അല്‍ഷിമേഴ്സ്: ഓര്‍മ്മകള്‍ മായുന്നവരെ കാക്കാനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഓര്‍മ്മയെ ബാധിക്കുന്ന അസുഖങ്ങളില്‍ ഏറ്റവും പ്രധാനവും സാധാരണവുമായ രോഗമാണ് അല്‍ഷിമേഴ്‌സ് രോഗം. 2050-ഓടുകൂടി അല്‍ഷിമേഴ്‌സ് രോഗ ബാധിതരുടെ എണ്ണം 10 കോടി കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

സാധാരണയായി 60 വയസ്സിനു മുകളില്‍ ഉള്ളവരെയാണ് ഇത് ബാധിക്കാന്‍ സാധ്യതയെങ്കിലും, 4-5% രോഗികളില്‍ ഇത് നേരത്തെ തന്നെ കണ്ടുവരുന്നുണ്ട്. ഒരിക്കല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ നാഡീകോശങ്ങളുടെ പുനരുജ്ജീവനം ബുദ്ധിമുട്ടാണ്. ഓര്‍മ്മ നഷ്ടപ്പെടുക, വിവേചന ബുദ്ധി നഷ്ടപ്പെടുക, സ്വഭാവ-പെരുമാറ്റ വ്യതിയാനങ്ങള്‍ എന്നിവയാല്‍ സവിശേഷമായ, അല്‍ഷിമേഴ്സ് രോഗ പരിചരണത്തിന് ബഹുമുഖ വൈദ്യശാസ്ത്ര സമീപനം ആവശ്യമാണ്.

ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, ആയുര്‍വേദം അല്‍ഷിമേഴ്സ് രോഗികളുടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഫലപ്രദമായ സംഭാവനകള്‍ നല്‍കുന്നു. രോഗങ്ങളോടും രോഗിയോടുമുള്ള വ്യക്തിഗത സമീപനമാണ് ആയുര്‍വേദത്തിന്റെ ശക്തികളിലൊന്ന്.

ആയുര്‍വേദ ചികിത്സകളും ജീവിത ശൈലീ നിര്‍ദേശങ്ങളും വ്യക്തിയുടെ ശാരീരിക – മാനസിക പ്രകൃതിക്കും ആരോഗ്യ ആവശ്യങ്ങള്‍ക്കും രോഗത്തിന്റെ തീവ്രതയ്ക്കും അനുസൃതമായാണ് നല്‍കുന്നത്. ഈ വ്യക്തിഗത പരിചരണത്തിലൂടെ അല്‍ഷിമേഴ്സ് രോഗികള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക ലക്ഷണങ്ങളും വെല്ലുവിളികളും നേരിടാന്‍ കഴിയും.

അല്‍ഷിമേഴ്സ് രോഗത്തിന്റെ ഘട്ടങ്ങള്‍

* പ്രീ-ക്ലിനിക്കല്‍ ഘട്ടം: പ്രവര്‍ത്തന വൈകല്യമോ ക്ലിനിക്കല്‍ ലക്ഷണങ്ങളോ ഇല്ലാതെ നേരിയ ഓര്‍മ്മക്കുറവും ആദ്യ പാത്തോളജിക്കല്‍ മാറ്റങ്ങളും ഈ ഘട്ടത്തില്‍ സംഭവിക്കുന്നു .
* പ്രാരംഭ ഘട്ടം: തുടക്കത്തില്‍ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങള്‍, ഓര്‍മ്മക്കുറവ്, ഏകാഗ്രതയില്ലായ്മ, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വിഷാദം എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
* മദ്ധ്യമ ഘട്ടം: രോഗം തലച്ചോറിലെ കോര്‍ട്ടിക്കല്‍ ഭാഗങ്ങളെ കൂടുതല്‍ ബാധിക്കുന്നു, ഇത് ഗുരുതരമായ ഓര്‍മ്മ നഷ്ടം, പരിചിതരായ ആളുകളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, മനോനിയന്ത്രണം നഷ്ടപ്പെടല്‍, വായന, എഴുത്ത്, സംസാരിക്കല്‍ എന്നിവയിലെ വെല്ലുവിളികള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
* കഠിനമായ അവസാന ഘട്ടം: ഇതില്‍ തലച്ചോറിലെ വിപുലമായ കോര്‍ട്ടിക്കല്‍ നാശം ഉള്‍പ്പെടുന്നു. ഗുരുതരമായ തലച്ചോര്‍ വൈകല്യത്താല്‍ രോഗികള്‍ കിടപ്പിലായേക്കാം, കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ, ആഹാരം കഴിക്കാനാകാതെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ഒടുവില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

