കും കൃത്യമായ നിര്‍ദേശങ്ങളും സഹായങ്ങളും എത്തിക്കാം.

സാധാരണ ആംബുലന്‍സുകളില്‍ വാഹനത്തിന്റെ ഒരു വശത്തോട് ചേര്‍ന്നായിരിക്കും രോഗിയെ കിടത്തുന്നതിനുള്ള സ്ട്രെച്ചര്‍ ഉള്ളത്. എന്നാല്‍ ഈ സ്മാര്‍ട്ട് ആംബുലന്‍സില്‍ വാഹനത്തിന്റെ മധ്യത്തിലായാണ് രോഗിയെ കിടത്തുക. അതിന് ചുറ്റും മെഡിക്കല്‍ ഉപകരണങ്ങളും ഡോക്ടര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവും ഉണ്ട്. ഒരു ആശുപത്രിയിലെ കാഷ്വാലിറ്റി റൂമിന് സമാനമായ സൗകര്യങ്ങളാണ് ആംബുലന്‍സിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. ഹൃദയവും ശ്വാസകോശവും തകരാറിലാകുന്ന സാഹചര്യങ്ങളില്‍ രക്തം ശുദ്ധീകരിച്ച് അതിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ജീവന്‍രക്ഷാ ഉപാധിയായ എക്മോയും (വെന്റിലേറ്ററിന്റെ ആധുനിക രൂപം) ഈ ആംബുലന്‍സിലുണ്ട്. ഒപ്പം കൂടുതല്‍ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തെ സഹായിക്കുന്ന ഐ.എ.ബി.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപകടങ്ങളില്‍ പരിക്കേറ്റ ഒന്നിലധികം പേരെ ചികിത്സിക്കാനുള്ള ക്രാഷ് കാര്‍ട്ട് ഡോര്‍ സൗകര്യവും സ്മാര്‍ട്ട് ആംബുലന്‍സില്‍ ലഭ്യമാണ്.

അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സിന്റെ ഉയരം കുറച്ച് രോഗികളെ സുഖകരമായി അകത്ത് കയറ്റാന്‍ സഹായിക്കുന്ന എയര്‍ സസ്പെന്‍ഷന്‍ സംവിധാനമാണ് ഈ ആംബുലന്‍സിലുള്ളത്. വാഹനത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മോഷന്‍ സിക്ക്‌നെസ്സ് എന്ന അവസ്ഥ തടയാനുള്ള സംവിധാനങ്ങളും വിമാനങ്ങളിലേത് പോലെയുള്ള ജംപ് സീറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മടക്കിവെക്കാവുന്ന വീല്‍ചെയറുകളും സ്ട്രക്ച്ചറുകളും ആംബുലന്‍സിന്റെ പുറത്ത് നിന്ന് തന്നെ എടുത്ത് ഉപയോഗിക്കാന്‍ കഴിയും. ആംബുലന്‍സിനുള്ളില്‍ ലഭ്യമായ വളരെ കുറഞ്ഞ സ്ഥലംപോലും അതിവിദഗ്ധമായി ഉപയോഗപ്രദമാകുന്ന രീതിയിലാണ് വാഹനം രൂപകല്‍പന ചെയ്തിട്ടുള്ളത്.

ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും എന്നതിന്റെ തെളിവാണ് ഈ ആംബുലന്‍സ് എന്ന് ആസ്റ്റര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. രാജ്യത്താദ്യമായി ഇത്തരത്തിലൊരു സ്മാര്‍ട്ട് ആംബുലന്‍സ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇനിയും ഉന്നത മേന്മയുള്ള ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി ഈ ഉദ്യമത്തില്‍ പങ്കാളികളായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. നദീം ഷാ ഹംസത് ടി.എ പറഞ്ഞു. കേരളത്തിലെ അത്യാഹിത ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ആംബുലന്‍സിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആംബുലന്‍സ് സംവിധാനങ്ങളുടെ ഭാവിയെന്താകുമെന്ന് നിര്‍ണയിക്കുന്ന ചുവടുവെപ്പാണ് ആസ്റ്റര്‍ മെഡ്സിറ്റിയും അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന പുതിയ സംവിധാനം.