അല്‍ഷിമേഴ്സ് രോഗം: ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍

വാതാധിക്യത്താല്‍ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന അപചയ വ്യാധിയായാണ് അല്‍ഷിമേഴ്‌സ് രോഗത്തെ ആയുര്‍വ്വേദം നിര്‍ണയിച്ചിരിക്കുന്നത്. മജ്ജ ധാതു, മസ്തിഷ്‌കം, മനസ്, സത്വബലം എന്നീ ഘടകങ്ങളെ പിന്തുണയ്ക്കുന്ന ചികിത്സാ രീതിയാണ് അല്‍ഷിമേഴ്‌സ് രോഗ ചികിത്സയില്‍ പിന്തുടരേണ്ടതെന്നു ആയുര്‍വേദ തത്വങ്ങള്‍ അനുശാസിക്കുന്നു.

ആയുര്‍വേദത്തിന്റെ തനതു സാദ്ധ്യതകളായ പഞ്ചകര്‍മ ശോധന ചികിത്സ, ഹെര്‍ബല്‍ മരുന്നുകളുപയോഗിച്ചുള്ള ശമന ചികിത്സ, രോഗിയുടെ പുനഃരുജ്ജീവനത്തിനായി രസായന പ്രയോഗങ്ങള്‍, സത്വബലത്തെ നല്‍കുന്ന ആചാരരീതികള്‍ എന്നിവയുടെ യഥാവസ്ഥവും സംയോജിതവുമായ ഉപയോഗം അല്‍ഷിമേഴ്‌സ് രോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ നല്‍കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ ചികിത്സകനെയും രോഗിയെയും പ്രാപ്തരാക്കുന്നു.
ആയുര്‍വേദത്തിലെ സത്വബല നിര്‍വചനങ്ങളില്‍ ധീ (ബുദ്ധി), ധൃതി (മാനസിക പ്രവര്‍ത്തനങ്ങള്‍), സ്മൃതി (ഓര്‍മ്മ) എന്നിവ ഉള്‍ക്കൊള്ളുന്നു.

മനസ്സ് കര്‍മ്മേന്ദ്രിയങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നു. അതിന്റെ കൃത്യമായ കര്‍മ്മങ്ങളില്‍ ചിന്ത, ഓര്‍മ്മ, ഏകാഗ്രത തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കും. എന്നാല്‍ ഡിമെന്‍ഷ്യ അഥവാ സ്മൃതി ഭ്രംശത്തില്‍ വാര്‍ദ്ധക്യം, പോഷകാഹാരത്തിലെ തടസ്സം, ധാതുക്ഷയം എന്നിവയാലുണ്ടാകുന്ന വാതപ്രധാനമായ ത്രിദോഷകോപം രോഗസംപ്രാപ്തിക്കു നിദാനമാകുന്നു. അല്‍ഷിമേഴ്സ് രോഗത്തിന്റെ വിവിധ ഘട്ടങ്ങളില്‍, അനുയോജ്യമായ ആയുര്‍വേദ ചികിത്സാ രീതികള്‍ ഉള്‍പ്പെടുത്തുന്നതുവഴി ഫലപ്രദമായി ചികിത്സാലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.

മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കുക:

നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയും മാനസിക പ്രക്രിയകളെയും നിയന്ത്രിക്കുന്ന വാത ദോഷത്തിന്റെ അസന്തുലിതാവസ്ഥയായാണ് ആയുര്‍വേദം, സ്മൃതി ഭ്രംശത്തെ നിര്‍ണയിക്കുന്നത്. വാതശമനം നല്‍കി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ഓര്‍മ്മശക്തി നിലനിര്‍ത്തുന്നതിനും പരമ്പരാഗതമായി ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ചില ചേരുവകളാണ് ബ്രഹ്‌മി, അശ്വഗന്ധ, ശംഖുപുഷ്പം, മഞ്ഞള്‍, വയമ്പ്, ഇരട്ടിമധുരം തുടങ്ങിയവ.

സമീപകാല ഗവേഷണഫലങ്ങള്‍ ഇവയുടെ, ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുക, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു തെളിവുകള്‍ നല്‍കിയിട്ടുണ്ട്. യഷ്ടിമധു ചൂര്‍ണം, ക്ഷീരബലതൈലം, ധാന്വന്തരം, സാരസ്വത ഘൃതം, കല്യാണക ഘൃതം, ബ്രഹ്‌മി ഘൃതം, അശ്വഗന്ധരസായനം തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ മസ്തിഷ്‌ക രോഗ ചികിത്സയില്‍ അവസ്ഥാനുസരണം ഉപയോഗിക്കുന്നവയാണ്.

പഞ്ചകര്‍മ്മ ചികിത്സ: പഞ്ചകര്‍മ്മങ്ങളില്‍ നസ്യം അഥവാ നാസികയിലൂടെ പ്രയോഗിക്കുന്ന മരുന്നുകള്‍ മസ്തിഷ്‌കസംബന്ധമായ രോഗങ്ങളില്‍ വളരെ ഫലപ്രദമാണ്. ബൃമ്ഹണ സ്വഭാവമുള്ള തൈലങ്ങള്‍, ഘൃതങ്ങള്‍, ഔഷധസ്വരസം മുതലായവ നസ്യത്തിനായുപയോഗിക്കാം. വസ്തി കര്‍മ്മം അഥവാ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള എനിമ വാതദോഷ സംബന്ധമായ ചികിത്സയില്‍ അതിപ്രധാനമാണ്. വിവിധതരം വസ്തികര്‍മങ്ങളായ കഷായ വസ്തി, സ്‌നേഹവസ്തി, ബൃമ്ഹണ വസ്തി, ക്ഷീരവസ്തി, രാജയാപന വസ്തി, തുടങ്ങിയവ അവസ്ഥാനുസരണം അല്‍ഷിമേഴ്‌സ് രോഗചികിത്സയില്‍ ഉപയോഗപ്പെടുത്താറുണ്ട്.

അഭ്യംഗം പോലുള്ള ആയുര്‍വേദ ചികിത്സാരീതികള്‍ രക്തചംക്രമണം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്സുമായി ബന്ധപ്പെട്ട ചില ശാരീരിക ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്നു. കേരളീയ ആയുര്‍വേദ ചികിത്സാ സമ്പ്രദായങ്ങളില്‍ പേരുകേട്ട ശിരോവസ്തി, ശിരോധാര, തലപൊതിച്ചില്‍, ശിരോപിചു, പിഴിച്ചില്‍ തുടങ്ങിയ ബാഹ്യഔഷധ പ്രയോഗങ്ങള്‍ യഥാവസ്ഥം പ്രയോജനപ്പെടുത്തി രോഗികളുടെ ശരിയായ ആരോഗ്യ നിലവാരം ഉറപ്പുവരുത്തുവാന്‍ ആയുര്‍വേദത്തിനു സാധിക്കും.

ഭക്ഷണക്രമവും പോഷണവും: ആയുര്‍വേദം വ്യക്തിയുടെ ദോഷ സമീകരണത്തിന് അനുയോജ്യമായ സമീകൃതാഹാരത്തിന് ഊന്നല്‍ നല്‍കുന്നു. അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക്, കുപിതമായ വാതത്തെ ശാന്തമാക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളും ഫലവര്‍ഗങ്ങളും, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും മസ്തിഷ്‌ക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കും. കൂടാതെ, എപ്പോഴും ദഹിക്കാന്‍ എളുപ്പമുള്ളതും പോഷകമൂല്യങ്ങള്‍ അടങ്ങിയതുമായ ആഹാരം രോഗികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഗുണം ചെയ്യും.

ജീവിതശൈലി പരിഷ്‌ക്കരണങ്ങള്‍: ദോഷങ്ങളെ സന്തുലിതമാക്കുന്ന ദിനചര്യകളും ജീവിത രീതികളും രോഗികളില്‍ മെച്ചപ്പെട്ട ജീവിത നിലവാരത്തിന് അടിത്തറയേകും. മാനസിക ആരോഗ്യവും വൈകാരിക സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് യോഗ, ധ്യാനം, ശരിയായ വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാകുന്നു.

വൈകാരികവും മാനസികവുമായ പിന്തുണ: രോഗിയുടെ സമഗ്രമായ ആരോഗ്യത്തില്‍ വൈകാരിക ക്ഷേമത്തിന്റെ പ്രാധാന്യം ആയുര്‍വേദം തിരിച്ചറിയുന്നു. അല്‍ഷിമേഴ്സ് രോഗികളില്‍ സാധാരണമായ ഉത്കണ്ഠയും പ്രക്ഷോഭവും നിയന്ത്രിക്കാന്‍ കൗണ്‍സലിംഗ്,യോഗ, ധ്യാനം തുടങ്ങിയവ സഹായിക്കും. സന്തോഷവും സംതൃപ്തിയും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസികവും വൈകാരികവുമായ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. ഭക്ഷണക്രമം, ജീവിതശൈലി, മാനസികാരോഗ്യം എന്നിവയോടുള്ള സമഗ്രമായ ശാസ്ത്രീയ സമീപനം രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ക്ഷേമവും ആശ്വാസവും പ്രദാനം ചെയ്യുന്നു.

എഴുത്ത്: ഡോ. ജെ ഹരീന്ദ്രൻ നായർ
ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ
പങ്കജകസ്തുരി ഹെർബെൽസ്